- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയത് 16000 പേർ; 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമെന്ന് മൻസുഖ് മാണ്ഡവ്യ; ഓമിക്രോൺ സ്ഥിരീകരിച്ചയാൾ രാജ്യം വിട്ടതിൽ അന്വേഷണത്തിന് കർണാടക
ന്യൂഡൽഹി: ഓമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു. ഇതിൽ 18 പേർ കോവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലും കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു
ഓമിക്രോൺ ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് ഓമിക്രോണിനെ നേരിടും. കോവിഡ് രണ്ടാം തരംഗം നൽകിയ പാഠം ഓമിക്രോൺ വെല്ലുവിളിയെ നേരിടാൻ സഹായിക്കുമെന്നും മൻസുഖ് മാണ്ഡവ്യ വിവരിച്ചു.
ശാസ്ത്രലോകത്തെ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിമാരോട് നിരന്തരം വിവരങ്ങൾ ആരായുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊസിറ്റീവ് കേസുമായി സമ്പർക്കത്തിൽ വന്നവരെ 72 മണിക്കൂറിനുള്ളിൽ പരിശോധിക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒന്നിന് രാജ്യത്ത് ഓമിക്രോണ് സ്ഥിരീകരിച്ചെന്നും സംസ്ഥാനങ്ങൾക്ക് അതിന് മുൻപേ മാർഗനിർദ്ദേശങ്ങൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു.
രാജ്യത്ത് 3.46 കോടി പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നും ഇതിൽ 4.6 ലക്ഷം പേർ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയെ അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ഭീഷണിയുള്ള സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കടക്കം കർശന പരിശോധന നടത്തുന്നുണ്ട്. കോവിഡ് പോസിറ്റീവ് കേസുകൾ ജനിതക ശ്രേണീകരണത്തിനയക്കുന്നുണ്ടെന്നും രാജ്യത്ത് കർശന നിരീക്ഷണം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓമിക്രോണിന്റെ വ്യാപന തോത് പരിശോധിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് യാതൊരുവിധ വിഷയങ്ങളും മറച്ചുവെക്കാനില്ലെന്നും നിലവിൽ ഓമിക്രോൺ നേരിടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സജ്ജമാണെന്നും ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു.
ഇന്ത്യയിലും കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്നു.
അതേ സമയം ഓമിക്രോൺ (ബി 1.1.529) വകഭേദത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. എല്ലാ രാജ്യാന്തര യാത്രക്കാരേയും നിരീക്ഷിക്കണമെന്നും കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണാണ് സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച കത്തയച്ചത്.
റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കണം എന്നതായിരുന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ നൽകിയ മാർഗനിർദ്ദേശം. എന്നാൽ ഇതിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരിക്കുകയാണ്.
കോവിഡ് പരിശോധനകൾ വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ നൽകുന്ന മറ്റൊരു നിർദ്ദേശം. സമ്പർക്കത്തിലുള്ളവരെ 72 മണിക്കൂറിനുള്ളിൽ പരിശോധനക്ക് വിധേയരാക്കണം. അതോടൊപ്പം ചിലമേഖലകളിൽ കോവിഡ് വ്യാപന ക്ലസ്റ്ററുകളുണ്ടെന്ന ആശങ്കയും ആരോഗ്യമന്ത്രാലം പങ്കുവെക്കുന്നുണ്ട്. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടകത്തിൽ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി ഓമിക്രോൺ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായ ഇവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരൻ ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്.
ഓമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഐസൊലേഷന് നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യ ലാബിൽനിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതർ അറിയിച്ചിരുന്നു.
അതേ സമയം ഓമിക്രോൺ സ്ഥിരീകരിച്ച വിദേശി രാജ്യം വിട്ടതിൽ കർണാടക അന്വേഷണം പ്രഖ്യാപിച്ചു. ഓമിക്രോൺ സ്ഥിരീകരിച്ച വിദേശിയുടെ ആർടിപിസിആർ റിപ്പോർട്ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി ആർ. അശോക പറഞ്ഞു. അന്വേഷണം ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ നിരീക്ഷിക്കും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിൽ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലിൽ താമസിച്ച വിദേശി അവിടെ ചില യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ശേഷം ദുബായിലേക്ക് പോയി. രണ്ട് കോവിഡ് പരിശോധന റിപ്പോർട്ടുകളാണ് ഇയാൾക്കുണ്ടായിരുന്നത്. ഒന്ന് പോസിറ്റീവും ഒന്ന് നെഗറ്റീവും. ഇത് സംശയം ഉളവാക്കുന്നതാണ്. ലാബ് കേന്ദ്രീകരിച്ച അന്വേഷണം ഉണ്ടാകുമെന്നും ആർ.അശോക പറഞ്ഞു.
ഇതിനിടെ ഓമിക്രോണിന്റെ പശ്ചാത്തലത്തിൽ കർണാടക പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സർക്കാർ മാറ്റിവച്ചതായും റവന്യൂമന്ത്രി പറഞ്ഞു. പൂർണ്ണമായും വാക്സിൻ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഷോപ്പിങ് മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിൽ (പരമാവധി 500) മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായി ഓമിക്രോൺ സ്ഥിരീകരിച്ചവരിലൊരാളായ ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോർപറേഷൻ അറിയിച്ചിരുന്നു. നവംബർ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു.
നവംബർ 20-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഇയാൾ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഇയാളോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിറ്റേ ദിവസം സ്വകാര്യ ലാബിൽ സ്വയം പരിശേധനക്ക് വിധേയനായ ഇയാൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. തുടർന്ന് നവംബർ 20ന് അർധരാത്രി ഹോട്ടിലിൽ നിന്ന് ടാക്സി കാറിൽ വിമാനത്താവളത്തിലേക്ക് പോയ ഇയാൾ ദുബായിലേക്ക് പോകുകായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