തിരുവനന്തപുരം: അഞ്ചുവർഷത്തെ എൽ.ഡി.എഫ് സർക്കാറിന്റെയും അതിന് മുമ്പുള്ള യു.ഡി.എഫ് സർക്കാറിന്റെയും വികസന ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോൾ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതെന്ന് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ ഇത്തവണ രേഖകൾ സഹിതമാണ് അദ്ദേഹം ഫേസബുക്കിൽ പോസ്റ്റിട്ടത്.

ഉമ്മൻ ചാണ്ടി ഉയർത്തിയ വാദഗതികൾ പലതും വസ്തുതകൾക്ക് നിരക്കാത്തതും വസ്തുതകൾ മറച്ചുവെക്കുന്നതുമായതിനാൽ യഥാർഥ വസ്തുത ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി വെക്കുകയാണെന്ന് കാണിച്ച് പിണറായി വിജയൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഉമ്മൻ ചാണ്ടി രേഖകൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ. അഞ്ചുവർഷത്തെ എൽ.ഡി.എഫ് സർക്കാറിന്റെയും അതിന് മുമ്പുള്ള യു.ഡി.എഫ് സർക്കാറിന്റെയും വികസന ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോൾ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അതുകൊണ്ട് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിടുകയണ്. അവ സംസാരിക്കട്ടെ.

ക്ഷേമപെൻഷൻ

സാമൂഹിക നീതി വകുപ്പ് ക്ഷേമപെൻഷനുകൾ 5 സ്ലാബുകളിലായി 1100 രൂപ വരെയാക്കിയ 2014 സെപ്റ്റംബർ 10ലെ ഉത്തരവും വാർധക്യകാല പെൻഷൻ 1500 രൂപവരെയാക്കിയ 2016 മാർച്ച് ഒന്നിലെ ഉത്തരവും ഇതോടൊപ്പമുണ്ട്. യുഡിഎഫ് 600 രൂപയാണ് പെൻഷൻ നൽകിയതെന്ന പ്രചാരണം ഇനിയെങ്കിലും നിർത്തുമല്ലോ.

പെൻഷൻ മുടക്കി

പെൻഷൻ മുടങ്ങിയതു സംബന്ധിച്ച് നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് 26.4.2017ൽ നൽകിയ മറുപടി ഇതോടൊപ്പം. ഇതനുസരിച്ച് 2014 നവം, ഡിസം, ജനു എന്നീ 3 മാസങ്ങളിലാണ് പെൻഷൻ മുടങ്ങിയത്. 2015 ഫെബ്രു മുതൽ പെൻഷൻ ബാങ്കിലേക്കു മാറ്റി. നേരത്തെ മണിഓർഡർ വഴി പെൻഷൻ വഴി വിതരണം ചെയ്തപ്പോൾ വലിയ കമീഷൻ തുക വേണ്ടി വന്നതിനാലാണിത്.

സാങ്കേതിക കാരണങ്ങളാൽ വിതരണം ചെയ്ത പെൻഷൻ തുക ലഭിക്കാതെ വന്നിട്ടുണ്ട് എന്നാണ് മന്ത്രി ഇതിൽ പറയുന്നത്. സാങ്കേതിക കാരണങ്ങളെക്കാൾ രാഷ്ട്രീയകാരണങ്ങളായിരുന്നു. സഹകരണ ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥർ മനഃപൂർവം പെൻഷൻ തുക വിതരണം ചെയ്തില്ല. 2016 ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ നൽകാൻ 246 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഇതോടൊപ്പം.

സൗജന്യ അരി

കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന അരി യു.ഡി.എഫ് അതുപോലെ ആളുകൾക്ക് നൽകിയപ്പോൾ എൽ.ഡി.എഫ് ബി.പി.എല്ലുകാരിൽ നിന്ന് രണ്ടു രൂപയും എ.പി.എല്ലുകാരിൽ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വർഷത്തിൽ മൂന്ന് തവണ നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് നിർത്തലാക്കി.

മെഡിക്കൽ കോളജ്

കോവിഡ് ബാധിച്ച് 4658 പേരാണ് കേരളത്തിൽ ഇതുവരെ മരിച്ചത്. യു.ഡി.എഫ് സർക്കാർ ആവിഷ്‌കരിച്ച 16 മെഡിക്കൽ കോളജുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മരണം ഉണ്ടാകില്ലായിരുന്നു. യു.ഡി.എഫ് മെഡിക്കൽ കോളജുകളുടെ ബോർഡ് മാറ്റുക മാത്രമല്ല ചെയ്തത്. തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് എല്ലാ ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുകയും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് വേണ്ടെന്നുവെച്ചത്.

ഇടുക്കി മെഡിക്കൽ കോളജിൽ 100 വിദ്യാർത്ഥികളെ അഡ്‌മിറ്റ് ചെയ്ത് ക്ലാസ് തുടങ്ങിയിട്ടാണു ഉപേക്ഷിച്ചത്. കോന്നി, കാസർകോട്, ഹരിപ്പാട് എന്നീ മെഡിക്കൽ കോളജുകൾക്ക് തടസം സൃഷ്ടിച്ചു. ഭരണം തീരാറായപ്പോഴാണ് വയനാട് മെഡിക്കൽ കോളജിന് അനക്കംവച്ചത്. കേരളത്തിന് സർക്കാർ നിരക്കിലുള്ള 2500 എം.ബി.ബി.എസ് സീറ്റ് നഷ്ടപ്പെട്ടു.

