- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക കൊടുങ്കാറ്റിൽ ചായാൻ തയ്യാറെടുത്തു ഇന്ത്യൻ വിനിമയ നിരക്ക്; പൗണ്ടിന് വില 98ന് മുകളിൽ; ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്കു വായ്പുണ്ണ് എന്ന പോലെ വിദേശ മലയാളികൾക്ക് നാട്ടിലേക്കയ്ക്കാൻ പണം കയ്യിൽ ഇല്ലാത്ത നില; കോവിഡ് തകർത്ത ലോക വിപണിയിൽ ഇന്ത്യയ്ക്ക് പ്രവാസി വരുമാനത്തിൽ നഷ്ടമായത് 9 ശതമാനം
ലണ്ടൻ: കോവിഡിന്റെ ഒന്നാം പിറന്നാൾ ലോകമെങ്ങും ആചരിച്ചതിന്റെ പിന്നാലെ അതുണ്ടാക്കിയ സാമ്പത്തിക പൊല്ലാപ്പുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ എത്തിത്തുടങ്ങി. കോവിഡ് അതിന്റെ രൂക്ഷത വെളിപ്പെടുത്തിയപ്പോൾ മുതൽ ഇന്ത്യയിലും കേരളത്തിലും ഏറെ ആശങ്കയോടെ നോക്കിയിരുന്ന പ്രവാസി പണവരവിനെ കുറിച്ചുള്ള ഭയാശങ്കയും ഏറെക്കുറെ വ്യക്തമായ കണക്കുകളോടെ പുറത്തു വന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ഇന്ത്യക്കു ആകെ പ്രവാസി വിദേശ വരുമാന നഷ്ടം 9 ശതമാനമാണ്. കേരളത്തിന്റെ നഷ്ടം സ്വാഭാവികമായും ഇതിലും കൂടുതലായിരിക്കും. ലോക സാമ്പത്തിക വിപണി ഒന്നാകെ ആടി ഉലയുമ്പോൾ ആ കാറ്റിനൊപ്പം ചാഞ്ഞു നില്ക്കാൻ വിപണിയെ അനുവദിക്കുകയാണ് റിസർവ് ബാങ്ക് നയം എന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. രൂപയെ ആഗോള വിനിമയ വിപണിയിൽ കെട്ടിയിടാതെ നോക്കുന്ന നയത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും ദിവസമായി പ്രധാന നാണയങ്ങളായ ഡോളറിനും പൗണ്ടിനും എതിരായ വില്പനയിൽ ക്ഷീണം പ്രകടമാണ്. ഇന്നലെ വിപണി അവസാനിക്കുമ്പോൾ രൂപയുടെ പൗണ്ടുമായുള്ള വിനിമയ നിരക്ക് 98.67 എന്ന നിലയിലാണ്. ഡോളർ വിലയാകട്ടെ 73.91 ആയി ഉയർന്നിരിക്കുന്നു. യൂറോയും ഇന്ത്യയിൽ കരുത്തുകാട്ടുന്നുണ്ട്, ഒരു യൂറോ ലഭിക്കാൻ 88 രൂപയാണ് ഇന്നലെ നൽകേണ്ടി വന്നത്. ഈ നില തുടർന്നാൽ വരും ദിനങ്ങളിൽ കേന്ദ്ര ബാങ്ക് ഇടപെടലുകൾ നടത്താനും ഇടയുണ്ട്.
