പത്തനംതിട്ട: റാന്നി. മന്ദമരുതിക്കു സമീപം മാടത്തരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥികളായ മൂന്നംഗ സംഘത്തിലെ രണ്ടു പേർ ഒഴുക്കിൽപെട്ടു മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടാണ് നാടിനെ നടുക്കിയ സംഭവം. ചേത്തയ്ക്കൽ സ്വദേശികളായ അജിത് കുമാറിന്റെ മകൻ അഭിജിത് (ജിത്തു14), പിച്ചനാട്ട് പ്രസാദിന്റെ മകൻ അഭിഷേക് (ശബരി14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാരത്ത് ജിജുവിന്റെ മകൻ ദുർഗാദത്ത് (14) രക്ഷപെട്ടു.നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടു പേരെയും കരയ്ക്കെടുത്തെങ്കിലും മരിച്ചിരുന്നു.

സുഹൃത്തുക്കളും അയൽവാസികളുമായ മൂവർ സംഘം കുളിക്കാനായി ഇവിടെ എത്തിയതാണ്. പാറക്കെട്ടിന് മുകളിൽ വച്ചിരുന്ന മൊബൈൽ എടുക്കാനായി പോയി തിരിച്ചുവന്ന ദുർഗാദത്ത് കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാർ അറിഞ്ഞത്. ഒളിച്ചിരിക്കുകയാവാം എന്നു കരുതി പ്രദേശത്ത് ആദ്യം തിരഞ്ഞ ശേഷമാണ് വെള്ളക്കെട്ടിൽ രക്ഷാപ്രവർത്തനം നടത്തുവാൻ നാട്ടുകാർ തയ്യാറായത്. ഇത് രക്ഷപെടുത്താനുള്ള സാധ്യത വൈകിച്ചു. വെള്ളക്കെട്ടിൽ തെരച്ചിൽ നടത്തിയ നാട്ടുകാർ പിന്നീട് പാറയുടെ ഉള്ളിലെ ഗുഹ പോലുള്ള ഭാഗത്ത് കയർ കെട്ടിയിറങ്ങി കുട്ടികളെ കണ്ടെത്തുകയും പുറത്തെടുക്കുകയായിരുന്നു.

ജനവാസ കേന്ദ്രത്തിൽ നിന്നും കുറെ അകലെയാണ് സംഭവം നടന്ന വെള്ളച്ചാട്ടം. ഇവിടേക്ക് ദുർഘടമായ പാതയിലൂടെ കാൽനടയായി മാത്രമെ എത്തിച്ചേരാനാകു. വേനലിലും നീരൊഴുക്കും വെള്ളച്ചാട്ടവും ഉള്ളതിനാൽ നിത്യവും സന്ദർശകരെത്തുന്നിടമാണെങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. സഹപാഠികളായ മൂവർ സംഘം കുളിക്കാനെത്തി അപകടത്തിൽ പെടുകയായിരുന്നു.

വിവരമറിഞ്ഞ് റാന്നിയിൽ നിന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.മൃതദേഹങ്ങൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അഭിജിത്തിന്റെ മാതാവ് പ്രസീജ. സഹോദരൻ ആകാശ്. റാന്നി സിറ്റാഡൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്. അഭിഷേക് റാന്നി എസ്. സി. സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരി: ഗൗരി പ്രസാദ്. മാതാവ്: ടി.കെ ജയ (മക്കപ്പുഴ ഗ: ആശുപത്രിയിലെ പാലിയേറ്റീവ് നഴ്സ് )പിതാവ് പ്രസാദ് ഫയർഫോഴ്സ് കാഞ്ഞിരപ്പള്ളി യൂണിറ്റ് ഉദ്യോഗസ്ഥൻ.