പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പിബി ഹർഷകുമാറിന്റെ ഞെട്ടിക്കുന്ന തോൽവി ചർച്ച ചെയ്യപ്പെടുന്നു. വെറും 33 വോട്ടിനാണ് ഹർഷൻ കോൺഗ്രസ് സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനോട് അടിയറവ് പറഞ്ഞത്.

പരാജയ കാരണങ്ങൾ വിലയിരുത്തുമ്പോഴാണ് സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ വാർഡിൽ അടക്കം ഹർഷൻ പിന്നാക്കം പോയെന്ന് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. കടമ്പനാട് പഞ്ചായത്ത് ഏഴാം വാർഡായ മുടിപ്പുരയിൽ 99 വോട്ടിനാണ് ഹർഷൻ പിന്നാക്കം പോയത്. ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ്, മുൻ ലോക്കൽ സെക്രട്ടറി കെ. അനിൽകുമാർ എന്നിവർ ഈ വാർഡുകാരാണ്. ഈ വാർഡിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി പ്രസന്ന കുമാരിക്ക് 53 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് മണ്ണടി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി എസ്. ഷിബു 103 വോട്ടും ലീഡ് നേടി. സിപിഎമ്മിന്റെ മറ്റു രണ്ടു സ്ഥാനാർത്ഥികളും ഭൂരിപക്ഷം നേടിയ ഇടത്താണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഹർഷകുമാർ 99 വോട്ട് പിന്നിൽ പോയത്. ഇവിടെ മത്സരിച്ചവരിൽ ഹർഷൻ ഒഴികെയുള്ളവരെല്ലാം ഈ പഞ്ചായത്തുകാരാണ്. അതു കൊണ്ടാണ് കൃഷ്ണകുമാറിന് ഭൂരിപക്ഷം കിട്ടിയത് എന്നൊരു ദുർബല വാദം സിപിഎമ്മിൽ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്.

അങ്ങനെയെങ്കിൽ ഇതേ വാർഡുകാരായ യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി ഉഷാകുമാരിക്കും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി മണ്ണടി പരമേശ്വരനും വോട്ട് കുറഞ്ഞത് എങ്ങനെയാണെന്നൊരു ചോദ്യം എതിർപക്ഷം മുന്നോട്ട് വയ്ക്കുന്നുണ്ട്. 99 വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി കൃഷ്ണകുമാർ നേടിയെങ്കിൽ അത് സിപിഎം സ്ഥാനാർത്ഥി ഹർഷനെ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയതു കൊണ്ടാണെന്നാണ് പറയുന്നത്.

വാർഡിലെ പ്രമുഖ സിപിഎം നേതാക്കളാണ് സംശയ നിഴലിലുള്ളത്. ഇതിലൊരാൾ ബ്ലോക്ക്ഡിവിഷനിലേക്ക് സീറ്റ് ചോദിച്ചിരുന്നുവത്രേ. അദ്ദേഹത്തിന് അത് ലഭിക്കാതെ പോയതാകാം കാലുവാരലിന് കാരണമായതെന്നാണ് പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് ഈ രക്തത്തിൽ പങ്കില്ലെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. അതേ സമയം, രണ്ടു കൂട്ടർക്കും പങ്കുണ്ടെന്നും വേറെ ചില കളികളുടെ ഭാഗമായി ഹർഷനെ കാലുവാരിയതാകാമെന്നുമാണ് പാർട്ടിയിലെ സാധാരണ പ്രവർത്തകർ പറയുന്നത്.

മൃഗീയ ഭൂരിപക്ഷത്തേടെയാണ് സിപിഎം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരിക്കുന്നത്. ജയിച്ചിരുന്നെങ്കിൽ ഹർഷൻ ഉറപ്പായും പ്രസിഡന്റ് ആകുമായിരുന്നു. തോൽവിയോടെ മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരന് ലോട്ടറിയടിച്ചു. ഇദ്ദേഹമാകും പ്രസിഡന്റ്.