കയ്‌റോ: സുഡാനില്‍ നൈല്‍ നദിയില്‍ യാത്രാ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 27 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് വടക്കന്‍ നൈല്‍ നദി പ്രവിശ്യയില്‍ മുങ്ങിയതായി രാജ്യത്തെ മീഡിയല്‍ ഗ്രൂപ്പായ സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്വര്‍ക്ക് പറഞ്ഞു. 15 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായും ആറു പേര്‍ രക്ഷപെട്ടതായും സംഘം പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ കാണാതായ ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഷെന്‍ഡി പ്രദേശത്തെ തായ്ബ അല്‍-ഖവാദിനും ദൈം അല്‍-ഖറായ് പ്രദേശങ്ങള്‍ക്കും ഇടയില്‍ സഞ്ചരിക്കുന്ന ഫെറിയാണ് അപകടത്തില്‍പ്പെട്ടത്. അടിസ്ഥാന സുരക്ഷാ നടപടികളുടെ അഭാവവും, ആദ്യ മണിക്കൂറുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവില്‍ ഡിഫന്‍സ് ടീമുകളുടെയും അലംഭാവവുമാണ് അപകടത്തിന് കാരണമെന്ന് സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്വര്‍ക്ക് പറഞ്ഞു. അപകടമുണ്ടായ ഉടന്‍ തന്നെ സേവനമത്തിക്കാന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നും സംഘടന പറഞ്ഞു.

പ്രത്യേക രക്ഷാ സംഘങ്ങളെയും തിരച്ചിലിനുള്ള സംവിധാനങ്ങളെയും ഉടന്‍ അയയ്ക്കണമെന്നും ജലഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ജീവന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് ആവശ്യപ്പെട്ടു.