ലണ്ടന്‍: വാന്‍ഡ്‌സ്വര്‍ത്ത് ജയിലില്‍ വെച്ച് തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ജയില്‍ ജീവനക്കാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വനിതാ ജീവനക്കരിയെ പോലീസ് അറസ്റ്റ് ചെയ്ത പോലീസ് ഇന്ന് അവരെ അക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെറ്റ് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ലിന്‍ഡ ഡി സൂസ അബ്ര്യു എന്ന വനിതയെ അറസ്റ്റ് ചെയ്തത്.

തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ബി കാറ്റഗറി ജെയിലില്‍ വെച്ച്, തന്റെ യൂണിഫോം ധരിച്ച്, പേര് വെളിപ്പെടുത്താത്ത ഒരു തടവുപുള്ളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്. സഹ തടവുകാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വീഡിയോയിലെ സംഭാഷണ ശകലങ്ങളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്. തങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ചിത്രീകരണത്തിനിടെ സഹതടവുകാരന്‍ പറയുന്നത് വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം.

ഈ സമയമത്രയും സെല്ലിലെ ഒരു മേശമേല്‍ ഇരിക്കുന്ന, ജയില്‍ ജീവനക്കാരിയുടെ റേഡിയോയിലൂടെ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള അശയവിനിമയവും വ്യക്തമായി കേള്‍ക്കാം. ഈ സംഭവം വിവാദമായതിനു തൊട്ടു പിന്നാലെ ലിന്‍ഡ ഡി സൂസ അബ്ര്യു തന്റെ ജോലി രാജിവെച്ചിരുന്നു. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് പല ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുമാണ് പുറത്തു വന്നിരിക്കുന്നത്. 2013 മുതല്‍, ജയില്‍പ്പുള്ളികളുമായി അവിഹിത ബന്ധം സ്ഥാപിച്ചതിന് ഇതുവരെ 80 ല്‍ അധികം ജയില്‍ ജീവനക്കാര്‍ക്കെതിരെ വിവിധ തരത്തിലുള്ള നടപടികള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 59 വനിതാ ജീവനക്കാരും 24 പുരുഷ ജീവനക്കാരുമാണ് നടപടികള്‍ക്ക് വിധേയരായത്. ഇതില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ളത് വടക്കന്‍ വെയ്ല്‍സിലെ എച്ച് എം പി ബ്രൂവിനാണ്. ഈ ജയില്‍ പ്രവര്‍ത്തനം ആരംഭിച്ച 2017 മുതല്‍ ഇതുവരെ 18 വനിതാ ജീവനക്കാരെയാണ് തടവുപുള്ളികളുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന് പിരിച്ചുവിട്ടിരിക്കുന്നത്.

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള, രാജ്യത്തെ ഏറ്റവും പുരാതന ജയിലുകളില്‍ ഒന്നായ എച്ച് എം പി വാന്‍ഡ്‌സ്വര്‍ത്തും ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. മുന്‍കൂട്ടി അറിയിക്കാതെയുള്ള തന്റെ സന്ദര്‍ശനത്തില്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്രിസണ്‍സ്, ചാര്‍ലി ടെയ്ലര്‍ നിരവധി ക്രമക്കേടുകളായിരുന്നു ഇവിടെ കണ്ടെത്തിയത്. 80 ശതമാനം തടവുപുള്ളികളും, ഒരാള്‍ക്കായി നിര്‍മ്മിച്ച മുറികള്‍ മറ്റുള്ളവരുമായി പങ്കിടുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല, 44 ശതമാനം തടവുപുള്ളികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നുള്ള തിരുത്തല്‍ നടപടികള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് വീഡിയോ വിവാദം ഉയര്‍ന്നിരിക്കുന്നത്.

ഓസ്‌കാര്‍ വൈല്‍ഡ് മുതല്‍ മുന്‍ ടെന്നീസ് താരം ബോറിസ് ബെക്കര്‍ വരെ അന്തേവാസികളായിരുന്ന ഈ ജയിലില്‍ നിന്നും തീവ്രവാദിയെന്ന് സംശയിക്കുന്ന ഡാനിയല്‍ ഖാലിഫ് കഴിഞ്ഞ വര്‍ഷം രക്ഷപ്പെട്ടതും ഏറെ വാര്‍ത്തയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് വരെ 1,364 തടവുകാരുണ്ടായിരുന്ന ജയിലില്‍ ഇപ്പോള്‍ 1513 തടവുകാരാണ് ഉള്ളത്. ഓരോ ആഴ്ചയിലും ഇവിടെ നിന്ന് ജീവനക്കാര്‍ക്കെതിരേയുള്ള പത്ത് കൈയ്യേറ്റ ശ്രമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.