- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോ ജോസഫ് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുന്ന ചെറുപ്പക്കാരനെന്ന് പി സി ജോർജ്ജ്; പൂഞ്ഞാറുകാരനായ പി സി ജോർജ്ജിന് എന്നെയറിയാം, എനിക്കുമെന്ന് ജോ ജോസഫ്; വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിന്റെ അനുഗ്രഹം വാങ്ങിയ ആളാണ് സിപിഎം സ്ഥാനാർത്ഥിയെന്ന് വി ഡി സതീശനും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. 'എന്റെയൊരു അടുത്ത സുഹൃത്ത്. എന്നെ കണ്ടപ്പോൾ ഓടി വന്ന് കെട്ടിപ്പിടിച്ച് വലിയ ഉമ്മ തരുന്നയാളാണ്. ഉമ്മ തരും സത്യമാണ്. അത്ര സ്നേഹം പ്രകടിപ്പിക്കുന്ന നല്ല ചെറുപ്പക്കാരൻ,' പി സി ജോർജ് പറഞ്ഞു.ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണെന്നും മുൻ എംഎൽഎ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്റെ അടുത്ത ബന്ധുവാണ്. ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിയില്ലെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു. പി സി ജോർജ് പല തവണ പ്രതിനിധീകരിച്ച പൂഞ്ഞാറാണ് ജോ ജോസഫിന്റെ സ്വദേശം. പൂഞ്ഞാർ കളപ്പുരയ്ക്കൻ കുടുംബാംഗമാണ് ഡോ. ജോ ജോസഫ്.
അതേസമയം പി സി ജോർജ്ജിന്റെ പ്രതികരണത്തിന് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും രംഗത്തുവന്നു. താനൊരു പൂഞ്ഞാറുകാരനാണ്. അദ്ദേഹം അവിടെ വർഷങ്ങളായി എംഎൽഎയായിരുന്നു. ഇരുവർക്കും പരസ്പരം അറിയാമെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.'ഗ്രാമപ്രദേശത്ത് ജീവിച്ചു വളർന്നയാൾ എന്ന നിലയിൽ എല്ലായിടത്തും വരുന്നയാളാണ് പി സി ജോർജ്. അങ്ങനെയുള്ള പരിചയമാണ് പി സി ജോർജുമായിട്ടുള്ളത്. നാട്ടിൽ നിന്ന് ആശുപത്രിയിലേക്ക് രോഗികളെ അയച്ച് അദ്ദേഹം വിളിക്കാറുണ്ട്. പാർട്ടി പ്രവർത്തകരെ ചികിത്സക്ക് അയക്കുമ്പോഴും വിളിക്കും. അദ്ദേഹത്തിന്റെ അവകാശവാദത്തിൽ കൂടുതൽ പ്രതികരണം പാർട്ടി നൽകും.'
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സിൽവർലൈൻ പദ്ധതിക്കെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിൽ പി ടി തോമസ് വിജയിച്ചതിനെക്കാൾ വലിയ ഭൂരിപരക്ഷത്തോടെ ഉമ തോമസ് ജയിക്കുമെന്ന് വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയപ്പോൾ കോൺഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് തയാറാകണമെന്ന് എൽഡിഎഫ് വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിപിഎം ഈ സ്ഥാനാർത്ഥിയെ നിർത്തിയാണോ രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന ചോദ്യമാണ് ഉയർന്നുവരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.
പി സി ജോർജിന്റെ അനുഗ്രഹം വാങ്ങിയാണ് ജോ ജോസഫ് മത്സരിക്കാനിറങ്ങുന്നത്. വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഎമ്മുകാർ പറയണമെന്ന് വി ഡി സതീശൻ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ കല്ലിടൽ നടക്കുന്നില്ല. ഈ നഗരത്തിലെ ജനങ്ങൾ ഗൗരവകരമായി കേരളത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നവരാണെന്ന് ഈ നഗരത്തിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്.
ആ ഭയമുള്ളതിനാലാണ് കല്ലിടൽ നടപടികൾ നിർത്തിവച്ചത്. പാർട്ടി കോൺഗ്രസ് നടക്കുമ്പോഴും കല്ലിടുന്നത് നിർത്തിയിരുന്നു. ആളുകളെ ബൂട്ട്സിട്ട് ചവിട്ടൽ, സ്ത്രീകളെ വലിച്ചിഴയ്ക്കൽ മുതലായ കാര്യങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. സർക്കാരിന്റെ വെല്ലുവിളിയൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ? ഇതെല്ലാം സർക്കാരിന് പേടിയുണ്ടെന്നാണ് തെളിയിക്കുന്നത്. വി ഡി സതീശൻ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ നിലവിൽ ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ ധനകാര്യവകുപ്പ് പാസാക്കുന്നില്ല. നടിയെ അക്രമിച്ച കേസിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ എന്തിന് റിപ്പോർട്ട് പൂഴ്‌ത്തിവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
മറുനാടന് മലയാളി ബ്യൂറോ