- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസ്സസ് നിഷ്ക്കളങ്കരെയും കൊടും കുറ്റവാളി ആക്കിയേക്കും; ചോർത്തലിനെക്കാൾ അപകടം 'തിരുകിക്കയറ്റൽ'; വ്യാജ തെളിവ് ഫോണിലേക്കു കടത്തിവിടാനും സാധ്യത; സമാന ആരോപണം ഉയർന്നത് സ്റ്റാൻസ്വാമി കേസിൽ; 40 രാജ്യങ്ങളിലായി 60 സർക്കാറുകൾ പെഗസ്സസിന്റെ ഉപയോക്താക്കൾ
ന്യൂഡൽഹി: പെഗസ്സസ് ഫോൺചോർത്തൽ ഒട്ടും നിഷ്കളങ്കമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ സാധ്യതയുള്ളതാര് എന്നു തിരഞ്ഞു പിടിച്ചാണ് ഫോൺ ചോർത്തിയിരുന്നത് എന്നാണ് പുറത്തുവന്ന ലിസ്റ്റിൽ നിന്നും വ്യക്തമായ കാര്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഓരോ തന്ത്രങ്ങൾ പോലും പെഗസ്സസ് ഉപയോഗിച്ചു ചോർത്തിയെടുത്തിരുന്നു എന്ന കാര്യം അടക്കം വ്യക്തമായി. ഇതോടെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറും കൃത്യമായ ഉത്തരം പറയേണ്ട അവസ്ഥയാണുള്ളത്.
അതേസമയം ചാര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചു വിവരങ്ങൾ ചോർത്തുന്നതിനെക്കാൾ അപകടം പുറമേനിന്നുള്ള കൃത്രിമ വിവരങ്ങൾ ഉപഭോക്താവിന്റെ അറിവില്ലാതെ ഫോണിലേക്കു കടത്തിവിടുന്നതാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പല കേസുകളിലും നിരപരാധികളെ കൊടും ക്രിമിനലുകളാക്കാൻ ഭരണകൂടം ഈ സംവിധാനത്തെ ഉപയോഗിച്ചെന്നും വരാം. അധികാരകേന്ദ്രങ്ങൾ ഉന്നംവച്ച ഒരു വ്യക്തിയെ കേസിൽ കുടുക്കാൻ പോലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉപകരിച്ചേക്കാം.
വ്യക്തി അറിയാതെ തെളിവുകൾ ഫോണിലേക്കു കടത്തിവിട്ടാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. നിരപരാധിത്വം തെളിയിക്കാനും പ്രയാസമാകും. ഇതാണ് പെഗസ്സസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ അപകടമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു ആരോപണം മുമ്പ് ഇന്ത്യയിൽ ഉയർന്നുതുമാണ്. തന്റെ ലാപ്ടോപ്പിൽ കൃത്രിമ രേഖകൾ തിരുകിക്കയറ്റിയതിനെക്കുറിച്ചു മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ഭീമ കൊറേഗാവ് കേസിലെ അറസ്റ്റിനു മുൻപു തന്നെ എൻഐഎയെ അറിയിച്ചതായി സഹപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു. ഇവിടെയും പ്രവർത്തിച്ചത് പെഗസ്സസ് ആണോ എന്നാണ് ഇനി അറിയേണ്ടത്.
മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ പൊതുപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ കണ്ടെത്തിയ പ്രധാന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു ഫെബ്രുവരിയിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇവരുടെ ലാപ്ടോപിൽ മാൽവെയർ ഉപയോഗിച്ചു നുഴഞ്ഞുകയറിയാണ് ഇവ സ്ഥാപിച്ചതെന്നും 'വാഷിങ്ടൻ പോസ്റ്റ്' പ്രസിദ്ധീകരിച്ച ഫൊറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മലയാളിയായ റോണ വിൽസൻ അടക്കമുള്ളവരുടെ ലാപ്ടോപ്പിൽ ഹാക്കർമാർ നുഴഞ്ഞുകയറി. തെളിവുകൾ കെട്ടിച്ചമച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭീമ-കൊറേഗാവ് കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.
ലോകം പെഗസ്സസിന്റെ ചാരവലയിൽ
അതേസമയം പെഗസ്സസിന്റെ ഉപയോഗം ഇന്ന് ലോകത്തിന്റെ വിവിധ മേഖലയിൽ ശക്തമാണ്. ഈ ചാര സോഫ്റ്റ്വെയറിന്റെ നിർമ്മാതാക്കൾ ഇസ്രയേൽ സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒയാണ്. തുടക്കം 2010ൽ. 2015ലെ കണക്കനുസരിച്ച് 15 കോടി ഡോളർ (1080 കോടി രൂപ) വരുമാനം ഈ കമ്പനിക്കുണ്ട്. 100 കോടി യുഎസ് ഡോളറിനാണ് ആദ്യ ഉടമകളായ ഫ്രാൻസിസ്കോ പാർട്നേഴ്സ് 2017ൽ കമ്പനി വിൽപനയ്ക്കു വച്ചത്. പിന്നീട് യൂറോപ്യൻ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ നൊവാൽഫിന ക്യാപ്പിറ്റൽ നിക്ഷേപം നടത്തി. ഇതോടെ അന്തർദേശീയ തലത്തിൽ പലരും ഇവരുടെ ക്ലൈന്റ്സായി മാറി.
സർക്കാർ ഉപയോക്താക്കൾക്കു മാത്രം സോഫ്റ്റ്വെയർ വിൽക്കാനാണ് എൻഎസ്ഒയ്ക്ക് ഇസ്രയേൽ പ്രതിരോധ വകുപ്പിന്റെ അനുമതി. എന്നാൽ മറ്റാവശ്യങ്ങൾക്കും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകരവാദികൾ, കൊടുംകുറ്റവാളികൾ എന്നിവരെ കണ്ടെത്താൻ മാത്രമാണ് പെഗസസ് ഉപയോഗിക്കുന്നതെന്നാണ് എൻഎസ്ഒയുടെ വിശദീകരണം. പക്ഷേ, ദുരുപയോഗിക്കാറുണ്ടെന്നു സുതാര്യതാ റിപ്പോർട്ടിൽ തുറന്നുപറച്ചിൽ
മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ 'എൽ ചാപ്പോ' ജോക്വിം ഗുസ്മാനെ പിടികൂടാനായി മെക്സിക്കൻ സർക്കാർ 2011 ൽ ഉപയോഗിച്ചത് പെഗസസിന്റെ ആദ്യപതിപ്പായി കണക്കാക്കുന്നത്. 2016 ൽ യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകൻ അഹമ്മദ് മൻസൂറിനെ നിരീക്ഷിക്കാനായി പെഗസസ് ഉപയോഗിച്ചെന്ന് കാനഡയിലെ സിറ്റിസൻ ലാബിന്റെ വെളിപ്പെടുത്തൽ. ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ നിരീക്ഷിക്കാൻ സൗദി അറേബ്യ പെഗസസ് ഉപയോഗിച്ചതായും റിപ്പോർട്ട്.
2019 ൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെയടക്കം ഫോൺവിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തലുണ്ടായി. ഭീമ- കൊറേഗാവ് സംഭവത്തിൽ അറസ്റ്റിലായവരെ പ്രതിനിധീകരിച്ച അഭിഭാഷകന്റെ വരെ വിവരങ്ങൾ ചോർത്തപ്പെട്ടു. 40 രാജ്യങ്ങളിലായി 60 സർക്കാർ ഉപയോക്താക്കളാണ് ഈ എൻഎസ്ഒ കമ്പനിയുടേത്. ഇതിൽ 51 ശതനമാനും ഇന്റലിജൻസ് ഏജൻസികളും 38 ശതമാനം നിയമപാലന ഏജൻസികൾ, 11 ശതമാനം സൈന്യവുമാണ്.
ഓരോ രാജ്യത്തിനും വ്യത്യസ്ത ഇനത്തിൽ പെട്ട സോഫ്റ്റ്വെയറാണ് നൽകുന്നത്. എ,ബി,സി,ഡി എന്നിങ്ങനെ 4 വിഭാഗങ്ങളായി രാജ്യങ്ങളെ തിരിക്കുന്നു. ഏറ്റവും റിസ്ക് കൂടിയ രാജ്യങ്ങൾ ഡി വിഭാഗത്തിലാണ് പെടുത്തുക. അടുത്ത ഘട്ടത്തിൽ ഓരോ വിഭാഗത്തിനും 100 മാർക്കിൽ സ്കോറിടും. ഇതിൽ എ,ബി,സി വിഭാഗങ്ങളിൽ 60 മാർക്കിനു മുകളിലുള്ള രാജ്യങ്ങൾക്കു മാത്രം സേവനം. 20ൽ താഴെയെങ്കിൽ ഒഴിവാക്കും.
