- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസ്സസ് വിവാദം തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി അന്വേഷിക്കും; പെഗസ്സസിന്റെ ഒരു ലൈസൻസിന് വർഷം മുടക്കേണ്ടത് 50 കോടി; നിരീക്ഷിക്കാവുന്നത് 500 സ്മാർട്ട്ഫോണുകൾ; ഒരേസമയം പരമാവധി 50 ഫോണുകളും നിരീക്ഷിക്കാം; പണം മുടക്കിയത് ആരെന്ന സ്വാമിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നത്
ന്യുഡൽഹി: ഇസ്രയേൽ ചാര സോഫ്ട്വേർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂടിപിടിക്കുമ്പോൾ ബിജെപി നേതാവ് കൂടിയായ സുബ്രഹ്മണ്യം സ്വാമി ഉയർത്തിയ ഒരു ചോദ്യമുണ്ട്. ആരാണ് പെഗസ്സസിന് പണം മുടക്കുന്നതെന്ന്. സർക്കാർ സംവിധാനങ്ങൾ വഴിയാണ് ഈ ചോർത്തൽ നടക്കുന്നതെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ് മോദിയെയും ഷായെയും ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ചോദ്യം. വൻതോതിൽ പണം മുടക്കേണ്ട അവസ്ഥയുണ്ട് ചാരപ്പണിക്കായി. ഇതിന് സാധിക്കുന്നത് സർക്കാർ സംവിധാനങ്ങൾക്കാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദമായിട്ടും ഇതിൽ ഒരു അന്വേഷണവും കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതിനിടെ വിവാദം പരിശോധിക്കാനാണ് ഐടി കാര്യ പാർലമെന്ററി കാര്യ സമിതി തീരുമാനിച്ചിരിക്കുന്നത്. ഇസ്രയേൽ ചാര സോഫ്ട്വേർ ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയ-നിയമ-ഉദ്യോഗസ്ഥ-മാധ്യമ മേഖലയിലെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിലാണ് പാർലമെന്ററി കാര്യ സമിതി ചേരുന്നത്. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ സമിതി ഈ മാസം 28ന് യോഗം ചേരും.
'പൗരന്മാരുടെ വിവര സുരക്ഷയും സ്വകാര്യതയും' സ്റ്റാൻഡിങ് സമിതി ചർച്ച ചെയ്യുമെന്ന് ശശി തരൂർ വ്യക്തമാക്കി. ഇലക്ട്രോണിക്സ് ആൻഡ് ഐടി, ആഭ്യന്തരം, വാർത്താ വിനിമയം മന്ത്രാലയങ്ങളിലെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരോട് സമിതി വിശദീകരണം തേടുമെന്നും തരൂർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ദേശീയ സുരക്ഷയ്ക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് പെഗസ്സസ് വഴി പുറത്തുവന്നതെന്നും സർക്കാർ വിശദീകരണം നൽകണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ പാർലമെന്ററി സമിതിയുടെ അന്വേഷണമല്ല, സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂർ പറഞ്ഞൂ.
ഇസ്രയേൽ നിർമ്മിത സോഫ്ട്വേറായ പെഗസ്സസ് ഉപയോഗിച്ചുള്ള ചാരപ്പണിയെ ചൊല്ലി കഴിഞ്ഞ രണ്ടു ദിവസമായി പാർലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. ദ വയർ, വാഷിങ്ടൺ പോസ്റ്റ്, മറ്റ് മാധ്യമ സ്ഥാപനങ്ങൾ എന്നിവ നടത്തിയ അന്വേഷണത്തിലാണ് പെഗസ്സസിന്റെ ചാരപ്പണി പുറത്തുവന്നത്. എന്നാൽ ചാരപ്പണി നടന്നിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
രാജ്യത്ത് പെഗസ്സസിന്റെ കടന്നുകയറ്റുമുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. ഇസ്രയേൽ ഈ സോഫ്ട്വേർ സർക്കാരുകൾക്ക് മാത്രമാണ് വിൽക്കുന്നത്. ഏതു സർക്കാരിനു വിറ്റു എന്നതാണ് വിഷയം. കേന്ദ്രസർക്കാർ ഇത് വാങ്ങിയിട്ടില്ലെന്നാണ് പറയുന്നത്. മറ്റേതോ സർക്കാർ ഇത് ചെയ്തിട്ടുണ്ട്. ഇന്ത്യാ സർക്കാർ ഇതു ചെയ്തിട്ടില്ലെങ്കിൽ പിന്നെയാരാണ് ചെയ്തത്? അങ്ങനെയെങ്കിൽ അത് ദേശീയ സുരക്ഷയുടെ കാര്യത്തിൽ അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും തരൂർ പറഞ്ഞു.
