- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട്; 'ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ!
കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി എന്നതാണ്, നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ ജയരാജിന്റെ ചിത്രങ്ങൾ കാണാൻ പോവുമ്പോൾ, എപ്പോഴും മനസ്സിൽ കുറിക്കാറുള്ളത്. ഒന്നുകിൽ ഉഗ്രൻ പടമായിരിക്കും, അല്ലെങ്കിൽ തനി തറ. കടുംബ ചിത്രം, ആക്ഷൻ ചിത്രം, മ്യൂസിക്കൽ ത്രില്ലർ, നിലവാരമുള്ള ഫിലിം ഫെസിറ്റിവൽ ചിത്രം തുടങ്ങിയ എത് കാറ്റഗറിയിലുമുള്ള സിനിമകൾ എടുത്തയാളാണ് ജയരാജ്. മലയാളത്തിൽ ഒരു സംവിധായകനും ഈ രീതിയിലുള്ള വൈവിധ്യങ്ങളുടെ നിര അവകാശപ്പെടാനില്ല. മലയാള സിനിമയിൽ ശരിക്കും ഒരു ജയരാജ് സ്കൂൾ തന്നെയുണ്ട്.
പക്ഷേ ഒരു മിനിമം ഗ്യാരണ്ടി സൂക്ഷിക്കാൻ കഴിയില്ല എന്നതാണ് ജയരാജിന്റെ എറ്റവും വലിയ പ്രശ്നവും. കുടുംബസമേതവും, ദേശാടനവും എടുത്ത ആൾ തന്നെയാണ് ആനച്ചന്തം, അശ്വാരൂഡൻ തുടങ്ങിയവ എടുത്തത് എന്നത് പലരും വിശ്വസിക്കില്ല. ഫോർ ദ പീപ്പിൾ എന്ന ട്രെൻഡ് സെറ്റർ എടുത്തയാളാണ് പിന്നീട് ബൈ ദ പീപ്പിൾ, മിലേനിയം സ്റ്റാർസ് , ദ ട്രെയിൻ തുടങ്ങിയ ആരോചക സാധനങ്ങൾ എടുത്തത്. കളിയാട്ടവും, കണ്ണകിയുമെടുത്ത അതേ മനസ്സിൽനിന്ന് തന്നെയാണ് ഭൂലോക ദുരന്തമായ വീരം, പോലുള്ള ചിത്രങ്ങൾ അന്താരാഷ്ട്ര ഷേക്സ്പീരിയൻ അഡാപ്റ്റേഷൻ എന്ന തള്ളിൽ ഇറങ്ങി, നിർമ്മാതാവിന്റെ കോടികൾ ധൂളിയാക്കിയത്. 1990ൽ വിദ്യാരംഭം എന്ന സിനിമയിൽ തുടങ്ങിയ, മൂന്ന് പതിറ്റാണ്ടുകൊണ്ട്, ചെറുതും വലുതുമായ അമ്പതോളം ചിത്രങ്ങൾ എടുത്തിട്ടും, പകലും രാവും പോലെ വേർ തിരിഞ്ഞുനിൽക്കുന്ന നിലവാരമുള്ള ചിത്രങ്ങളാണ് ജയരാജിന് നിർമ്മിക്കാൻ കഴിയുന്നത്.
