- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് പരിശോധനക്കായി ആശുപത്രിയിലെത്തിയ അഭിഭാഷക; പൊടുന്നനെ ശരീരത്തിൽ സംഭവിച്ച റിയാക്ഷൻ; പിന്നാലെ ദാരുണാന്ത്യം; സംഭവം ബ്രസീലിൽ
ബ്രസീൽ: കിഡ്നി സ്റ്റോണിന് പതിവ് പരിശോധനയ്ക്കായി സിടി സ്കാൻ എടുക്കാനെത്തിയ 22 കാരിയായ യുവ അഭിഭാഷക മരിച്ചു. സ്കാനിന് ഉപയോഗിച്ച കോൺട്രാസ്റ്റ് ഏജന്റിലുണ്ടായ അലർജിയെത്തുടർന്നാണ് ദാരുണാന്ത്യം. റിയോ ഡോ സളിലുള്ള ആൾട്ടോ വെയ്ൽ റീജിയണൽ ആശുപത്രിയിലാണ് സംഭവം. ലെറ്റീഷ്യ പോൾ എന്ന യുവതിയാണ് മരണപ്പെട്ടത്.
സിടി സ്കാൻ ചെയ്യുന്നതിനിടെയാണ് യുവതിക്ക് കോൺട്രാസ്റ്റ് ഏജന്റിൽ നിന്ന് ഗുരുതരമായ അലർജി പ്രതികരണം (anaphylactic shock) ഉണ്ടായത്. ഇതിനെത്തുടർന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തൊണ്ട വീക്കം, രക്തസമ്മർദ്ദം വൻതോതിൽ കുറയുക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുതുടങ്ങി. അടിയന്തരമായി ഇൻട്യൂബേറ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ആശുപത്രി അധികൃതരുടെ വാദപ്രകാരം, സിടി സ്കാൻ നടപടിക്രമങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ചാണ് പൂർത്തിയാക്കിയത്. ശരീരത്തിനകത്തുള്ള അവയവങ്ങളുടെയും ഭാഗങ്ങളുടെയും വ്യക്തമായ ചിത്രങ്ങൾ ലഭ്യമാക്കാനാണ് സാധാരണയായി അയോഡിനേറ്റഡ് കോൺട്രാസ്റ്റ് ഡൈ ഉപയോഗിക്കുന്നത്. ഇത് സിടി സ്കാൻ, എംആർഐ, എക്സ്-റേ പോലുള്ള പരിശോധനകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, കോൺട്രാസ്റ്റ് ഡൈ പൊതുവെ സുരക്ഷിതമാണെങ്കിലും, ഏകദേശം 5,000 മുതൽ 10,000 രോഗികളിൽ ഒരാൾക്ക് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
റേഡിയോളജി, ഇമേജിംഗ് ഡയഗ്നോസ്റ്റിക്സ് സ്പെഷ്യലിസ്റ്റ് ഡോ. മറിലോ യൂജെനിയോ ഒലിവേരയുടെ അഭിപ്രായത്തിൽ, സ്കാനുകളിൽ ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഏജന്റുകൾ സാധാരണയായി സുരക്ഷിതവും ഫലപ്രദവുമാണ്. ലെറ്റീഷ്യ പോളിന്റെ മരണം വളരെ അപൂർവമായി സംഭവിക്കുന്ന ഒരു ഒറ്റപ്പെട്ട പ്രതികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.