കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് വീണ്ടും മിസൈൽ ആക്രമണം നടത്തി റഷ്യ.സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കീവിലേക്ക് ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പരിക്കേറ്റവരിൽ ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കീവ് മേയർ അറിയിച്ചു. കീവിലെ ഹോളോസിവ്‌സ്‌കി, പോഡിൽസ്‌കി, സ്വിയാതോഷിൻസ്‌കി, ഒബോലോൺസ്‌കി എന്നീ ജില്ലകളിലാണ് ആക്രമണം നാശം വിതച്ചതെന്നും മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ പറഞ്ഞു.

റഷ്യ വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളിൽ ആറ് മിസൈലുകളും 71 ഡ്രോണുകളും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. സമാധാന ചർച്ചകൾക്കായി റഷ്യയുമായി ഭൂമി കൈമാറാൻ യുക്രെയ്ൻ തയ്യാറാകുമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിർദ്ദേശിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം. യുദ്ധം അവസാനിപ്പിക്കാൻ സഖ്യരാജ്യങ്ങളുടെ പിന്തുണ വേണമെന്നും റഷ്യ സ്വയം ആക്രമണം അവസാനിപ്പിക്കില്ലെന്നും സെലൻസ്കി പറഞ്ഞു.