ഹോങ്കോങ്: സൂപ്പർമാർക്കറ്റുകളിലെ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിൽ ഒരു വർഷത്തോളം മൂത്രം കലർത്തിയ 63-കാരൻ അറസ്റ്റിൽ. ഫ്രാങ്ക്ലിൻ ലോ കിംഗ്-കായ് എന്നയാളാണ് ഹോങ്കോങ്ങിൽ പിടിയിലായത്. ഇയാളുടെ ഈ പ്രവൃത്തി കാരണം 9 വയസ്സുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് അസുഖബാധിതരാവുകയും ചിലർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. സൂപ്പർമാർക്കറ്റ് ജീവനക്കാരോടുള്ള പ്രതികാരമാണ് ഇയാളെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

കൊക്കകോള, സെവൻ അപ്പ് തുടങ്ങിയ ബ്രാൻഡുകളിലെ സോഫ്റ്റ് ഡ്രിങ്കുകളിലാണ് ഇയാൾ മൂത്രം കലർത്തി വിൽപനയ്ക്ക് വെച്ചിരുന്നത്. പാനീയങ്ങൾക്ക് രുചി വ്യത്യാസം പതിവാകുന്നതായി വ്യാപക പരാതി ഉയർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 9 വയസ്സുകാരനായ ഒരു കുട്ടി ഗുരുതരാവസ്ഥയിലായതും ഉൽപ്പന്നങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന സംശയമുയർത്തി. തുടർന്ന് കൂൾഡ്രിംഗ്സ് കമ്പനി തന്നെ പരിശോധന നടത്തിയപ്പോഴാണ് ഉൽപ്പന്നങ്ങളിൽ മൂത്രം കലർന്നതായി വ്യക്തമായത്.

ഹോങ്കോങ്ങിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളായ വെൽകം, പാർക്ക്എൻഷോപ്പ് എന്നിവിടങ്ങളിലെ കൂൾഡ്രിങ്കുകളിലാണ് ഫ്രാങ്ക്ലിൻ കൃത്രിമം കാണിച്ചത്. 2024 ജൂലൈ 21നും 2025 ഓഗസ്റ്റ് 6നും ഇടയിലാണ് ഇയാൾ ഈ പ്രവൃത്തികൾ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ഈ സംഭവത്തിൽ എത്ര ബോട്ടിലുകളിൽ കൃത്രിമം നടന്നു എന്ന കാര്യം കോടതി വിശദീകരിച്ചിട്ടില്ല.

വിവാഹമോചനത്തെയും സർവ്വീസിൽ നിന്നുള്ള വിരമിക്കലിനെയും തുടർന്നുണ്ടായ വിഷാദമാണ് തന്റെ കക്ഷിയെ ഈ പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് ഫ്രാങ്ക്ലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സൂപ്പർമാർക്കറ്റ് ജീവനക്കാരെ 'പ്രാങ്ക്' ചെയ്യുക മാത്രമായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഈ പ്രവൃത്തി പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്രാങ്ക്ലിൻ ലോ കിംഗ്-കായ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്ക് ജാമ്യം നിഷേധിച്ച കോടതി, കേസ് ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ ധരിച്ചിരുന്ന 'കൊക്കകോള ആസ്വദിക്കൂ' എന്നെഴുതിയ ടീ ഷർട്ട് സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. ഈ സംഭവം ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷയെയും പൊതുജനാരോഗ്യത്തെയും സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന ഒന്നാണ്.