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ സെലക്ഷൻ കിട്ടിയ ജയരാജിന്റെ ' നിറയെ തത്തകളുള്ള മരം' എന്ന കാൽപ്പനിക തലക്കെട്ടുള്ള ചിത്രം കാണാൻ ഇടിച്ചു കയറുമ്പോഴുള്ള ഓർമ്മ, 2005ലെ അദ്ദേഹത്തിന്റെ 'ഒറ്റാൽ' എന്ന സിനിമയായിരുന്നു. ഐ.എഫ്.എഫ്.കെയിൽ സുവർണ്ണ ചകോരം അടക്കം അവാർഡുകൾ വാരിക്കുട്ടിയ ഒറ്റാൽ, അന്തർ ദേശീയ തലത്തിൽ നിരവധി മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട്, മലയാള സിനിമയുടെ കീർത്തി വർധിപ്പിച്ചു. എന്നാൽ ചിത്രം തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ മനസ്സിലായി, ഇത് നിറയെ തത്തയുള്ള മരമല്ല, അടിമുടി കിളിപോയ മരമാണെന്ന്! വെറും തട്ടിക്കൂട്ട് സിനിമ. സ്യൂഡോ സിനിമ എന്താണ് പഠിക്കാൻ അക്കാദമിക താൽപ്പര്യമുള്ളവർ കണ്ടുപഠിക്കേണ്ട ചിത്രം.
ഒറ്റാലിന്റെ ഒരു വികൃതമായ പതിപ്പ്
ഒരു ചക്കയിട്ട് മുയൽ ചത്താൻ അതിനനുസരിച്ച് ഒമ്പതെണ്ണം എടുക്കയെന്നത് നേരത്തെ തന്നെ ജയരാജ് നടത്താറുള്ള ഒരു കലാപരിപാടിയാണ്. ഒഥല്ലോയുടെ പുനരാഖ്യാനമായ കളിയാട്ടം ഹിറ്റായതോടെയാണ് പിന്നെയങ്ങോട്ട് ഷേക്സ്പിയർ പുനസൃഷ്ടികളായി. അതുപോലെ തന്നെ ജയരാജിന് ഒരു പാട് അവാർഡുകൾ സമ്മാനിച്ച ഒന്നാന്തരം ചിത്രമായിരുന്ന 2005ൽ ഇറങ്ങിയ ഒറ്റാൽ. എക്കാലത്തെയും മികച്ച 50 മലയാള സിനിമകൾ എടുത്താൽ, അതിൽ പരിഗണിക്കേണ്ടതെന്ന് ഈ ലേഖകനൊക്കെ കരുതുന്ന ചിത്രം. തിരുവനന്തനന്തപുരം ഐ.എഫ്.എഫ്. കെ.യിൽ ഈ ചിത്രം കണ്ട് കരഞ്ഞവർ പോലുമുണ്ട്. അപ്പോഴിതാ ഈ ഒറ്റാലിനെ വികൃതമായി അനുകരിച്ചുകൊണ്ട് ജയരാജ് എത്തിയിരിക്കയാണ്, നിറതെ തത്തകളുള്ള മരമായി.
ഒറ്റാലിനെപ്പോലെ വേമ്പനാട്ട് കായലിന്റെ കാവ്യാത്മകമായ ലാന്റ്സ്കേപ്പ് സ്ക്രീനിൽ വിടരുന്നുണ്ട് ഈ ചിത്രത്തിലും. രണ്ടിടത്തും ബാലവേല പ്രധാന ഒരു ഘടകമായുണ്ട്. പക്ഷേ ഒറ്റാലിൽ ഒരു കാര്യമുണ്ടായിരുന്നു. അതിശക്തമായ തിരക്കഥ. പക്ഷേ ഇവിടെ കഥയെന്നത് തട്ടിക്കൂട്ടാണ്. ബലക്കുറവും ചേർച്ചക്കുറവും പലയിടത്തും പ്രകടം.
