അബൂദബി: 350 തടവുകാരെ വിട്ടയച്ച് റഷ്യയും യുക്രൈനും. യുഎഇ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. 175 യുക്രേനിയന്‍ തടവുകാരെയും 175 റഷ്യന്‍ തടവുകാരെയുമാണ് വിട്ടയച്ചത്. ഇതോടെ യുഎഇ ഇടപെട്ട് മോചിപ്പിച്ച തടവുകാരുടെ എണ്ണം 3,233 ആയി.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായുള്ള സഹകരിച്ചതിന് യുഎഇ വിദേശകാര്യ മന്ത്രാലയം (ങീഎഅ) റഷ്യയോടും യുക്രൈനോടും നന്ദി പറഞ്ഞു.

യുക്രൈനിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും അഭയാര്‍ത്ഥികള്‍ക്കും തടവുകാര്‍ക്കും ഉണ്ടാകുന്ന മാനുഷിക ആഘാതങ്ങള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ വിജയിപ്പിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.