- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ കൊലപാതകം ആസൂത്രിതം: കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്; മരണ കാരണം രക്തം വാർന്നത്; പ്രതി ഷിനോസിനെ റിമാൻഡ് ചെയ്തു
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോർട്ട്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കേസിലെ പ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് കേസിന്റെ അന്വേഷണ ചുമതല.
കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. കേസിൽ 25 പ്രതികൾ ഉണ്ട്. ഒന്ന് മുതൽ 11 പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയാവുന്ന പതിനാലു പേർക്കും കൊലപാതകവുമായി ബന്ധമുണ്ട്. ബേംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള് കൊണ്ട് വെട്ടുകയായിരുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകക്കേസിന്റെ മുഖ്യ സൂത്രധാകരനായ പാനൂർ മേഖല ഡിവൈഎഫ്ഐ ട്രഷറർ സുഹൈൽ ഉൾപ്പെടെയുള്ള 12 പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് മുഴുവൻ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
ഇന്നലെ വിലാപയാത്ര കടന്നുപോകുന്ന സമയത്ത് സിപിഎം ഓഫീസുകൾക്ക് തീയിട്ട സംഭവത്തിൽ 24 മുസ്ലിം ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഇരുപതിലേറെ വാഹനങ്ങളും പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്ന് ലീഗ് പ്രവർത്തകർ കോടതിയൽ കൊണ്ടുപോകവെ ആരോപിച്ചു. കൊളവല്ലൂർ ചൊക്ലി സ്റ്റേഷനുകളിലെത്തിയ ലീഗ് നേതാക്കൾ പൊലീസിനോട് തട്ടിക്കയറി. പൊലീസ് വാഹനങ്ങളടക്കം ലീഗ് പ്രവർത്തകർ തകർത്തിണ്ടുണ്ടെന്നും കൊലപാതകക്കേസിലും പാർട്ടി ഓഫീസുകൾക്ക് തീ വച്ച കേസിലും നിയമ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷം മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരൻ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്. മൻസൂറിന്റെ അയൽവാസിയുമായ ഷിനോസാണ് പിടിയിലായത്.
മറുനാടന് മലയാളി ബ്യൂറോ