കുറെ മുത്തച്്ഛന്മാർ നിറഞ്ഞ കുടുംബത്തിന്റെ അത്താണിയായ എട്ടുവയസ്സുകാരന്റെ കഥയാണ് ഇത്. അവൻ ദിവസവും യന്ത്രവത്കൃത വള്ളത്തിൽപോയി മീൻ പിടിച്ചാണ് ഈ വലിയ കുടുംബം പോറ്റുന്നത്. അവിടെ തുടങ്ങുന്നു യുക്തിരാഹിത്യവും ക്ലീഷേകളും. അങ്ങനെയിരിക്കെ ഒരു ദിവസം പൂഴക്കരയിൽവെച്ച് കാഴ്ച ശക്തിയില്ലാത്ത ഒരു വൃദ്ധനെ അവൻ കാണുന്നു. ഓർമ്മക്കുറവുമുള്ള അയാൾക്ക് വീട് എവിടെയാണെന്ന് കൃത്യമായി പറയാൻ കഴിയുന്നില്ല. നിറയെ തത്തകളുള്ള ഒരു മരത്തിന് അടുത്താണ് വീട് എന്ന് മാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയുന്നുള്ളൂ. അങ്ങനെ ഈ എട്ടുവയസ്സുകാരൻ, കാഴ്ച ശക്തിയും ഓർമ്മ ശക്തിയും നഷ്ടപ്പെട്ട ആ വൃദ്ധനെ ഒപ്പം കൂട്ടി വീട് തിരക്കി ഇറങ്ങുകയാണ്. ഒടുവിൽ ഒരിടത്ത് എത്തുമ്പോൾ തത്തകളുടെ ശബ്ദം കേൾക്കുമ്പോൾ, വയോധികൻ ഇവിടെയാണ് തന്റെ വീട് എന്നു പറയുന്നു. കുട്ടി അദ്ദേഹത്തെയും കൊണ്ട് വീട്ടിലെത്തുമ്പോൾ, 'കുറച്ചു ദൂരെ കൊണ്ട് കളഞ്ഞ് കൂടായിരുന്നോ' എന്ന സംഭാഷണമാണ്. കാര്യം മനസ്സിലായ കുട്ടി ആ വയോധികനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയാണ്. അപ്പനും, അപ്പന്റെ അപ്പനും, അതിന്റെ അപ്പനുമായി അവനുനോക്കാൻ കുറേ വയോധികൾ ഉണ്ട്. ആ ഗണത്തിലേക്ക് ഒരാൾ കൂടി. നോക്കുക, എത്ര ലോജിക്കില്ലാത്ത കഥയാണ്. ഇത് എവിടെയാണ് കേരളത്തിൽല സംഭവിക്കുക. യാതൊരു ഹോം വർക്കും ചെയ്യാതെയാണ്, ചിത്രം ഉണ്ടാക്കിയിരിക്കുന്നത് എന്ന് ചുരുക്കം.
ഫലത്തിൽ ഇത് ഒരു കേരളവിരുദ്ധ ചിത്രം
ഒറ്റാലിലെ കുട്ടിയുടെ അനാഥത്വത്തിനും അവനെ പിന്നെ ശിവകാശിയെ പടക്കമ്പനിയിലേക്ക് പഠിക്കാൻ എന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിലുമൊക്കെ കൃത്യമായി ലോജിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് ഹൃദയത്തിൽ തട്ടുന്നുമുണ്ട്. ചെക്കോവിന്റെ കഥയുടെ അഡാപ്റ്റേഷൻ ആയിരുന്നു ഒറ്റാൽ.
പക്ഷേ, നിറയെ തത്തകളുള്ള മരം നോക്കുക. കേരളത്തിൽ എവിടെയാണ് സ്കൂളിൽ തെല്ലും പോകാത്ത 8 വയസ്സുകാരൻ യന്ത്രവത്കൃത വള്ളവുമായി പോയി മൽസ്യബന്ധനം നടത്തി അവന്റെ അപ്പനെയും അപ്പന്റെ അപ്പനെയും അപ്പന്റെ അപ്പന്റെ അപ്പനെയും ചെല്ലും ചെലവും കൊടുത്ത് പോറ്റുന്നത്! എന്തൊരു വിഡ്ഡിത്തമാണ് തിരക്കഥയെന്ന് പറഞ്ഞ് എഴുതിവെച്ചിരിക്കുന്നത്. ഈ സോഷ്യൽ മീഡിയയുടെ കാലത്ത് ഇതുപോലെ ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര പെട്ടെന്ന് ആവും അവൻ വൈറൽ ആവുക. എന്തെല്ലാം സഹായങ്ങളാവും അവനെ തേടിയെത്തുക. ഹനാൻ എന്ന ഒരു പെൺകുട്ടി മീൻ വിറ്റ് ഉപജീവനം നടത്തി കോളജിൽ പോകുന്നത് വലിയ വാർത്തയായ നാടാണ് ഇതെന്ന് ഓർക്കണം. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആശാന്മാരായ മല്ലൂസിന്റെ നെഞ്ചത്ത് ഇട്ടുള്ള കുത്തായിപ്പോയി ജയരാജ് സാറെ ഇത്. ഒന്ന് ഫോൺ എടുത്ത് ചൈൽഡ് ലൈനിൽ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ ആ കുട്ടിയുടെ കാര്യത്തിൽ ഉണ്ടായിരുന്നുവെന്നാണ് സിനിമ തീർന്നപ്പോൾ ഒരു വിരുതൻ കമന്റ് ചെയ്തത്.
