വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനപരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ ഏജന്റ് യുവതിയെ വെടിവെച്ചു കൊന്നു. യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം. യു എസ് പൗരയായ റെനെ നിക്കോള്‍ ഗുഡ് (38) ആണു കൊല്ലപ്പെട്ടത്. യുവതി ആറു വയസ്സുള്ള തന്റെ മകനെ സ്‌കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു കൊലപ്പെട്ടത്. സംഭവത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാര്‍ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥന്‍ രണ്ടു തവണ നിറയൊഴിച്ചത്. ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. അതേസമയം റെനെയുടെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോള്‍ നഗരങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ന്യൂയോര്‍ക്ക്, ഷിക്കാഗോ, സിയാറ്റില്‍, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ആത്മരക്ഷാര്‍ഥമാണു ഓഫിസര്‍ വെടിയുതിര്‍ത്തതെന്നു ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.

അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. വീഡിയോയില്‍ മുഖംമൂടി ധരിച്ച സായുധ ഓഫിസര്‍ കാര്‍ തടഞ്ഞ് റെനിയോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതു വിഡിയോയില്‍ കാണാം. വണ്ടിയുടെ ഡോര്‍ ഹാന്‍ഡിലില്‍ ഉദ്യോഗസ്ഥന്‍ പിടിച്ചതിനു പിന്നാലെയാണ് കാര്‍ മുന്നോട്ടെടുത്തത്. വണ്ടിയുടെ മുന്നില്‍ നിന്ന ഓഫിസറാണു നിറയൊഴിച്ചത്.

മൂന്ന് കുട്ടികളുടെ അമ്മയും കവിയുമായ റെനെ, ആറു വയസ്സുള്ള മകനെ സ്‌കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം. കൊളറാഡോയില്‍ ജനിച്ച യുവതി അടുത്തിടെയാണു മിനസോട്ടയിലേക്കു താമസം മാറിയത്.