- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയിലുള്ളത് 15,315 കോടി രൂപ മാത്രം; പ്രഖ്യാപിച്ചത് 57,000 കോടിയുടെ പദ്ധതികളും; സർക്കാരിന് വെറും ഏഴു മാസം മാത്രം കാലാവധി നിലനിൽക്കെ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികൾക്ക് ഭരണാനുമതി പോലും നൽകാൻ കഴിയില്ല; പെരുമഴയിലൂടെയും പരസ്യ പ്രചാരണങ്ങളിലൂടെയും സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; കിഫ്ബിയുടെ പരസ്യത്തിനെതിരെ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ പേരിൽ സർക്കാർ കോടികൾ പരസ്യം നൽകുന്ന രീതിയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടെയും നാാല്് കോടി ചെലവിട്ട് പത്രങ്ങളിൽ പരസ്യം നൽകിയതിന് എതിരെയാണ് അദ്ദേഹം രംഗത്തുവന്നത്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെ നൽകിയ നാല് പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാർത്ഥ ചിത്രം പുറത്തുവന്നെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കിഫ്ബിയുടെ ഓണപരസ്യത്തിൽ 57,000 കോടി രൂപയുടെ 730 പദ്ധതികൾക്ക് അനുമതി നല്കിയെന്നു പറയുന്നു. എന്നാൽ എല്ലാ സ്രോതസുകളിൽ നിന്നുമായി 2016 മുതൽ ഇപ്പോൾ വരെ കിഫ്ബിയിൽ ലഭിച്ചത് 15,315.25 കോടി രൂപ മാത്രമാണ്. വിവിധ പദ്ധതികൾക്ക് ഇതുവരെ വിനിയോഗിച്ചത് 5957.96 കോടി രൂപയും. ഇപ്പോൾ നടന്നുവരുന്ന പ്രവർത്തികൾക്ക് എത്രകോടി വേണ്ടി വരുമെന്നു പരസ്യത്തിൽ വ്യക്തമല്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
57,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് കയ്യിലുള്ളത് 15,315 കോടി രൂപ.ബാക്കി തുക എവിടെ നിന്നു ലഭിക്കും? ഇതേനിരക്കിൽ ധനസമാഹരണം നടത്തിയാൽപോലും ഈ പദ്ധതികൾക്ക് ആവശ്യമായ പണം സമാഹരിക്കാൻ പത്തുപന്ത്രണ്ടു വർഷം വേണ്ടിവരും. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട 730 പദ്ധതികൾക്ക് എന്തു സംഭവിക്കും? പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ ധാരാളം സ്മാരകശിലകളുള്ള നാടാണു നമ്മുടേത്. ആവശ്യമായ ധനസ്രോതസ് കാണാതെ തെരഞ്ഞെടുപ്പിനെ മുൻനിർത്തി പ്രചാരണത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചതാണെന്നു വ്യക്തമായിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കിഫ്ബി പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കാൻ അനുഭവപ്പെടുന്ന അനാവശ്യമായ കാലതാമസം ഇപ്പോൾ തന്നെ വിമർശന വിധേയമാണ്. 2016ൽ പ്രഖ്യാപിച്ച മൂന്നിൽ രണ്ട് കിഫ്ബി പദ്ധതികൾക്കും ഇതുവരെ പ്രവർത്താനാനുമതി ലഭിച്ചിട്ടില്ല. തുടങ്ങിയ പ്രവർത്തികൾ ഒച്ചിഴയുംപോലെയാണ് നീങ്ങുന്നത്. സർക്കാരിന് വെറും 7 മാസം മാത്രം കാലാവധി നിലനിൽക്കെ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികൾക്ക് ഭരണാനുമതി പോലും നല്കാൻ കഴിയില്ല. വാഗ്ദാന പെരുമഴയിലൂടെയും പരസ്യപ്രചാരണങ്ങളിലൂടെയും ജനങ്ങളെ കബളിപ്പിക്കുയാണ് സർക്കാർ.
കിഫ്ബിയുടെ പ്രഖ്യാപനങ്ങളല്ലാതെ സംസ്ഥാനത്തിന്റെ ബജറ്റ് അധിഷ്ഠിതമായ മറ്റേല്ലാ വികസന പ്രവർത്തനങ്ങളും ഇപ്പോൾ സ്തംഭിച്ചു നില്ക്കുകയാണ്. വാർഷിക പദ്ധതിയും പ്ലാൻ ഫണ്ടുമൊക്കെ ആകെ തകരാറിലായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നാമമാത്രമായ ഫണ്ട് മാത്രമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നല്കിയത്. പ്ലാൻഫണ്ട് പോലും വിതരണം ചെയ്യാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾ സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടുന്നു.
കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോൾ വലിയ കടത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. യുഡിഎഫ് സർക്കാരിന്റെ അവസാനവർഷമായ 2015-16ൽ കേരളത്തിന്റെ ആകെ കടം 1,57,370.33 കോടി രൂപയായിരുന്നു. 2019-2020ൽ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 2,64,459.29 കോടി രൂപയാണ്. അഭൂതപൂർവമായ 1,06,088.96 കോടി രൂപയുടെ വർധന.
1957 മുതൽ കേരളം ഭരിച്ച എല്ലാ സർക്കാരുകളും കൂടി ഉണ്ടാക്കിയ കടം 2012-2013ൽ 1,03,560.84 കോടി രൂപ മാത്രമായിരുന്നു! അതിനേക്കാൾ കൂടിയ കടബാധ്യതയാണ് പിണറായി സർക്കാർ മാത്രം വരുത്തിവച്ചത്. ഈ സർക്കാർ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയാനാണ് എല്ലാ സാധ്യതയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണ്.
സംസ്ഥാനങ്ങൾക്ക് കടംവാങ്ങാവുന്ന പരിധി വർധിപ്പിക്കാൻ മുറവിളി കൂട്ടുന്നവർ തന്നെ ബജറ്റിതര മാർഗങ്ങളിലൂടെ നിയന്ത്രണമില്ലാത്ത രീതിയിൽ കടംകൂട്ടിവയ്ക്കുന്നത് ആശങ്കാജനകമാണ്. ധൂർത്തും അനാവശ്യചെലവുകളും കടങ്ങളും സാമ്പത്തിക സ്രോതസില്ലാത്ത പദ്ധതി പ്രഖ്യാപനങ്ങളും കേരളത്തെ വലിയ സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