- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമെന്ന് സംശയിച്ചാൽ തെറ്റു പറയാൻ കഴിയില്ല; വിശ്വാസികളോട് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റി നൽകണം; മന്ത്രിസഭയുടെ തീരുമാനം അവ്യക്തമെന്ന് പന്തളം കൊട്ടാരം; ഹൈന്ദവ സമൂഹത്തോട് ചെയ്ത തെറ്റുകൾ എല്ലാം തിരുത്തണമെന്ന് അക്കീരമൺ
പന്തളം: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗ തീരുമാനത്തെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ച് ഹൈന്ദവ സംഘടനകളും പന്തളം കൊട്ടാരവും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസി സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനം എന്ന് സംശയിച്ചാൽ തെറ്റു പറയാൻ സാധിക്കില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ അഭിപ്രായപ്പെട്ടു.
തിരുമാനത്തിന്റെ പൂർണ്ണരൂപം വന്നശേഷം വിശദമായി പ്രതികരിക്കുമെന്ന് കൊട്ടാര നിർവഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ പറഞ്ഞു.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിന്, സർക്കാരിന് ആത്മാർഥത ഉണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റി നൽകണം. മന്ത്രിസഭാ യോഗ തീരുമാനത്തിൽ അവ്യക്തതയുണ്ട്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത പതിനായിരക്കണക്കിന് അമ്മമാരുൾപ്പെടെയുള്ളവർക്കെതിരേ കേസ് എടുത്തിരിക്കുന്നത് ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ്. നിരപരാധിയായ അവസാന വിശ്വാസിയുടെയും പേരിലുള്ള കേസുകൾ പിൻവലിക്കുന്നതു വരെ പന്തളം കൊട്ടാരം ഭക്തർക്കൊപ്പം വിശ്വാസ സംരക്ഷണത്തിനായി നില കൊള്ളാൻ പ്രതിജ്ഞാ ബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരത്തിന്റെ പേരിൽ അറസ്റ്റിലായിട്ടുള്ള എല്ലാ വ്യക്തികളെയും കേസിൽ നിന്നൊഴിവാക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടിതിരിപ്പാട് ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ സർക്കാരും അവിശ്വാസികളും നടത്തിയ തെറ്റായ നടപടികൾ എല്ലാം പിൻവലിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ നീക്കം മാത്രമായി ഇതു മാറ്റരുത്. ഹൈന്ദവ സമൂഹത്തോട് ചെയ്ത തെറ്റുകൾ എല്ലാം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സർക്കാരിന്റേത് ആത്മാർത്ഥമായ നടപടിയാണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം, ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യപൂർവം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. അതേസമയം പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ.
പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർദ്ധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കുക നിയമോപദേശത്തിന് ശേഷമായിരിക്കും.നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾക്കെതിരെ കേസെടുത്തതുകാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ പിൻവലിക്കണമെന്നാവശ്യം എൻ എസ് എസ് ആദ്യം മുന്നോട്ടുവച്ചത്. വളരെ ഗൗരവമേറിയ മറ്റു പല കേസുകളും പിൻവലിക്കുമ്പോൾ ശബരിമല വിശ്വാസികൾക്കെതിരെയുള്ള കേസിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
അതേസമയം കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശ്വാസികളെ ഒപ്പം നിർത്തുകയെന്നത് പരിഗണിച്ചാണ് നിർണായക തീരുമാനം സർക്കാർ സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്