- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകന്റെ വിളിയോ സന്ദേശമോ വന്ന ശേഷം മകൾ തൂങ്ങി മരിച്ചു; കാമുകന്റെ മാതാവ് കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചെന്ന് ആക്ഷേപം; പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്താതെ പത്തനംതിട്ടയിലാക്കി; ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടും പൊലീസ് ഗൗനിക്കുന്നില്ല; നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു മാതാപിതാക്കൾ
പത്തനംതിട്ട: നഴ്സിങിന് പഠിക്കുകയായിരുന്ന മകളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. റാന്നി പെരുനാട് പുതുക്കട ചെമ്പാലൂർ ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരൻ കാമുകനാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.
സ്കൂൾ കാലഘട്ടത്തിലെ സഹപാഠിയുമായി പ്രണയത്തിലായിരുന്നു മകൾ. കാമുകന്റെ വിളിയോ സന്ദേശമോ വന്ന ശേഷമാണ് മകൾ വീടിനുള്ളിൽ തൂങ്ങി മരിച്ചതെന്ന് മാതാവ് ആശ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി ഏഴോടെയാണ് അക്ഷയ വീടിനുള്ളിൽ സ്വന്തം മുറിയിൽ ജീവനൊടുക്കിയത്. ഓൺലൈൻ ക്ലാസിനായി മുറിയിൽ കയറിയ അക്ഷയയുടെ മരണം സംബന്ധിച്ച് സൂചന നൽകിയത് ഒപ്പം പഠിക്കുന്ന പെൺകുട്ടിയാണ്. ആ കുട്ടി മാതാവിനെ വിളിച്ച് അക്ഷയ കാമുകനുമായി പിണങ്ങിയെന്നും അവളെ ഒന്നു ശ്രദ്ധിക്കണമെന്നും അറിയിച്ചിരുന്നു. തൊട്ടു പിന്നാലെ മാതാവ് നോക്കുമ്പോൾ അക്ഷയയുടെ മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന അക്ഷയയുടെ അമ്മാവൻ കതക് ചവിട്ടിത്തുറന്നപ്പോൾ കുട്ടി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.
പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ അസ്വാഭാവികമായ ചില മൊബൈൽ സന്ദേശങ്ങൾ ഉള്ളതായി ബന്ധുക്കൾ സംശയം ഉയർത്തിയതിനെ പോസ്റ്റുമാർട്ടം ചെയ്യുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് പൊലീസ് ആദ്യം നിർദേശിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് മൃതദേഹം അയയ്ക്കാനുള്ള തീരുമാനം പിന്നീട് മാറ്റുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തുകയുമായിരുന്നു. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ സംശയിക്കുന്നതായി പെൺകുട്ടിയുടെ മാതാവ് ആശ ആരോപിക്കുന്നു.
തുടർന്ന് മകളുടെ സുഹൃത്തുകളിൽ ചിലരും ആത്മഹത്യയിൽ സംശയം ഉയർത്തി. പ്രണയത്തിൽ അകപ്പെട്ട മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി പിതാവ് അനൂപ് റാന്നി പെരുനാട് പൊലിസ് സ്റ്റേഷനിൽ ഫെബ്രുവരി 18 ന് പരാതി നൽകി. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പൂവത്തുംമൂട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥിയും അദ്ധ്യാപികയായിരുന്ന മാതാവും കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. പഠനത്തിലും കലാരംഗത്തും മികച്ച നിലവാരം പുലർത്തിയിരുന്ന മകൾ ബ്ലാക്ക് മെയിലിങ്ങിന് വിധേയയായതായി സംശയിക്കുന്നതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതോടെ പെൺകുട്ടിയുടെ മൊബൈൽ ഫോണും ഡയറിയും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
പരാതി സ്വീകരിച്ച പെരുനാട് പൊലിസ് തുടർനടപടികൾക്ക് മുതിരുന്നില്ലെന്ന് അനൂപ് പറയുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുന്നതുൾപ്പെടെ ശാസ്ത്രീയവും നീതിപൂർവകവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിന് മുമ്പ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാൽ മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനാകുമെന്നും പരാതിയിൽ പറയുന്നു.
പാറശാല സരസ്വതിയമ്മ കോളജ് ഓഫ് നേഴ്സിങിലെ വിദ്യാർത്ഥിനിയാണ് അക്ഷയ. മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലിസ് അന്വേഷണം നീതിപൂർവമല്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് ജി അനൂപ്, മാതാവ് ആശ ടി ഉത്തമൻ, ആക്ഷൻ കൗൺസിൽ ഭാരവാഹി ബിജു മോടിയിൽ എന്നിവർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്