കാരുണ്യ പദ്ധതി

മാണി സാർ ഹൃദയത്തോടു ചേർത്തുപിടിച്ച കാരുണ്യ പദ്ധതിയ ഇല്ലാതാക്കിയതിനെക്കുറിച്ച് പ്രതികരിച്ചില്ല. യു.ഡി.എഫ് അത് പുനരാരംഭിക്കും.

ആരോഗ്യകിരണം

ആരോഗ്യകിരണം, സമാശ്വാസം, സ്നേഹസ്പർശം, സ്നേഹപൂർവം, വികെയർ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്നി രോഗികൾ, ഡയാലിസിസ് നടത്തുന്നവർ, ഹീമോഫീലിയ രോഗികൾ, അരിവാൾ രോഗികൾ, പൂർണ ശയ്യാവലംബരായവർ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് ഒരു വർഷത്തിലധികം ധനസഹായം നിലച്ചതിനെക്കുറിച്ച് മിണ്ടാട്ടമില്ല.

രാഷ്ട്രീയ കൊലപാതകം

രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകരുതെന്ന ഇടത് നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അരുംകൊലകൾ നടത്തിയെന്നു മാത്രമല്ല, കൊലയാളികളെ സംരക്ഷിക്കാൻ രണ്ടു കോടിയിലധികം രൂപ ഖജനാവിൽ നിന്നു ചെലവഴിക്കുകയും ചെയ്തു.

പി.എസ്.സി നിയമനം

യു.ഡി.എഫിന്റെ പി.എസ്.സി നിയമനം 1, 50,353 ആണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ 2021 ജനു 12ന് നിയമസഭയിൽ നല്കിയ മറുപടി 1,54,386 ആണ്. (രേഖ ഇതോടൊപ്പം). എൽ.ഡി.ഫ് പി.എസ്.സി അഡൈ്വസിനെക്കുറിച്ചാണ് പറയുന്നത്. ഒരാൾക്ക് നിരവധി അഡൈ്വസ് കിട്ടാൻ സാധ്യതയുള്ളതിനാൽ അത് നിയമനമായി കൂട്ടാൻ പറ്റില്ല.

റബർ സബ്സിഡി

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ട് യു.ഡി.എഫ് സർക്കാർ 2015ലാണ് നടപ്പാക്കിയത്. പദ്ധതി ഇടതുസർക്കാർ തുടരുകയും ചെയ്തു. സ്വഭാവികമായും കുടുതൽ തുക അനുവദിച്ചു. എന്നാൽ, യു.ഡി.എഫ് നടപ്പാക്കിയപ്പോൾ റബർ വില വെറും 80 രൂപയായിരുന്നു. അതുകൊണ്ട് 70 രൂപ വരെ സബ്സിഡി നൽകി. റബറിന് ഇപ്പോൾ 170 രൂപ വിലയുണ്ട്. അഞ്ച് രൂപ സബ്സിഡി നൽകിയാൽ മതി.

വൻകിട പദ്ധതികൾ

വൻകിട പദ്ധതികളുടെ നീണ്ട പട്ടികയിൽ ഒരെണ്ണമെങ്കിലും ഇടത് സർക്കാറിന്റേതായി ഉണ്ടോ യു.ഡി.എഫ് സർക്കാറിന്റെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ഭാഗ്യം സിദ്ധിച്ച ഗവൺമെന്റാണിത്.

ബാറുകൾ പൂട്ടി

മദ്യത്തിനെതിരെയുള്ള ശക്തമായ ബോധവത്കരണം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് 29 ബാറുകൾ ഉണ്ടായിരുന്നതിൽനിന്ന് 605ൽ ആയി കുതിച്ചുയർന്നത്. ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങൾ 306ൽ നിന്ന് 1298 ആയതും.

ശബരിമല

ശബരിമലയിൽ യുവതീപ്രവേശം സംബന്ധിച്ച് കേസ് സുപ്രീംകോടതിയിൽ ആയതിനാൽ അഭിപ്രായം പറയുന്നത് വിശ്വാസികളുടെ മനസ്സ് ഇളക്കും എന്നാണ് മറുപടി. യുവതീപ്രവേശത്തെ അനുകൂലിച്ച് ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. അതുമാത്രം വ്യക്തമാക്കിയാൽ മതി.

സാമ്പത്തിക വളർച്ചാ നിരക്ക്

സാമ്പത്തിക വളർച്ചാ നിരക്ക് യു.ഡി.എഫ് 6.42%ഉം എൽ.ഡി.എഫ് 5.28% ഉം ആണെന്നുള്ളതിന് സ്രോതസ് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. സാമ്പത്തിക അവലോകന റിപ്പോർട്ടുകളിൽനിന്ന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനം എടുത്തിട്ട് ഓരോ വർഷത്തെയും വളർച്ചാനിരക്ക് കണ്ടെത്തി അഞ്ച് കൊണ്ട് ഹരിച്ചാൽ ഈ കണക്കുകിട്ടും. സി.എ.ജി ഉപയോഗിക്കുന്ന അതേ ഫോർമുല ഉപയോഗിച്ചാണ് ഈ കണക്ക് കണ്ടെത്തിയത്. വിശ്വാസികളെ ചവിട്ടിമെതിച്ചതും യുവതീയുവാക്കൾ മുട്ടിലിഴഞ്ഞതും കൊലക്കത്തികൾ ഉയർന്നു താഴ്ന്നതും നീതിനിഷേധിക്കപ്പെട്ട അമ്മമാർ നിലവിളച്ചതുമൊക്കെ കേരളം കണ്ടതാണ്. സത്യമേവ ജയതേ!