വേണമെങ്കിൽ ബാലവേലയെ മഹത്വവത്ക്കരിക്കുന്ന ചിത്രമായും ഇതിനെ വിലയിരുത്താം. കേരളം എന്നാൽ യാതൊരു നിയമ വ്യവസ്ഥയുമില്ലാത്ത ഒരു നാടാണെന്ന ആശയം പ്രചരിപ്പിക്കാൻ ചില സംഘപരിവാർ ഗ്രൂപ്പുകൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങിയത് എന്നതും യാദൃശ്ചികം ആണെന്നാണ് ഈ ലേഖകൻ വിശ്വസിക്കുന്നത്. കഥയിലോ, തിരക്കഥയിലോ, സംവിധാനത്തിലോ, എഡിറ്റിങ്ങിലോ, ക്യാമറയിലോ ഒന്നും യാതൊരു പുതുമയുമില്ലാത്ത ഒരു പടത്തിന്, ഇന്ത്യൻ പനോരമ സെലക്ഷൻ കിട്ടിയതും കേവലം യാദൃശ്ചികം എന്ന് കരുതാം.
മുപ്പതിലധികം വർഷമായി അൻപതോളം സിനിമകൾ ചെയ്ത് കഴിഞ്ഞ, പലവട്ടം അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഒരു സംവിധായകനാണ് ഈ കോപ്രായം കാണിച്ചുവെച്ചിരിക്കുന്ന് എന്ന് ഓർക്കണം. പ്രിയപ്പെട്ട ജയരാജ് ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നപോലെ, അങ്ങേക്ക് അങ്ങയുടെ വലിപ്പം അറിയില്ല. ഇത്രയധികം സിനിമകൾ എടുത്ത അങ്ങ് ഇനി വ്യാജ സിനിമകൾ എടുക്കാതിരിക്കുക. കൃത്യമായി ഹോം വർക്ക് ചെയ്തുള്ള ജയരാജിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.
വാൽക്കഷ്ണം: പക്ഷേ വിദേശ ഫിലം ഫെസ്റ്റിവലിലൊക്കെ പ്രദർശിപ്പിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങളുടെ കുഴപ്പം, നമ്മുടെ നാടിനെക്കുറിച്ച് വളരെ മോശം ധാരണം മറ്റുള്ളവരിൽ ഉണ്ടാക്കുന്നുവെന്നാണ്. മുമ്പ് അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളാണ് ഈ 'ദൗത്യം' നിർവഹിച്ചിരുന്നത്. കേരളം എന്നാൽ ഒരു നരച്ച, പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന, ഒരു ആത്മവശ്വാസവുമില്ലാത്ത കുറേ സ്വപ്ന ജീവികളുടെനാടാണെന്നാണ് അടൂർ ചിത്രം കണ്ടാൽ തോന്നുക. ഇത് പിന്നീട് പല വിദേശികളും എഴുതിയിട്ടുമുണ്ട്. അതുപോലെ വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി ജയരാജും ചെയ്തത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