- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസുകളും കാറുകളും പലയിടങ്ങളിലും കൂട്ടിയിടിച്ചു; സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍; നിരവധി കാല്‍നടക്കാര്‍ക്ക് ഐസില്‍ തെന്നി വീണ് പരിക്കേറ്റു; ബ്രിട്ടനില്‍ ഭീകരമായ മഞ്ഞുവീഴ്ച്ച
ബസുകളും കാറുകളും പലയിടങ്ങളിലും കൂട്ടിയിടിച്ചു; സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍
ലണ്ടന്‍: മഞ്ഞുവീഴ്ച്ച കനത്തതോടെ രോഡുകളില്‍ അപകടങ്ങള്‍ പെരുകി. താപനില പലയിടങ്ങളിലും പൂജ്യത്തില്‍ താഴെ തന്നെ തുടരുമ്പോള്‍ ബ്രിട്ടീഷുകാര്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷികളാവുകയാണ്. റോഡുകളിലും നടപ്പാതകളിലും മുന്‍കരുതല്‍ എടുക്കാത്ത കൗണ്‍സിലുകള്‍ക്ക് നേരെ ജനരോഷമുയരുകയാണ്. പ്ലാറ്റ്‌ഫോമുകള്‍ എല്ലാം തന്നെ ഐസ് പാളികള്‍ കൊണ്ട് മൂടിയിരിക്കുകയാണെന്നും ഇത് ജനങ്ങള്‍ തിങ്ങിവീഴാന്‍ ഇടയാക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഐസുമൂടി മിനുസമായ പ്രതലങ്ങളില്‍ മണല്‍ പോലുള്ള വസ്തുക്കള്‍ ഇട്ട് പരുക്കന്‍ പ്രതലമാക്കിയാല്‍ ഇത്രയും അപകടങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ബെര്‍ക്ക്ഷയറില്‍ റീഡിംഗിനടുത്തു വെച്ച് എ 3290 യില്‍ ഇന്നലെ രാവിലെ എട്ടരയോടെ ഒരു ബസ്സും ഒരു കോച്ചും കൂട്ടിയിടിച്ച് ഒന്‍പത് സ്‌കൂള്‍ കുട്ടികള്‍ക്കും എട്ട് മുതിര്‍ന്നവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ 18 പേരില്‍ കോച്ച് ഡ്രൈവറും ഉള്‍പ്പെടും. റോഡിന്റെ പ്രതലം മുഴുവന്‍ ഐസ് പാളികള്‍ കൊണ്ട് പൊതിഞ്ഞു കിടന്നതാണ് അപകടത്തിന് കാരണമായത്. ഇതേ റോഡില്‍ തന്നെ കുറച്ച് സമയത്തിന് ശേഷം രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടമുണ്ടായി. അതില്‍, പക്ഷെ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ല.
ആഷ്‌ഫോര്‍ഡ് ചില്‍മിംഗ്ടണില്‍ ഐസ് ആവരണം ചെയ്ത റോഡില്‍ മറ്റൊരു സ്‌കൂള്‍ബസ്സ് തെന്നിമാറി അപകടമുണ്ടായി. അതിലും ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ല. നോട്ടിംഗ്ഹാമില്‍ ഒരു ട്രക്ക് റോഡില്‍ നിന്നും തെന്നിമാറി ഫെന്‍സിംഗില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഐസ് മൂടി മിനുസമായ പ്രതലങ്ങളില്‍ തെന്നിവീണുണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി എന്‍ എച്ച് എസ് ഇംഗ്ലണ്ടും അറിയിച്ചു. ശ്വാസ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിച്ചു വരികയാണ്.
ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മഞ്ഞിന് എതിരെയുള്ള മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. വ്യാപകമായ രീതിയില്‍ തന്നെ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും. പലയിടങ്ങളിലും ഒരടി കനത്തില്‍ വരെ മഞ്ഞുവീഴാന്‍ ഇടയുണ്ട്. മാത്രമല്ല, മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ വരെ ശക്തമായ കാറ്റ് ആഞ്ഞടിക്കുകയും ചെയ്യും. നിലവിലുള്ള മഞ്ഞ മുന്നറിയിപ്പുകള്‍ എല്ലാം തന്നെ ആംബര്‍ മുന്നറിയിപ്പുകളായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
ഗൊരേറ്റി കൊടുങ്കാറ്റ് സൈക്ലോജെനെസിസ് എന്ന പ്രതിഭാസത്തിന് വിധേയമായി ഒരു കാലാവസ്ഥാ ബോംബ് ആയി മാറിയേക്കും എന്നാണ് ചില കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ന്യൂനമര്‍ദ്ധത്തിന്റെ കേന്ദ്ര ഭാഗത്തുള്ള മര്‍ദ്ദം 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ 24 മില്ലിബാര്‍ താഴുന്ന പ്രതിഭാസമാണിത്. ഇത് മഞ്ഞുവീഴ്ചക്ക് മാത്രമല്ല, പലയിടങ്ങളിലും കനത്ത പേമാരിക്കും കാരണമാകും. ഇന്നലെ വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലെ നാനൂറോളം സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്നു.യു കെയ്ക്കും ആംസ്റ്റര്‍ഡാമിനുമിടയില്‍ വിമാനസര്‍വ്വീസുകള്‍ക്കും തടസ്സം നേരിട്ടു.




