ലണ്ടന്‍: ആഗോള തലത്തില്‍ തന്നെ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബ്രിട്ടനിലെത്തിയിരിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള അനിശ്ചിതാവസ്ഥ ഓരോ നാള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണെന്ന് ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് അവര്‍ പറഞ്ഞു. ഇത് പല രാജ്യങ്ങളെയും വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് സജീവമാക്കിയിരിക്കുകയാണ്. പഴയ ആശയാധിഷ്ടിതവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്കൊക്കെ അപ്പുറമാണ് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞൂ. ഇന്ത്യയും നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ആസ്‌ട്രേലിയ, യു എ ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഇതിനോടകം തന്നെ ഒപ്പിട്ടതായും അവര്‍ അറിയിച്ചു. ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കാനും താത്പര്യമുള്ളതായി അവര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ പുതിയ ടാരിഫ് നയവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.nirmala sitharaman in uk