മസ്‌കറ്റ്: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽപ്പെട്ട് അപകടത്തിലായ രണ്ട് ഇന്ത്യക്കാരെ സ്വന്തം ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിയായ ഷെഹ്‌സാദ് ഖാൻ സമൂഹമാധ്യമങ്ങളിൽ താരമായി. ബർക്കയിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്ന 25 വയസ്സുകാരനായ ഷെഹ്‌സാദിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ശക്തമായ ഒഴുക്കുള്ള വാദി മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു കാർ പകുതിയോളം വെള്ളത്തിൽ മുങ്ങി. കാറിനുള്ളിൽ കുടുങ്ങിയവർ സഹായത്തിനായി നിലവിളിക്കുമ്പോഴും നൂറുകണക്കിന് ആളുകൾ കരയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് കണ്ട ഷെഹ്‌സാദ് ഖാൻ ഒട്ടും ആലോചിക്കാതെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് എടുത്തുചാടി. വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന കാറിന് മുകളിൽ കയറി തന്‍റെ കാലുകൊണ്ട് ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന രണ്ട് പേരെയും പുറത്തെടുക്കുകയായിരുന്നു.

"ആ നിമിഷം അവരുടെ രാജ്യമോ മതമോ ഒന്നും ഞാൻ ചിന്തിച്ചില്ല, അപകടത്തിൽപ്പെട്ട മനുഷ്യരെ മാത്രമാണ് കണ്ടത്," ഷെഹ്‌സാദ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വാദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലും വെള്ളം കയറിയിരുന്നു.

ചുവന്ന കുർത്ത ധരിച്ച് ഷെഹ്‌സാദ് ഈ സാഹസിക രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേവലം കാഴ്ചക്കാരായി നിൽക്കാതെ ഒരാളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന ഷെഹ്‌സാദിനെ പാകിസ്ഥാൻ സോഷ്യൽ ക്ലബ്ബും വിവിധ കമ്മ്യൂണിറ്റികളും അഭിനന്ദിച്ചു. സ്ഥിതിഗതികൾ ശാന്തമായാൽ ഷെഹ്‌സാദിനെ പാകിസ്ഥാൻ എംബസി ആദരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.