- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ഏകമകന്റെ മൃതദേഹം പോലും ഒരു നോക്ക് പോലും കാണാൻ സാധിക്കാത്തത്ിന്റെ സങ്കടത്തിലാണ് കോഴിക്കോട് നിപ വൈറസ് ബാധിച്ചു മരിച്ച കുട്ടിയുടെ മാതാപിതാക്കൾ. കണ്ണംപറമ്പിലെ ശ്മശാനത്തിൽ മകനെ ആരോഗ്യപ്രവർത്തകർ ചേർന്നാണ് ഖബറടക്കിയത്. കരഞ്ഞു തളർന്ന ഭാര്യ വാഹിദയെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് ഭർത്താവ് അബൂബക്കർ.
ശനിയാഴ്ച രാത്രി വരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബൂബക്കറും വാഹിദയും. 'നിപ്പ സ്ഥിരീകരിച്ചു, നിങ്ങൾ ഐസലേഷനിൽ പോവണം. ആരുമായും സമ്പർക്കമില്ലാതെ കഴിയണം' എന്ന് രാത്രി 12 മണിയോടെയാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയ നിമിഷം. പിന്നെ ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു.
പുലർച്ചെ 4.30ന് മകന്റെ മരണവാർത്തയെത്തി. മകന്റെ മരണവാർത്ത ശരിക്കും ഈ കുടുംബത്തെ ഞെട്ടിച്ചിരിക്കുന്നത്. 'ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല'- അബൂബക്കർ പറയുന്നു. ഹാഷിമിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ അമ്മയ്ക്ക് പനി
അതേസമയം 12 വയസ്സുകാരന്റെ അമ്മയ്ക്കു നേരിയ പനി തുടങ്ങിയിട്ടുണ്ട്. ഇവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കും. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്.
സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അസാധാരണമായി ആർക്കെങ്കിലും പനി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്കു നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ചാത്തമംഗലം പാഴുർ സ്വദേശിയായ 12 വയസ്സുകാരനാണ് ഞായറാഴ്ച പുലർച്ചെ നിപ ബാധിച്ചു മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു.
കുട്ടിയെ പരിചരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ സമീപ ജില്ലകളിലടക്കം ജാഗ്രതാനിർദ്ദേശം നൽകി. രോഗത്തിന്റ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗത്തിന്റ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായും സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
കോഴിക്കോടിന് ഒരാഴ്ച്ച നിർണായകം
നിപ വൈറസ് റിപ്പോർട്ടു ചെയ്ത പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഒരാഴ്ച്ച അതീവ നിർണായകമാണ്. വൈറസ് വ്യാപനം തടഞ്ഞു നിർത്തുക എന്നതും ഉറവിടം കണ്ടെത്തുക എന്നതുമാണ് ആരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി. നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഇക്കാര്യം വ്യക്തമാക്കി.
മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാർഡുകളിലേക്ക് മാറ്റി. ഹൈ റിസ്ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. പേ വാർഡ് ബ്ലോക്കിൽ താഴെ നിലയിൽ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളിൽ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക.
ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച കുട്ടിയുടെ വീട്. ഈ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവർക്കായി സെപ്റ്റംബർ ആറിന് വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൺഫേർമേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ച ഉടൻതന്നെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. വിവിധ കമ്മിറ്റികൾ ഈ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കത്തിൽപെട്ടവർ, ചികിത്സതേടിയ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സമ്പർക്ക പട്ടിക തയ്യാറായിട്ടുണ്ട്. 188 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 18 പേർ ഹൈ റിസ്ക് സമ്പർത്തിലുള്ളവരാണ്. ആരോഗ്യപ്രവർത്തകരായ രണ്ട് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. ഒരാൾ മെഡിക്കൽ കോളജിലേയും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലേയും ജീവനക്കാരനാണ്.
കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പർക്ക പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകരേയും ഉപയോഗപ്പെടുത്തും. ആശങ്ക വേണ്ട, അതീവജാഗ്രത കർശനമായും പാലിക്കണം. കേന്ദ്രസംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. ന്യൂ ഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അധികൃതരോട് പുതിയ മോണോക്ലോണൽ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് മറുപടി ലഭിച്ചതായും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