ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും സഹകരണ ബന്ധങ്ങളും അവയെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതു താല്‍പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയായി. യു.എസ് -ഇറാന്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടക്കുന്നത്. സംഘര്‍ഷം പരിഹരിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കുമുള്ള ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഖത്തര്‍ പ്രധാനമന്ത്രി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുമായും കഴിഞ്ഞദിവസം ടെലിഫോണില്‍ സംഭാഷണം നടത്തി. മേഖലയിലെ സംഭവവികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി ഇന്നലെ ഈജിപ്തിന്റെ വിദേശകാര്യ, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദുല്‍അത്തിയുമായും ഫോണില്‍ സംഭാഷണം നടത്തി. പ്രാദേശിക സുരക്ഷ നിലനിര്‍ത്തുന്നതിനും സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും മേഖലയിലെ സംഘര്‍ഷവും പിരിമുറുക്കവും കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.