- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരും
ന്യൂഡൽഹി: കെപിസിസി പുനഃസംഘടന നിർത്തിവയ്പ്പിക്കാൻ സമ്മർദ്ദം ചെലുത്താനുറച്ച് ഗ്രൂപ്പുകൾ. ഹൈക്കമാൻഡിനെ കാണാൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി. നാളെ സോണിയാ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തും. എഐസിസി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുമെന്നാണ് വിവരം.
വിപുലമായ കെപിസിസി പുനഃസംഘടന പാടില്ല എന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. നവംബർ രണ്ടിന് ചേർന്ന കെപിസിസി നേതൃയോഗത്തിൽ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദ്ദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. എന്നാൽ കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ ഇത് തള്ളിയിരുന്നു. അതായത് ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കനത്ത സമ്മർദവുമായി ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയിരിക്കുന്നത്.
നാളെ സോണിയാ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തും. എ.ഐ.സി.സി. ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കെപിസിസി. പുനഃസംഘടന വിപുലമായ തരത്തിൽ പാടില്ലെന്ന കാര്യമാകും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കുക. നിലവിൽ മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക. സ്വാഭാവികമായും എ.ഐ.സി.സി. തലത്തിലേക്ക് തിരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. കെപിസിസി. അധ്യക്ഷനെ ഉൾപ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽത്തന്നെ നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മൻ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.
കെപിസിസി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടക്കാൻ പോവുകയാണ് കെപിസിസി. ഇത് തടയണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കും. കുറച്ചുനാൾ മുൻപ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള നിർദ്ദേശമോ അറിയിപ്പോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പുനഃസംഘടന നിർത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.
എന്നാൽ ഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം നിന്നു കൊടുക്കാൻ കെ സുധാകരൻ തയ്യാറല്ല. ദേശീയ തലത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ പുനഃസംഘടന നടത്തുന്നത് തടയാൻ ഗ്രൂപ്പു മാനേജർമാർ അരയും തലയും മുറുക്കി രംഗത്തുവരുന്നുണ്ടെങ്കിലും കെസി വേണുഗോപാലിനെ ഉപയോഗിച്ച് സുധാകരൻ ആ നീക്കത്തെ തടയാൻ ശ്രമിക്കുകയാണ്..
കോൺഗ്രസ് പുനഃസംഘടനയുമായും യൂണിറ്റ് കമ്മിറ്റികളുടെ രൂപവത്കരണവുമായും മുന്നോട്ടുപോകാൻ കെപിസിസി. നിർവാഹകസമിതി യോഗം തീരുമാനിച്ചിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നാമനിർദ്ദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പുനഃസംഘടന വേണ്ടെന്ന വാദമാണ് ഗ്രൂപ്പുകൾ ഇപ്പോൾ ഉയർത്തുന്നത്. ഇപ്പോൾ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നത് പ്രവർത്തകരുടെ പിന്തുണയുള്ളവർ സ്ഥാനങ്ങളിലേക്ക് വരുന്നതിന് തടസ്സമാകും എന്ന വാദമാണ് ഗ്രൂപ്പുകൾക്ക്.
പുനഃസംഘടനയ്ക്കെതിരെ വിശാല കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നായിരുന്നു യോഗത്തിലുണ്ടായ ധാരണ. ഇത്തരമൊരു സാഹചര്യത്തിലാണ് പുനഃസംഘടന നിർത്തി വയ്ക്കാൻ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിലെത്തിയത്.