- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപകീർത്തിപ്പെടുത്താൻ ശ്രമം; കുടുംബ ബന്ധം തകർന്നെന്നും വിവാഹ മോചനം നേടിയെന്നും സൈബർ ഇടത്തിൽ ഇടതുപക്ഷത്തിന്റെ വ്യാജ പ്രചാരണം; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പി കെ ജയലക്ഷ്മി; സൈബർ കുപ്രചരണത്തിൽ വലഞ്ഞ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
കൽപ്പറ്റ: ഇടതു സൈബർ പ്രവർത്തകർ മാനന്തവാടിയിലെ ഇടതു സ്ഥാനാർത്ഥി പി കെ ജയലക്ഷ്മിയെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. തുടർച്ചയായുള്ള സൈബർ ആക്രമണങ്ങളിൽ വശംകെട്ട ജയലക്ഷ്മി കടുത്ത മാനസിക പ്രയാസത്തിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പി കെ ജയലക്ഷ്മി പ്രതികരിച്ചു. കുടുംബ ബന്ധം തകർന്നുവെന്നാണ് വ്യാജ പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേകുറിച്ചു പരാതി നൽകും. പരാജയ ഭീതി മൂലമാണ് ചിലർ തനിക്ക് എതിരെ കുപ്രചാരണം നടത്തുന്നതെന്നും ജയലക്ഷ്മി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭർത്താവിനും കുഞ്ഞിനും ഒപ്പമാണ് വാർത്താസമ്മേളനത്തിന് അവരെത്തിയത്. ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് നൽകിയില്ലെന്നും ജയലക്ഷ്മി. വാർത്ത സമ്മേളനത്തിനിടെ ജയലക്ഷ്മി പൊട്ടിക്കരഞ്ഞു. നേരത്തെയും തനിക്ക് എതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന ജയലക്ഷ്മി പരാതി നൽകിയിരുന്നു. അതിനൊപ്പം കൂടുതൽ സ്ക്രീൻ ഷോട്ടുകളും മറ്റു വിവരങ്ങളും നൽകുമെന്നും ജയലക്ഷ്മി പറഞ്ഞു.
പരാജയഭീതി മൂലമാണ് വീണ്ടും വീണ്ടും തനിക്കെതിരെയുള്ള അപവാദ പ്രചരണം തുടരുന്നതെന്നും സൈബർ ആക്രമണത്തിന് പിന്നിൽ ഇടതു പ്രവർത്തകരാണെന്നും ജയലക്ഷ്മി ആരോപിച്ചു. കുടുംബം തകർന്നുവെന്നും വിവാഹമോചനം നേടി എന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.എംഎൽഎ.എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പറയാനില്ലാത്തതിനാലാണ് വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത്. പട്ടികവർഗ്ഗ സ്ത്രീയാണെന്ന പരിഗണന നൽകാതെയാണ് ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതെന്നു ജയലക്ഷ്മി കുറ്റപ്പെടുത്തി.
ഭർത്താവ് അനിലിനൊപ്പമാണ് ജയലക്ഷ്മി മാധ്യമങ്ങളെ കണ്ടത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി നടപ്പാക്കില്ല. ബഫർ സോൺ വിഷയത്തിൽ എംഎൽഎ. തികഞ്ഞ മൗനം പുലർത്തുകയാണ്. എംഎൽഎയുടെ പഞ്ചായത്തിലാണ് ഏറ്റവും അധികം ബഫർ സോണുകളുള്ളത്. യു.ഡി.എഫ്. വന്നാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ജില്ല ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയതിനെ എതിർക്കുന്നില്ല .പക്ഷേ അഞ്ച് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ബഹുനില കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
താൻ ഒരു കോൺഗ്രസുകാരനാണ് ജയലക്ഷ്മിയുടെ ഭർത്താവ് അനിലും വ്യക്തമാക്കി. ഭാര്യയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ്. പതിനഞ്ച് വർഷമായി ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നില്ല. ജയല്ക്ഷ്മി പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴാണ് വിവാഹ നിശ്ചയം നടന്നത്. മന്ത്രിയായിരുന്നപ്പോഴാണ് വിവാഹവും നടന്നത്. തന്റെ കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്നും രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുകയാണെന്നും അനിൽ പറഞ്ഞു. വാർത്താസമ്മേനത്തിൽ യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകൻ യു.ടി.ഖാദർ, തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി.അബ്ദുൾ അഷറഫ്, പി.കെ.അസ്മത്ത്, എ.പ്രഭാകരൻ, വി.വി.നാരായണവാര്യർ എന്നിവരും സംബന്ധിച്ചു.
