വാഷിങ്ടണ്‍: ചൈനീസ് ഡ്രോണുകളുടെ വ്യാപനത്തില്‍ യുഎസിന് ആശങ്ക. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസില്‍ ചൈനീസ് ഡ്രോണുകള്‍ക്ക് നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തുന്ന പുതിയ നിയമങ്ങള്‍ പരിഗണിക്കുന്നതായി യു.എസ് വാണിജ്യ വകുപ്പ് അറിയിച്ചു. ചൈനീസ് ഡ്രോണുകള്‍ക്കെതിരെ നിയമങ്ങള്‍ കൈകൊള്ളാനുള്ള തീരുമാനം ജനുവരി 20ന് അധികാരമേല്‍ക്കുന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കൈകൊണ്ടേക്കും. യു.എസിലെ വാണിജ്യ ഡ്രോണ്‍ വില്‍പനയുടെ ഭൂരിഭാഗവും ചൈനയാണ് നടത്തുന്നത്.

ഡ്രോണുകളുടെ വിതരണ ശൃംഖല സംരക്ഷിക്കുന്നതിന് സാധ്യതയുള്ള നിയമങ്ങളെക്കുറിച്ച് മാര്‍ച്ച് 4നകം പൊതുജനാഭിപ്രായം തേടുന്നതായി വകുപ്പ് അറിയിച്ചു. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ഭീഷണികള്‍ നിലനില്‍ക്കെ എതിരാളികള്‍ക്ക് ഈ ഉപകരണങ്ങള്‍ വിദൂരത്തുനിന്ന് ആക്സസ് ചെയ്യാനും കൈകാര്യം ചെയ്യാനും കഴിഞ്ഞേക്കാമെന്ന് യു.എസ് വാദം.

യു.എസില്‍ നിന്നുള്ള ചൈനീസ് വാഹനങ്ങള്‍ ഫലപ്രദമായി നിരോധിക്കുന്നതുപോലുള്ള നിയന്ത്രണങ്ങള്‍ ഡ്രോണുകള്‍ക്കും ഏര്‍പ്പെടുത്തുമെന്നും ചൈനീസ്-റഷ്യന്‍ ഉപകരണങ്ങള്‍, ചിപ്പുകള്‍, സോഫ്റ്റ്വെയര്‍ എന്നിവയുള്ള ഡ്രോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞിരുന്നു. ജനുവരി 20നകം ചൈനീസ് വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും നേരത്തെ യു.എസ് അറിയിച്ചിരുന്നു.

യു.എസില്‍ പുതിയ ഡ്രോണ്‍ മോഡലുകള്‍ വില്‍ക്കുന്നതില്‍നിന്ന് ചൈന ആസ്ഥാനമായുള്ള ഡി.ജെ.ഐയെയും ഓട്ടോല്‍ റോബോട്ടിക്‌സിനെയും നിരോധിക്കുന്ന നിയമനിര്‍മാണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു.