- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാവ സിമ്പിളാണ്, പക്ഷേ പവർ ഫുള്ളും! കഥയിലും അവതരത്തിലുമൊക്കെ ഗംഭീര മികവ് പുലർത്തി 'ഓപ്പറേഷൻ ജാവ'; നവാഗത സംവിധായകൻ തരുൺ മൂർത്തി തിരമലയാളം കാത്തിരുന്ന പ്രതിഭ; കൃത്യമായ രാഷ്ട്രീയവും ചിത്രം ഉയർത്തുന്നു; താരങ്ങളില്ലാതെയും നിങ്ങൾക്ക് ഹിറ്റുണ്ടാക്കാം; ഈ വർഷത്തെ ലക്ഷണമൊത്ത ത്രില്ലർ ജാവ തന്നെ
'കൈതി' അടക്കമുള്ള തമിഴ് സിനിമകൾ കാണുമ്പോൾ ഈ ലേഖകൻ ഓർക്കാറുണ്ട്. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പോലും കഴിയാത്ത രീതിയിൽ എന്നാണ് നമുക്ക് ഒരു മലയാള സിനിമ കാണാൻ കഴിയുകയെന്ന്. ഇടക്ക് മൊബൈലിൽ നോക്കാൻ പോയിട്ട്, ശ്വാസം വിടാൻ പോലും പ്രേക്ഷകനെ അനുവദിക്കാത്ത രീതിയിലുള്ള ഒരു ത്രില്ലർ എടുക്കാനും മലയാളത്തിൽ ഒടുവിൽ ആളുകൾ ഉണ്ടായി. അതാണ് ഓപ്പറേഷൻ ജാവ എന്ന കഴിഞ്ഞ ആഴ്ച ഇറങ്ങിയ ചിത്രം. പുതുമുഖ സംവിധായകനായ തരുൺമൂർത്തി മലയാളം കാത്തിരിക്കുന്ന പ്രതിഭയാണ്. ഒരു സെക്കൻഡുപോലും ബോറടിപ്പിക്കാതെയാണ് വലിയൊരു കഥാമണ്ഡലത്തെ ഇയാൾ ചലിപ്പിക്കുന്നത്. 'ആക്ഷൻ ഹീറോ ബിജുവിലെന്നപോലെ' വ്യത്യസ്തമായ കഥകൾ ചേർത്ത് സൈബർ പൊലീസിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലൂടെ നമ്മുടെ കൺമുന്നിൽ നാം അറിയാതെ ജീവിക്കുന്ന ഒരു വലിയ അധോലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ആദ്യ ദിവസങ്ങളിൽ തന്നെ റിലീസ് സിനിമകൾ കാണുന്ന ദുശ്ശീലം ഉണ്ടായിരുന്നിട്ടും മിസ്സായിപ്പോയ ഒരു സിനിമയാണ് ഓപ്പറേഷൻ ജാവ.. ന്യൂജൻ സിനിമകൾ എന്ന പേരിൽ പടച്ചുവിടുന്ന പേക്കൂത്തുകൾ കണ്ട് നിരവധി തവണ കാശുപോയതിന്റെ മൂൻ അനുഭവം തന്നെ കാരണം. പക്ഷേ ഒന്നുനോക്കുക, മുൻ നിരയിലെ അറിയപ്പെടുന്ന ഒരു നായകനും നായികയും ഇല്ലാതിരുന്നിട്ടും ഈ ചിത്രത്തിന് ആളുകൂടുകയാണ്. കഥയും സംവധാനവും തന്നെയാണ് സിനിമയിലെ ഹീറോകൾ എന്ന് ഈ ചിത്രം ഒരിക്കൽകൂടി തെളിയിക്കുന്നു. ചിത്രത്തിന്റെ ഓഡിഷനിൽ നിന്നു പുറത്താക്കപ്പെട്ടവർക്കു ടൈറ്റിൽ കാർഡിൽ നന്ദി പറയുന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. അതുപോലെ താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങളും അതുവഴിയുള്ള സമകാലീന രാഷ്ട്രീയവും ഈ ചിത്രം കൃത്യമായി ചർച്ച ചെയ്യുന്നു.
സൈബർ അധോലോകത്തേക്കുള്ള ക്ഷണക്കത്ത്
ആധുനികാലത്ത് മാന്വൽ തട്ടിപ്പിനേക്കാൾ കൂടുതൽ സൈബർ തട്ടിപ്പുകളാണ് എവിടെയും. അക്കൗണ്ടിൽ നിന്ന് കാശുപോയവർ തൊട്ട് ഓൺലൈനിൽ ഐഫോണിന് ഓർഡൻ നൽകിയിട്ട് സോപ്പുപെട്ടി കിട്ടുന്നത് തൊട്ടുള്ള നൂറായിരം സൈബർ തട്ടിപ്പുകൾ നാം ദിവസനയെന്നോണും കാണുന്നു. ഈ ആധുനിക അധോലോകത്തിലേക്കാണ് തരുൺ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സൈബർ സെൽ എന്നു കേട്ടുകേൾവി മാത്രമുള്ളവരുണ്ട്, അവിടെ എന്ത് നടക്കുന്നു എങ്ങനെയാണ് കുറ്റവാളികളെ പിടികൂടുന്നത് എന്നതിനെപറ്റി ആർക്കും വലിയ പിടി ഇല്ല. ഓപ്പറേഷൻ ജാവ ആ ഓപ്പറേഷന്റെ കഥയാണ് പറയുന്നത്. 'ജാവ' അതിലൊരു ഓപ്പറേഷൻ മാത്രം.
ബിടെക്ക് കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന ആന്റണിയും ( ബാലു വർഗീസ്) വിനയദാസനുമാണ് (ലുക്ക്മാൻ) ഈ 'ഓപ്പറേഷനിലെ' പ്രധാനതാരങ്ങൾ. 2015ൽ പുറത്തിറങ്ങിയ പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർന്ന വിവാദത്തിൽ കേരള പൊലീസിന്റെ സൈബർ സെല്ലിനെ സഹായിക്കുന്ന നിർണായ തെളിവു നൽകുന്നതോടെ ആന്റണിയും വിനയദാസനും അവരുടെ ഒരു ഭാഗമാകുന്നു. അവിടെ നിന്നും ആരംഭിക്കുന്ന കഥ പിന്നീട് ഓൺലൈൻ തട്ടിപ്പ്, വ്യക്തി വിവരം ചോർത്തൽ, വിദേശത്ത് ജോലി തട്ടിപ്പ്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിലൂടെ കടന്നുപോകുന്നു.
മഴയുള്ള രാത്രി. കേസന്വേഷണത്തിന്റെ ഭാഗമായി ഒരു ബസ് സ്റ്റോപ്പിലിരിക്കുന്ന രണ്ടു പൊലീസുകാർ. തന്റെ കോളുകൾ അറ്റന്റ് ചെയ്യാതെ താൻ വാങ്ങിക്കൊടുത്ത ഫോണിൽ രാത്രി വൈകിയും ഓൺലൈനിൽ തുടരുന്ന ഭാര്യയെ ചീത്ത വിളിക്കുന്ന പൊലീസുകാരൻ. സ്വന്തം ഭാര്യയെ ഇങ്ങനെ ചീത്ത വിളിക്കരുതെന്ന് ഒപ്പമുള്ള പൊലീസുകാരൻ പറയുമ്പോൾ ആരുടെ ഭാര്യ. ആരുടേയോ ഭാര്യയാണിതെന്ന് മറുപടി. പോൺ വീഡിയോകൾ ഫോണിലൂടെ കൈമാറ്റം ചെയ്യുന്ന പൊലീസുകാരിൽ തുടങ്ങി ഇത്തരം വീഡിയോകൾ കാരണം ജീവിതം തന്നെ തകർന്ന നിസ്സഹായരായ മനുഷ്യരിലേക്കുൾപ്പെടെ സഞ്ചരിക്കുകയാണ് ഓപ്പറേഷൻ ജാവ.
ബാലു വർഗസീന്റെ കരിയർ ബെസ്റ്റ്
അഞ്ചാം പാതിര പോലെ ഒരു കുറ്റവാളിയുടെ പിന്നാലെയുള്ള യാത്രയല്ല. ചിതറിക്കിടക്കുന്ന കുറേ സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള യാത്രയാണിത്. നേർക്കുനേർ മുന്നിലെത്തുന്ന ശത്രുക്കളെ മാത്രമല്ല സൈബറിടത്തിൽ എവിടെയോ ഒളിച്ചിരുന്ന് നമ്മുടെയെല്ലാം ജീവിതം തകർക്കുന്ന ഒരുപാട് കുറ്റവാളികളിലേക്കുള്ള യാത്രയാണ് ഈ സിനിമ. ഫായിസ് സിദ്ദിഖിന്റെ ക്യാമറയും ജേക്സ് ബിജോയുടെ ബിജിഎമ്മും നിഷാദ് യൂസുഫിന്റെ എഡിറ്റിംഗും എല്ലാറ്റിനും മുകളിൽ തരുൺ മൂർത്തിയുടെ സംവിധാന സ്പർശവും ചേരുമ്പോൾ കോവിഡ് കാലത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിൽ ഏറെ മുമ്പിൽ നിൽക്കുന്ന ഓപ്പറേഷൻ ജാവ. കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബാലു വർഗിസും ലുക്മാനും അസാധാരണമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി നേടുന്നു. സൈബർ വിംഗിലെ ഉദ്യോഗസ്ഥരായ ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടർ എന്നിവരും കിടിലൻ പ്രകടനം കൊണ്ട് ജാവയ്ക്ക് കരുത്താവുന്നു. അധികം ദൈർഘ്യമില്ലെങ്കിലും വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയണം.
ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ജേക്സ് ബിജോയ്യുടെ പശ്ചാത്തലസംഗീതം സിനിമയുടെ ഡാർക് മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. വിഷ്ണു, ശ്രീ ശങ്കർ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
ഈ ചിത്രം കൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായിരിക്കുന്നത് ബാലുവർഗീസ് എന്ന ചളി കോമഡിയിൽ തളച്ചിട്ടുപോയ യുവ നടനു തന്നെയാണ്. ചങ്ക്സ് എന്ന കൂതറപ്പടത്തിലൊക്കെ മാകസിമം വെറുപ്പിച്ച ഈ നടനിൽ ഇത്രയും നല്ല അഭിനേതാവ് ഒളിച്ചു കിടക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്്. അതുപോലെ തന്നെ 'ഉണ്ട'യിലൊക്കെ ശ്രദ്ധേയമായ പ്രകടനം കാഴചവെച്ച ലുക്മാന്റെ ബോഡി ലാഗ്വേജും വേറിട്ടതാണ്. അപകർഷതാബാധവും ദാരിദ്രവും ചാലിച്ചെടുത്ത ക്ലൈമാക്സിലെ ഒരു ചിരി ലുക്മാനെ മലയാള ചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തും. ഹാസ്യ നടനായി പേരെടുത്ത നടൻ പപ്പുവിന്റെ മകൻ ബിനു പപ്പു, പതിവുപോലെ ഒട്ടും ഹാസ്യമില്ലാതെ കൃത്യമായി അഭിനയിച്ച് തകർക്കുന്നു. ഉള്ള സീനുകളിൽ സൂപ്പർ പെർഫോമൻസാണ് ഇർഷാദും ഷൈൻ ടോം ചാക്കോയും.
സ്ത്രീകളെ വഞ്ചകികൾ ആക്കുന്ന പുരുഷ കാഴ്ചകൾ
ഇങ്ങനെയൊക്കെ ആണെങ്കിലും പരുഷ ഓഡിയൻസിനെ തൃപ്തിപ്പെടുത്താനായി സ്ത്രീകൾ തേപ്പുകാരികളാണെന്ന ധാരണ ആവർത്തിക്കുന്നത്, ആധുനികതക്ക് നിരക്കാത്തതായിപ്പോയി. ആദ്യ സീനിൽ പൊലീസുകാരൻ ഫോണിൽ വിളിക്കുന്ന സത്രീയിൽ മുതൽ അവസാനം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന കാറിലെത്തുന്ന സത്രീയിൽ വരെ സിനിമ ഉയർത്തിക്കാണിക്കുന്ന ഒരു പൊതു സ്വഭാവ സവിശേഷത സ്ത്രീയുടെ വഞ്ചനയാണ്. ആദ്യ ഭാഗത്ത് കേസുകെട്ടാണെന്ന് പറഞ്ഞാണ് പൊലീസുകാരൻ താൻ രാത്രി രണ്ട് മണിക്ക് വിളിച്ച് ശല്യപ്പെടുത്തുന്ന സ്ത്രീയെ പരിചയപ്പെടുത്തുന്നത്. തൊട്ടുമുൻപ് ഭാര്യമാരോട് ഇങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന മറ്റൊരു പൊലീസുകാരനും പിന്നീട് ആ സംഭാഷണം മുഴുവൻ തമാശയായി പോകുന്നതും ചിത്രത്തിൽ കാണാം.
അടുത്ത സ്ത്രീ കഥാപാത്രം പ്രേമം സിനിമയുടെ പൈറസിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന അഞ്ജലി എന്ന സ്കൂൾ വിദ്യാർത്ഥിനിയാണ്. ഈ കുട്ടിയും ഒരു കാമുകനെ ചതിക്കുന്നവളാണ്. കേസിൽ ആദ്യം പിടിക്കപ്പെടുന്ന മാത്യുവിന്റെ കഥാപാത്രം അവസാനം വരെയും തന്റെ കാമുകിയായ അഞ്ജലിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും അവസാനം പറ്റിക്കപ്പെട്ടു പോവുന്നതും ഇതിനൊപ്പം തന്നെ കാണിച്ചുവെക്കുന്നുണ്ട്.അവസാന കേസിൽ പൊലീസ് ചോദ്യം ചെയ്യുന്ന മറ്റൊരു സ്ത്രീയുണ്ട്. കാറിലെത്തുന്ന ഭാര്യയും ഭർത്താവും, ഇവരെ പൊലീസ് തടഞ്ഞുനിർത്തി ചില വിവരങ്ങൾ ചോദിക്കുന്നു, ഇതാണ് രംഗം. കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വ്യക്തിയെ ഈ സ്ത്രീക്ക് അറിയാമെന്നുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പറഞ്ഞ് ആൾ ഇപ്പോൾ എവിടെയാണെന്നുള്ള വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. പക്ഷെ ഇവിടെയും 'തേക്കുക' എന്ന സ്ത്രീകളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സ്വഭാവത്തെ വെളിപ്പെടുത്താതെ സിനിമ അടങ്ങുന്നില്ല.
പ്രധാന കഥാപാത്രമായ ആന്റണിയുടെ ലവ് സ്റ്റോറി. അയർലാൻഡിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ ആന്റണിയെ ഉപേക്ഷിക്കുന്ന അൽഫോൻസയാണ് കാമുകി. ഇതേ അൽഫോൻസ പിന്നീട് ആ ജോലിയിൽ പറ്റിക്കപ്പെട്ടപ്പോൾ സഹായവുമായെത്തുന്ന ആന്റണിയെ എല്ലാം കഴിഞ്ഞപ്പോൾ താൽക്കാലിക ജോലിയുടെ പേര് പറഞ്ഞ് വീണ്ടും ഉപേക്ഷിക്കുന്നുവെന്നാണ് കഥ.ആന്റണി അൽഫോൻസ പ്രണയത്തെ ആദ്യം അവതരിപ്പിക്കുമ്പോൾ പ്രശ്നമൊന്നും തോന്നില്ലെങ്കിലും പതിയെ പതിയെ ട്രാക്ക് മാറി അൽഫോൻസ തേപ്പുകാരി മാത്രമായി മാറുകയാണ്. ഈ ലവ് സ്റ്റോറിയിൽ സുഹൃത്തുക്കളും മേലുദ്യോഗസ്ഥരുമെല്ലാം ആന്റണി വഞ്ചിക്കപ്പെട്ടതാണെന്ന് പ്രേക്ഷകനെ ആവർത്തിച്ചുപറഞ്ഞു ബോധ്യപ്പെടുത്തുന്നുമുണ്ട്. തേച്ചുപോയവരോട് പ്രതികാരം വീട്ടാൻ അവസരം ലഭിക്കാത്തതിലെ നഷ്ടബോധമൊക്കെ ചില കഥാപാത്രങ്ങൾ പറയുന്നുണ്ട്.
വാൽക്കഷ്ണം: ഇന്ത്യയിലെമ്പാടുമുള്ള കോടിക്കണക്കിന് താൽക്കാലിക ജീവനക്കാർക്ക് സമർപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഇന്ന് കേരളത്തിൽ പി.എഎസ്്.സി ഉദ്യോഗാർഥികളുടെ സമരമൊക്കെ കൊടുമ്പിരികൊള്ളുമ്പോൾ, താൽക്കാലിക ജീവനക്കാരുടെ വേദന ചിത്രം എടുത്തുകാട്ടുകയാണ്. എല്ലാ താൽക്കാലിക ജീവനക്കാരും പിൻവാതിലുകാർ ആണെന്ന് വിശ്വസിക്കുന്നവർ ഈ ചിത്രം ഒന്ന് കാണേണ്ടതുതന്നെയാണ്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