പെഗസസ് ദുരുപയോഗിച്ചതിന്റെ പേരിൽ 5 വർഷത്തിനിടയിൽ എൻഎസ്ഒ 10 സർക്കാർ ഉപയോക്താക്കളെ വിലക്കിയിട്ുണ്ട്. ഇതുവഴി നഷ്ടം 746 കോടിയോളം വരും. മനുഷ്യാവകാശ പ്രശ്നങ്ങൾ മൂലം ഒരു വർഷത്തിനിടെ 15 % ബിസിനസ് സാധ്യതകൾ വേണ്ടെന്നു വച്ചു. ഇവയുടെ മൊത്തം മൂല്യം 2,238 കോടി രൂപയോളം വരും. പെഗസസിനു പുറമേ മറ്റു ടെക് ഇന്റലിജൻസ് ഉൽപന്നങ്ങൾ എൻഎസ്ഒയ്ക്കുണ്ട്. ഭീകരരെയും ലഹരി മാഫിയകളെയും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരെയും കണ്ടെത്തുക, ഡ്രോൺ നുഴഞ്ഞുകയറ്റം തടയുക തുടങ്ങിയവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ. എൻഎസ്ഒയ്ക്കു പുറമേ കാൻഡിരു, വെരിന്റ്, ക്വാഡ്രീം, സെലിബ്രൈറ്റ് എന്നീ കമ്പനികൾക്കും സമാന ചാര സോഫ്റ്റ്വെയറുകൾ.
ഒറ്റവാക്കിൽ ഒരു സൂപ്പർസ്പൈ എന്നാണ് ഇസ്രയേലിന്റെ ഈ ചാര സോഫ്റ്റ്വെയറിനെ വിശേഷിപ്പിക്കേണ്ടത്. ആരെയാണോ ലക്ഷ്യമിടുന്നത് അയാളുടെ ഫോണിൽ നുഴഞ്ഞു കയറി സമർത്ഥമായി തന്നെ ചാരപ്പണി എടുക്കുന്ന വില്ലനാണ് ഇപ്പോൾ കേന്ദ്ര മന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും ഫോണുകൾ ചോർത്തിയെന്ന് ഇന്ത്യയിൽ ആരോപണ വിധേയനായിരിക്കുന്ന വില്ലൻ.
തങ്ങളുടെ ഫോണിൽ ഇത്തരമൊരു മാൽവെയർ കയറി എന്ന ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് പെഗസ്സസിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ ഒരു സൂപ്പർസ്പൈയാണ് ഇത്. സ്മാർട് ഫോണിനകത്ത് സമർത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോർത്തി സ്വയം മരണം വരിക്കുന്ന ചാവേറാണ് ഇവൻ. മൊബൈൽ കമ്പനികൾ തമ്മിൽ ആഗോള തലത്തിൽ യുദ്ധമുണ്ടായപ്പോൾ ആപ്പിളിനെ ലക്ഷ്യമിട്ടാണ് പെഗസ്സസ് നിർമ്മിച്ചത്.
എന്നാൽ, പിന്നീട് ആൻഡ്രോയ്ഡിലും ബ്ലാക്ക് ബെറിയിലും പ്രവർത്തിക്കുന്ന സംവിധാനമായി ഇത് മാറി. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഈ ദുഷ്ടപ്രോഗ്രാം ഫോൺകോളുകൾ, മെസേജുകൾ, ഫോട്ടോകൾ, ക്യാമറ, മൈക്രോഫോൺ, ഇമെയിൽ, കലണ്ടർ, എസ്എംഎസ്, ലൊക്കേഷൻ, നെറ്റ്വർക്ക് ഡീറ്റെയിൽസ്, സെറ്റിങ്സ്, ബ്രൗസ് ഹിസ്റ്ററി, കോൺടാക്ട്സ് തുടങ്ങിയ സമസ്തമേഖലകളേയും കൈക്കലാക്കും. ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി അത് കൈമാറുന്ന വിരുതൻ കൂടിയാണ്.
ഫേസ്ബുക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ആകെ 1400ലധികം ഫോണുകളിൽ പെഗസ്സസ് ബാധിച്ചുവെന്നാണ് കണക്ക്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷാൽ വാട്സ് ആപ്പിനെയും വിറപ്പിച്ചിട്ടുണ്ട് പെഗസ്സസ്. 2019ലായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം. വളരെ നേരത്തെ തന്നെ ഇതേ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും നീണ്ട നാളത്തെ പരിശോധനകൾക്കൊടുവിലാണ്് അത് പെഗസ്സസ് എന്ന മാൽവേറാണെന്ന് മനസിലാകുന്നത്.
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെഗസ്സസ്. ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും വിവിധ സർക്കാരുകൾക്ക് വേണ്ടി സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണ് തങ്ങളെന്നും എൻ.എസ്.ഒ ആവർത്തിച്ച് വ്യക്തമാക്കുന്നു. തങ്ങളുടെ കോളിങ് സംവിധാനത്തിൽ എന്തൊക്കെയോ സംഭവിക്കുന്നതായി വാട്സ്ആപ്പിന് സൂചന കിട്ടിയിരുന്നു. അതിന് പിന്നിൽ പെഗസ്സസ് ആണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. അതോടെ പെഗസ്സസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകൾക്ക് പുതിയ അപ്ഡേറ്റ് സ്വീകരിക്കാൻ അവർ മുന്നറിയിപ്പ് നൽകി.
മറുനാടന് ഡെസ്ക്