അതിനിടെ രൂപയ്ക്കു വിലയിടിവ് ഉണ്ടാകുമ്പോൾ പണം അയച്ചു മുതലെടുപ്പ് നടത്താറുള്ള പ്രവാസി സമൂഹം ഇത്തവണ ആകെ പ്രയാസത്തിലാണ്. പ്രധാനമായും നിക്ഷേപം നടത്താൻ ആഗ്രഹിച്ചിരുന്നവർക്കാണ് കോവിഡിന് ശേഷമുള്ള ഇന്ത്യൻ വിപണിയുടെ ഗതി എന്താകും എന്ന ആവലാതിയിൽ പണം അയക്കാൻ മടി. ആശ്രിതർക്ക് വേണ്ടി നൽകുന്ന മാസം തോറും ഉള്ള സഹായധനം ഇതുവരെ പ്രവാസി സമൂഹം കാര്യമായ മുടക്കം കൂടാതെ നൽകുന്നുണ്ട് എന്നതാണ് വലിയ അന്തരം ഇല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗൾഫിലും മറ്റും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടവും മറ്റും സംഭവിച്ചെങ്കിലും മിക്കവരും കടം വാങ്ങിയും മറ്റും പണം നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ പ്രവാസികളിൽ മറ്റു രാജ്യങ്ങളിൽ ഉള്ളവരിൽ നല്ല പങ്കും പ്രൊഫഷണലുകൾ ആയതിനാൽ ജോലി നഷ്ടം ഒരു പരിധി വരെ പിടിച്ചു നിർത്താൻ സാധിക്കുന്നുമുണ്ട്. കോവിഡിൽ തകർന്ന ജനത്തെ കരകയറ്റാൻ ഇന്ത്യൻ പ്രവാസി സമൂഹം കഷ്ടത മറന്നും പണം അയച്ചത് വഴിയാണ് ലോക വിപണിയെ പിടിച്ചു കുലുക്കിയ കോവിഡ് പ്രതിസന്ധി അതേവിധം ഇന്ത്യയിലേക്കുള്ള പണവരവിനെ ബാധിക്കാത്തതു എന്നും വ്യക്തം.
പ്രവാസികൾ ഓരോ രാജ്യത്തേക്കും അയക്കുന്ന പണത്തിൽ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തു നില്കുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. ആദ്യ അഞ്ചു രാജ്യങ്ങളിൽ ഇന്ത്യക്കു പിന്നാലെ ചൈന, മെക്സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവയും കടന്നു വരുന്നു. കോവിഡ് മഹാമാരി ഈ നിലയിൽ തന്നെ തുടർന്നാൽ അടുത്ത വർഷവും ലോക പ്രവാസി സമൂഹത്തിനു സ്വന്തം രാജ്യത്തേക്ക് കൂടുതൽ പണം അയക്കാൻ സാധികാത്ത സ്ഥിതി വിശേഷം ആയിരിക്കും എന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ അവസ്ഥ പല രാജ്യങ്ങളിലും പ്രവാസി സമൂഹത്തെ ആശ്രയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതം ദുരിതമാക്കി മാറ്റുമെന്നും ലോകബാങ്ക് വിദഗ്ധ മമത മൂർത്തി പറയുന്നു.
പ്രവാസികൾക്ക് താങ്ങായി നിന്നിരുന്ന ശക്തമായ സാമ്പത്തിക ഘടകങ്ങൾ ഒക്കെ കോവിഡിൽ പ്രതിസന്ധി നേരിടുകയാണ് എന്നാണ് ലോകബാങ്ക് വിലയിരുത്തൽ. അമേരിക്കൻ സമ്പദ് രംഗവും ഇടർച്ചയിലാണ്. ഓയിൽ വിപണി തകർച്ച നേരിടുമെന്ന് ഏറെക്കുറെ ഉറപ്പാവുകയാണ്. പല വൻശക്തികളും പിടിച്ചു നില്ക്കാൻ പ്രയാസപ്പെടുന്നു. ഇതിന്റെയെല്ലാം അനന്തരഫലം അടുത്ത വർഷം കൂടുതൽ ശക്തമായി പ്രതിഫലിക്കും. ഇതനുസരിച്ചു ലോകത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാകുന്ന സാമ്പത്തിക വ്യതിയാനം ലോകബാങ്ക് പറയുന്നത് ഇപ്രകാരമാണ്, യൂറോപ് 16 ശതമാനം, സെൻട്രൽ ഏഷ്യ എട്ടു ശതമാനം, ഈസ്റ്റ് ഏഷ്യ 11, പസഫിക് 4. മിഡിൽ ഈസ്റ്റ് , നോർത്ത് ആഫ്രിക്ക, കരീബിയൻ എട്ടു വീതം, സബ് സഹാറൻ ആഫ്രിക്ക 9, സൗത്ത് ഏഷ്യ നാലു , ലാറ്റിൻ അമേരിക്ക 0.2 ശതമാനം എന്ന നിലയിലാകും സാമ്പത്തിക ഇടർച്ച അനുഭവപ്പെടുക .
