- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകിസ്താനില്‍ മൂന്നിടത്ത് ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്: നിരവധി പേര്‍ക്ക് പരിക്ക്: മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
പാകിസ്താനില്‍ മൂന്നിടത്ത് ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ചൊവ്വഴ്ച പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. വിവിധ ഇടങ്ങളിലായി മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായത്.
ബലോചിസ്താന്‍ നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെയാണ് ക്വറ്റയില്‍ സ്ഫോടനം നടന്നത്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ പരിപാടിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. പാര്‍ട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ബലൂചിസ്താനില്‍ കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്.
ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ പാകിസ്താനിലെ അര്‍ധസൈനിക വിഭാഗത്തിലുള്‍പ്പെട്ടെ സൈനികരാണ്. സൈനിക വാഹനങ്ങളുടെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് ഇതിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്്ഫോടനം നടത്തിയത്. ബലൂചിസ്താനില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം ആറ് പാക് സൈനികരാണ് ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ബാനു സിറ്റിയിലുള്ള പാരാമിലിട്ടറി വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഒരാള്‍ ഇവിടേക്ക് ഇരച്ചുകയറി സ്ഫോടനം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ അഞ്ച് ചാവേറുകള്‍ കൂടി ആക്രമണത്താനായെത്തിയെങ്കിലും ഇവരെ പാക് സൈന്യം വധിച്ചു. ഇത്തിഹാദുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.