ഷാര്‍ജ: 50ലധികം രാജ്യക്കാര്‍ക്ക് മാതൃരാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനം ഓടിക്കാം. മോട്ടോര്‍സൈക്കിളുകള്‍, ലൈറ്റ് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ ഇങ്ങനെ ഓടിക്കാനാകും. യുഎഇയില്‍ താമസക്കാരല്ലാത്ത 50ലധികം രാജ്യക്കാര്‍ക്ക് അവരുടെ മാതൃരാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് വാഹനം ഓടിക്കാനുള്ള അനുമതിയാണ് ആഭ്യന്തരമന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

ഇവര്‍ക്ക് മറ്റു പരീക്ഷകള്‍ ആവശ്യമില്ല. അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഫെഡറല്‍ ട്രാഫിക് ആന്‍ഡ് റോഡ് നിയമം യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. ഒപ്പം തന്നെ സാധുവായ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശമുള്ള വര്‍ക്ക് യുഎഇയില്‍ താമസിക്കുന്ന സമയത്ത് യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ തന്നെ വാഹനം ഓടിക്കാന്‍ സാധിക്കും.

താമസ വിസ ഉള്ളവര്‍ക്ക് അവരുടെ വിദേശ ലൈസന്‍സ് യുഎഇയിലെ ലൈസന്‍സ് ആയി മാറ്റാന്‍ 6 നിബന്ധനകള്‍ ഉണ്ട്. കൈമാറ്റത്തിന് യോഗ്യതയുള്ള ഒരു രാജ്യത്തെ ലൈസന്‍സ് കയ്യില്‍ ഉണ്ടായിരിക്കണം. അപേക്ഷകന് നിയമപരമായ ഡ്രൈവിംഗ് പ്രായപരിധി ഉണ്ടായിരിക്കണം. ലൈസന്‍സ് സാധുവായിരിക്കണം. അപേക്ഷകന് ബന്ധപ്പെട്ട എമിറേറ്റില്‍ റസിഡന്‍സി വിസ അല്ലെങ്കില്‍ സ്ഥിരീകരിച്ച റസിഡന്‍ഷ്യല്‍, തൊഴില്‍ അല്ലെങ്കില്‍ പഠന വിലാസം ഉണ്ടായിരിക്കണം. നേത്ര പരിശോധനയില്‍ വിജയിക്കണം. ചില രാജ്യങ്ങളുടെ ലൈസന്‍സുകള്‍ മാറ്റുന്നതിന് ധാരണാ പത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ ലൈസന്‍സ് അധികൃതര്‍ക്ക് കൈമാറണം എന്നിവയാണ് ഈ ആറു നിബന്ധനകള്‍.

വിദേശ ഡ്രൈവിംഗ് ലൈസന്‍സിന്റെ നിയമപരമായ പരിഭാഷ, ഒറിജിനല്‍ ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവയാണ് ലൈസന്‍സ് മാറ്റുന്നതിന് ആവശ്യമായ രേഖകള്‍. ഇതിന് 600 ദിര്‍ഹം ഫീസ് ഈടാക്കും 'മുറൂര്‍ ഖൗസ്' എന്ന സംരംഭത്തിന് കീഴില്‍ മന്ത്രാലയം ഈ സേവനം അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്നുണ്ട്.