പത്തനംതിട്ട : അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയില്‍ വീട്ടില്‍ എസ് സുധി (23) ആണ് പിടിയിലായത്.

സ്‌നേഹത്തിലായിരുന്ന പെണ്‍കുട്ടിയെ 2019 ഡിസംബര്‍ 25 ന് രാത്രിയാണ് പ്രതി ആദ്യമായി ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് 2020 നവംബറില്‍ ഇയാളുടെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ചും, രണ്ടാഴ്ചയ്ക്കുശേഷം പ്രതിയുടെ വീട്ടില്‍ വച്ചും, പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനുശേഷം 2021 ല്‍ കുട്ടിയുടെ വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു.

2023 ജൂലൈ 19 ന് അവിടെ വച്ച് വീണ്ടും പീഡനത്തിന് ഇരയാക്കി. ഈവര്‍ഷം മാര്‍ച്ചില്‍ വാടക വീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് അകന്ന് ഇയാള്‍ വീണ്ടും സ്‌നേഹം നടിച്ച് അടുത്തു കൂടുകയും, 2024 മേയ് മുതല്‍ ഓഗസ്റ്റ് 20 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തു.

ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, വനിതാ സെല്‍ എസ് ഐ കെ ആര്‍ ഷമീമോള്‍ മൊഴി രേഖപ്പെടുത്തുകയും, പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ഷിബുകുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തി പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

സംഭവം നടന്ന സ്ഥലങ്ങളില്‍ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. വൈകിട്ട് ഏഴരയോടെ ഇയാളുടെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു . തുടര്‍ന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തുകയും, മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.