തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പുറത്തായ കെപിസിസി മുൻ സെക്രട്ടറി പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസമാണ് സിപിഎമ്മിൽ ചേർന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രശാന്ത് കൂടിക്കാഴ്‌ച്ച നടത്തി. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിലെത്തിയ പ്രശാന്ത് സിപിഎമ്മിൽ ചേർന്നിരുന്നു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവർക്കൊപ്പമാണ് പ്രശാന്ത് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിക്കും മുമ്പ് കോൺഗ്രസ് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് വാർത്തസമ്മേളനത്തിൽ പ്രതികരിച്ചതിനെ തുടർന്നാണ് പി.എസ്. പ്രശാന്തിനെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. അച്ചടക്കലംഘനം നടത്തി വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ അന്വേഷണസമിതി മുമ്പാകെ സ്ഥാനാർത്ഥികൾ ആക്ഷേപം ഉന്നയിച്ച പല പേരുകളും ഉണ്ടെന്നും നടപടിയെടുത്തില്ലെങ്കിലും അവരെ ആദരിക്കരുതെന്നുമാണ് പ്രശാന്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചതാണെമെങ്കിൽ കെ. മുരളീധരനും വി എസ്. ശിവകുമാറും വി.ടി. ബൽറാമും എം. ലിജുവും ഉൾപ്പെടെ തോറ്റത് എന്തുകൊണ്ടാണെന്നും പ്രശാന്ത് ചോദിച്ചിരുന്നു.

ഇനിയൊരു തലമുറമാറ്റത്തിന് നേതൃത്വം മുതിരരുതെന്ന ചില മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ഞങ്ങളില്ലെങ്കിൽ പിന്നെ കോൺഗ്രസ് ഉണ്ടാകരുതെന്ന ചില നേതാക്കളുടെ പെരുന്തച്ചൻ മനോഭാവം മാറണമെന്നും പ്രശാന്ത് തുറന്നടിച്ചു.

മനഃസമാധാനത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ഈ തീരുമാനമെന്നായിരുന്നു സിപിഎമ്മിൽ ചേർന്ന ശേഷമുള്ള പ്രശാന്തിന്റെ പ്രതികരണം. 'ഒരു ഉപാധിയുമില്ലാതെയാണ് ഇവിടെ എത്തിയത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും സ്വീകരിക്കും. ജനങ്ങൾക്കൊപ്പം നിലനിൽക്കുന്ന പാർട്ടിയെന്ന നിലക്കാണ് സിപിഎമ്മിലെത്തിയത്'- പ്രശാന്ത് പറഞ്ഞു.