മോസ്‌കോ: റഷ്യയെ പ്രകമ്പനം കൊള്ളിച്ച് തുടര്‍ ഭൂചലനങ്ങള്‍. റഷ്യയുടെ കിഴക്കന്‍ തീരമായ പെട്രോപാവ്‌ലോസ്‌ക കാംചസ്‌കിയുടെ 140 കിലോമീറ്റര്‍ വിസ്തൃതിയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 മുതല്‍ 7.4 തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. കാംചസ്‌കിയുടെ തീരങ്ങളില്‍ അരമണിക്കൂറിനുള്ളില്‍ മൂന്നോളം തുടര്‍ചലനങ്ങളുണ്ടായതായി കാലാവസ്ഥ, ഭൂചലനവിഭാഗം അറിയിച്ചു.

ഏകദേശം രണ്ടുലക്ഷത്തോളം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശമാണ് കാംച്‌സ്‌കി. അഗ്‌നിപര്‍വതങ്ങളുടെ സാമീപ്യമുള്ള പ്രദേശമായതിനാലാണ് ഭൂചലനത്തിന് കാരണമാവുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെ ദുരന്തനിവാരണ മന്ത്രാലയം സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, തീരദേശ വാസികളോട് തീരത്ത് നിന്ന് മാറാനാവശ്യപ്പെട്ടു.

ഹവായ് സംസ്ഥാനത്തിനായി പ്രത്യേക സൂനാമി നിരീക്ഷണം പിന്നീട് പിന്‍വലിച്ചു. 1952 നവംബര്‍ നാലിനാണ് കാംചസ്‌കിയില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശനഷ്ടങ്ങളുണ്ടാക്കിയത് അന്ന് ഹവായിയില്‍ 9.1 മീറ്റര്‍ (30 അടി) ഉയരമുള്ള തിരമാലകള്‍ ഉയര്‍ ന്നെങ്കിലും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.