അതേസമയം 2009ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് നിർമ്മിച്ച ചാരസോഫ്റ്റ്വേർ ഉപഭോക്താക്കളായി ഉള്ളത് നിരവധി രാജ്യങ്ങളാണ്. ഇക്കൂട്ടത്തിൽ ഇന്ത്യയുമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോർത്തുന്ന മാൽവേർ. 'പെഗസ്സസി'നെ ഐഫോണിലും ആൻഡ്രോയ്ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഇ-മെയിലുകൾ എന്നിവ ചോർത്താൻ കഴിയും.
സർക്കാരുകളുമായി ചേർന്നുമാത്രമാണ് തങ്ങളുടെ പ്രവർത്തനമെന്ന് എൻ.എസ്.ഒ. പറയുന്നു. മെക്സിക്കോ, പാനമ സർക്കാരുകൾ പെഗസ്സസ് ഉപയോഗിക്കുന്നു എന്നത് പരസ്യമാണ്. മനുഷ്യാവകാശസംരക്ഷണത്തിൽ മികച്ച റെക്കോഡുള്ള രാജ്യങ്ങളിലെ സൈന്യം, നിയമനിർവഹണ-രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്കാണ് പെഗസ്സസ് വിൽക്കുന്നതെന്ന് എൻ.എസ്.ഒ. അവകാശപ്പെടുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് ഉപയോക്താക്കളിൽ 51 ശതമാനവുമെന്ന് കമ്പനി.
പെഗസ്സസ് വിൽക്കുക എന്നുവച്ചാൽ വാങ്ങുന്നവർക്ക് ഈ ചാര സോഫ്റ്റ്വേർ ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുക എന്നാണ് അർഥം. എത്രകാലത്തേക്കാണ് ലൈസൻസ് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വില. ഒരു ലൈസൻസിന് വർഷം 50 കോടിയിലേറെ രൂപ ചെലവുവരും. ഒറ്റ ലൈസൻസുവെച്ച് 500 സ്മാർട്ട്ഫോണുകൾവരെ നിരീക്ഷിക്കാം. പക്ഷേ, ഒരേസമയം പരമാവധി 50 എണ്ണമേ നിരീക്ഷിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ ഇന്ത്യ പോലൊരു രാജ്യത്ത് വ്യക്തികളോ കോർപ്പറേറ്റുകളോ ഇത്തരം വലിയ തുക മുടക്കാൻ സാധ്യതയില്ല. രാജ്യത്ത് പ്രതിരോധത്തിനും ഇന്റലിജൻസിനുമായി ഉപയോഗിക്കുന്ന ഏജൻസുകളാകും ഉപയോക്താക്കൾ. ഇവർക്കാണ് ഓഡിറ്റ് ഇല്ലാതെ ഏറ്റവും കൂടുതൽ പണം മുടക്കേണ്ടിയും വരിക.
വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മൊൺഡേ, ദ വയർ എന്നിവയുൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണമാണ് ഇപ്പോൾ വിവാദമായ പെഗസ്സസ് പ്രോജക്ട്. പാരീസ് ആസ്ഥാനമായുള്ള ഫൊർബിഡൻ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനും ചോർന്നുകിട്ടിയ 50,000 ഫോൺ നമ്പറുകൾ കൂടുതൽ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഈ പട്ടികയിൽനിന്നാണ് അമ്പതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെപ്പേരെ നിരീക്ഷിച്ചതായി കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