മോസ്‌കോ: റഷ്യയിലെ കംചത്കയില്‍ വീണ്ടും ഭൂകമ്പം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കി. ഭൂമിയുടെ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് കംചത്ക.

വീട്ടുപകരണങ്ങളും കാറുകളും കുലുങ്ങുന്ന വിഡിയോ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ജൂലൈയില്‍ 8.8 തീവ്രതയുള്ള ഭൂകമ്പം ഇവിടെയുണ്ടായിരുന്നു. റഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു.

ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സൂനാമിയും എത്തി. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകള്‍ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു.