- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ്കുമാറും മത്സരിക്കും; റാന്നിയിൽ രാജു ഏബ്രഹാമില്ലെങ്കിൽ പകരം വരിക പിഎസ് സി അംഗം റോഷൻ റോയി മാത്യു; അടൂരിൽ ചിറ്റയത്തിനൊപ്പം ചെങ്ങറ സുരേന്ദ്രന്റെ പേരും; തിരുവല്ലയിൽ മാത്യു ടി തന്നെ; പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റില്ല
പത്തനംതിട്ട: ജില്ലയിൽ കേരളാ കോൺഗ്രസി(എം) ന് സീറ്റില്ല. പകരം ഒരു സീറ്റ് മറ്റു ജില്ലയിൽ എവിടെയെങ്കിലും നൽകിയേക്കും. ആകെ അഞ്ചു മണ്ഡലം മാത്രമുള്ള ജില്ലയിൽ രണ്ടെണ്ണം ഘടകകക്ഷികളായ സിപിഐയും ജനതാദളുമാണ് എൽഡിഎഫിൽ കൈയാളുന്നത്. ശേഷിച്ച മൂന്നെണ്ണമാണ് സിപിഎമ്മിനുള്ളത്. അതു വിട്ടു കൊടുക്കാൻ പറ്റുന്ന സാഹചര്യമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. റാന്നി കേരളാ കോൺഗ്രസ് എമ്മിന് വിട്ടു കൊടുക്കുമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. സിപിഎം അതിന് സമ്മതം അറിയിച്ചുവെന്നും പറഞ്ഞിരുന്നു. പിന്നീട് വീണയെ റാന്നിയിലേക്ക് മാറ്റി ആറന്മുള മാണി ഗ്രൂപ്പിന് കൊടുക്കുമെന്ന അഭ്യൂഹവും പരന്നു.
ഇതിനൊക്കെയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ഒരു മണ്ഡലം കൂടി ഘടക കക്ഷിക്ക് നൽകിയാൽ ജില്ലയിൽ സിപിഎം രണ്ടു സീറ്റിലേക്ക് ഒതുങ്ങും. ഇത് പറ്റില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. വീണാ ജോർജ് ആറന്മുളയിലും ജനീഷ്കുമാർ കോന്നിയിലും വീണ്ടും മത്സരിക്കും. റാന്നിയിൽ രാജു ഏബ്രഹാം തന്നെ മത്സരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും പിഎസ് സി അംഗം റോഷൻ റോയി മാത്യുവിന്റെ പേരും ഉയരുന്നു. നാലു തവണ തുടർച്ചയായി മത്സരിച്ച രാജുവിനെ മാറ്റി റോഷന് അവസരം നൽകണമെന്നാണ് നിർദ്ദേശം.
ഇതിനായി റോഷന്റെ ബയോഡേറ്റ സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ക്നാനായ സമുദായത്തിന് വേരോട്ടമുള്ള റാന്നിയിൽ രാജു മാറുമ്പോൾ റോഷന് തന്നെ സീറ്റ് നൽകാനാണ് സാധ്യത. ക്നാനായ സഭാ പുരോഹിതന്റെ മകൻ കൂടിയാണ് റോഷൻ റോയി മാത്യു. തിരുവല്ലയിൽ മാത്യു ടി. തോമസ് തന്നെ മത്സരിക്കും. തുടർച്ചയായ നാലാമങ്കത്തിനാണ് മാത്യു ടി. ഇറങ്ങുന്നത്. എൽഡിഎഫ് അധികാരത്തിൽ വന്ന രണ്ടു തവണയും മാത്യു ടി. തോമസ് മന്ത്രിയാവുകയും ചെയ്തു.
അടൂരിൽ ചിറ്റയം ഗോപകുമാറിന്റെ പേരിന് തന്നെയാണ് സിപിഐ പ്രഥമ പരിഗണന നൽകുന്നത്. ഇതിനൊപ്പം മുൻ എംപി ചെങ്ങറ സുരേന്ദ്രന്റെ പേരും ഉയരുന്നു.
യുഡിഎഫിലായിരുന്നപ്പോൾ കേരളാ കോൺഗ്രസ് മാണി മത്സരിച്ചിരുന്ന സീറ്റാണ് തിരുവല്ല. എൽഡിഎഫിൽ എത്തിയപ്പോൾ തിരുവല്ല കിട്ടില്ലെങ്കിൽ മറ്റൊന്ന് പകരം വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. അങ്ങനെയാണ് റാന്നിക്ക് അവകാശവാദം ഉയർന്നത്. അവിടെ ജില്ലാ പ്രസിഡന്റ് എൻഎം രാജുവോ സ്റ്റീഫൻ ജോർജോ മത്സരിക്കുമെന്ന് അഭ്യൂഹം പരക്കുകയും ചെയ്തിരുന്നു.
വ്യവസായിയായ എൻഎം രാജുവിനെ സിപിഎം അംഗീകരിക്കാൻ തയാറായിരുന്നില്ല. ജോസഫ് എം പുതുശേരി മാണി ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും റാന്നി ലഭിക്കുമായിരുന്നു. പാർട്ടി പിളർന്നപ്പോൾ ജോസ് കെ മാണിക്കൊപ്പം നിന്ന പുതുശേരി, എൻഎം രാജു ഉള്ളപ്പോൾ തനിക്ക് നിയമസഭാ സീറ്റ് കിട്ടില്ലെന്ന് കരുതി ജോസഫ് ഗ്രൂപ്പിലേക്ക് മാറുകയായിരുന്നു. അവിടെയും പുതുശേരിക്ക് സീറ്റ് കൊടുക്കില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. വിജയിക്കാൻ പറ്റിയ ഒരു സ്ഥാനാർത്ഥി ഇല്ലാത്തതാണ് പത്തനംതിട്ട ജില്ലയിൽ മാണി ഗ്രൂപ്പിന് തിരിച്ചടി ആയിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്