കോവിഡ് മൂലം പണം കൈമാറാൻ ഉള്ള പ്രയാസത്തിൽ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കള്ളപ്പണ വിപണി പ്രയാസത്തിൽ ആണെന്നും റിപ്പോർട്ട് തുടരുന്നു. ഏറെക്കുറെ ബാങ്കിങ് ചാനലിലൂടെ പണം കൈമാറ്റം ചെയ്യപ്പെടുന്ന രീതി ഇരു രാജ്യങ്ങളിലെയും സർക്കാരുകൾക്ക് ഗുണമായി മാറും. ഇതോടൊപ്പം ഓരോ രാജ്യങ്ങളിലും കുടിയേറ്റക്കാരുടെ എണ്ണം ഇടിയുന്നതിന്റെ സൂചനയും പ്രകടമാണ്. മിക്ക രാജ്യങ്ങളിലും കുടിയേറിയവർ മടങ്ങി എത്തുന്ന ട്രെൻഡ് ആഗോള തലത്തിൽ തന്നെ പ്രകടമായിക്കഴിഞ്ഞു. ഇതും ഭാവിയിൽ വിദേശ വരുമാനത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കു പ്രതിസന്ധി ഉയർത്തും.
കേരളമാകും ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന ആദ്യ സ്ഥലം. കാരണം ഗൾഫ് മലയാളികൾ കൂട്ടത്തോടെ മടങ്ങുന്ന ട്രെന്റ് വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകാനിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തേക്കുള്ള പണവരവിലും ശക്തമായ ഇടിവുണ്ടാകും. കേരളത്തിൽ പല പട്ടണങ്ങളിലും ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഗൾഫ് വരുമാനത്തെയാണ്. ഇവിടെയൊക്കെ ജീവിതം ഇരുൾ പരക്കാൻ പ്രവാസികളുടെ മടക്ക വരവ് പ്രധാന കാരണമാക്കും എന്നുറപ്പാണ്. എന്നാൽ ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ ഭരണ നേതൃത്വങ്ങൾ ഇനിയും മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ വിപത്തിനെ പറ്റി ഒട്ടേറെ സൂചനകൾ ഇതിനകം വാർത്തകളായി വന്നുകഴിഞ്ഞിട്ടും അതിന്റെ രൂക്ഷത വേണ്ട വിധം ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
മലപ്പുറത്തെ വെന്നിയൂർ പോലെയുള്ള സ്ഥലങ്ങൾ ഇതിനു കൃത്യമായ തെളിവായി മാറുകയാണ്. പാതി പണി തീർന്ന നിലയിൽ ഇവിടെ കാണുന്ന വീടുകൾ മടങ്ങി വന്നുകൊണ്ടിരിക്കുന്ന ഓരോ പ്രവാസിയുടെയും ജീവിത ദുരിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് സമ്മാനിക്കുന്നത്. പല കുടുംബങ്ങളും അരനൂറ്റാണ്ടോളമായി ഗൾഫ് പണത്തെ ആശ്രയിച്ചു കഴിയുന്നവരുമാണ്. തങ്ങളുടെ സ്വാപ്നഭൂമിക കൺമുന്നിൽ ഇല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോൾ ഓരോ ഗൾഫ് പ്രവാസിയും പങ്കിടുന്ന പ്രധാന വിശേഷം.
വീടുകളിൽ പങ്കിടുന്ന വിശേഷങ്ങളിൽ പലരും ഗൾഫ് പ്രതിസന്ധി മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെകിലും എത്തുന്ന പണത്തിൽ ഉള്ള വലിയ കുറവ് കാര്യങ്ങൾ നേരായ വഴിയേ അല്ല പോകുന്നത് എന്ന് നാട്ടിലുള്ളവർക്കും വ്യക്തമായ ധാരണ നൽകിക്കഴിഞ്ഞു..ഇനിയെന്ത് എന്ന ചോദ്യം ഓരോ കുടുംബത്തിലും എത്താനിരിക്കുകയാണ്. അത് വെന്നിയൂർ പോലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒതുങ്ങില്ല, ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളിലേക്കാണ് ഗൾഫിന്റെ പതനം ജീവിത സ്വപ്നങ്ങൾക്ക് മേൽ ആഘതമായി എത്താനിരിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.