നേരത്തെ മന്ത്രിയായിരിക്കവേ വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയുടെ ചുവടു പിടിച്ച് ജയലക്ഷ്മിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. ഈ കേസിൽ സമഗ്രാന്വേഷണം നടത്തി തെളിവില്ലന്ന് കണ്ട് വിജിലൻസ് അവസാനിപ്പിച്ചതായിരുന്നു. താൻ മന്ത്രിയായിരിക്കെ കുടംബത്തിൽ ഒരാൾക്കും അനർഹമായ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയായിരുന്നപ്പോൾ ബന്ധുക്കളായതിന്റെ പേരിൽ മുന്നൂറിലധികം അംഗങ്ങളുള്ള തന്റെ തറവാട്ടിലെ അർഹതപ്പെട്ട പലർക്കും പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തുന്നതിന് എതിർചേരിയിൽ നിന്നുള്ളവർ വീണ്ടും അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാണ് ജയലക്ഷ്മിയെ തളർത്തിത്. ഏഷ്യാനെറ്റ് ന്യൂസ് തനിക്കെതിരെ മാധ്യമ വേട്ട നടത്തുകയാണെന്നും അഴിമതി ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. കേസ് വിജിലൻസിന് മുമ്പിലെത്തി. പിണറായിയുടെ വിജിലൻസ് എല്ലാം പരിശോധിച്ചു. പക്ഷേ അഴിമതിക്ക് മാത്രം തെളിവു കിട്ടിയില്ല. അങ്ങനെ ജയലക്ഷ്മി കുറ്റ വിമുക്തയാക്കുകയും ചെയ്തു.
ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചു. വിവരാവകാശരേഖ പ്രകാരം നിലവിൽ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്. പട്ടിക വർഗ വികസന വകുപ്പിന്റെ പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ക്രമക്കേടുകളൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചത്. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രമക്കേടുകൾ കണ്ടെത്താൻ സാധിക്കാതെ കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നൽകിയ വിവരാവാകാശ രേഖയിൽ വ്യക്തമാക്കുന്നു. വിവരാവകാശരേഖ പ്രകാരം നിലവിൽ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്.
തന്നെയും കുടുംബത്തെയും മാനസികമായി തളർത്തുതിനും, പീഡിപ്പിക്കുതിനും, ആക്ഷേപിക്കുന്നതിനും ഒരു വർഷം മുമ്പ് ആരംഭിച്ച ഈ ക്വട്ടേഷൻ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കു രീതിയിൽ അടിസ്ഥാന രഹിതമായ ദൃശ്യങ്ങളും രേഖകളും കാണിച്ചാണ് വാർത്ത സംപ്രേഷണം ചെയ്തത്. ഒരു സ്ത്രീ എന്ന പരിഗണനയോ, പട്ടിക വർഗ്ഗക്കാരി എന്ന പരിഗണനയോ ഒരിക്കൽ പോലും നൽകിയില്ല. എന്നെ പോലെ മറ്റൊരു പൊതു പ്രവർത്തകയ്ക്കും മാധ്യമങ്ങളിൽ നിന്നു ഇത്തരം ഒരു പീഡനം ഇനി ഉണ്ടാകാൻ പാടില്ല-ഇതായിരുന്നു അഞ്ചു കൊല്ലം മുമ്പ് മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ വാക്കുകൾ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വിജലിൻസിന്റെ അന്വേഷണ റിപ്പോർട്ടും.
പട്ടികവർഗ വിഭാഗക്കാരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയിൽ വഴിവിട്ട് സ്വന്തം കുടുംബാംഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തി കോടികൾ എഴുതി തള്ളിയെന്നായിരുന്നു വാർത്ത. വാർത്ത ജയലക്ഷ്മി നിഷേധിച്ചു. അർഹതപ്പെട്ട ഒരാളെപ്പോലും അവഗണിക്കുകയോ, ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നിട്ടില്ല. എന്റെ സമുദായത്തിൽ ഒരാൾക്കു പോലും മറ്റൊരാൾക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് ജയലക്ഷ്മി പറഞ്ഞത്. പാലോട്ട് എന്ന അഡ്രസ്സിൽ അവർക്ക് വീട്ടുപേരുണ്ടെങ്കിലും അവർ വെവ്വേറെ കുടുംബങ്ങളാണ്. 56 കുറിച്ച്യ തറവാടുകളാണ് ഞങ്ങൾക്കുള്ളത്. വിദ്യാഭ്യാസ കാര്യത്തിലും, ജീവിത രീതിയിലും, ഭൂസ്വത്തിലും മുന്നിലാണെങ്കിലും, സാമ്പത്തികമായി പലരും വളരെ പിന്നോക്കമാണ്. വിവാഹം കഴിഞ്ഞാൽ വീട്ടു പേര് തറവാടിന്റെ പേരിൽ അറിയപ്പെടുന്നമെങ്കിലും, വെവ്വേറെ കുടുംബങ്ങളായാണ് താമസിക്കുന്നതെന്ന് ജയലക്ഷ്മി വിശദീകരിച്ചിരുന്നു. മന്ത്രിയായ ശേഷം ഇവരിലൊരാൾക്കു പോലും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് ജയലക്ഷ്മി വിശദീകരിച്ചിരുന്നു.
വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തിൽ ചാനലിൽ നൽകിയ വാർത്തക്കെതിരെ ജയലക്ഷ്മി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതേസമയം, വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലൻസിൽ പരാതി നൽകിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെ പ്രസ്തുത കേസുകൾ അന്വേഷിക്കുന്നതിന് ജില്ലയിൽ നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ക്രമക്കേടുകൾ കണ്ടെത്താനാകാതെ വിജിലൻസിന് സമയനഷ്ടം വരുത്തുന്നതിനാൽ കേസ് അവസാനിപ്പിക്കാൻ ഡയറക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