- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത് ക്ഷേമ രാഷ്ട്രീയത്തിന്റെ തമിഴ്നാട് മോഡൽ; സാമൂഹ്യ ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തിച്ചതും കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകളും സാധാരണക്കാരുടെ വോട്ടായി മാറി; പ്രതിമാസം ഖജനാവിൽ നിന്നും 1110 കോടി രൂപ മാത്രം രണ്ടിനത്തിലുമായി ചെലവിടുമ്പോഴും വോട്ടിൽ നേട്ടമായി മാറി
തിരുവനന്തപുരം: ഇടതു സർക്കാറുകൾ അധികാരത്തിൽ വരുമ്പോൾ പൊതുവായി മറ്റ് വികസന കാര്യങ്ങളേക്കാൾ സാമൂഹ്യക്ഷേമ പെൻഷനുകളിൽ അടക്കം കൃത്യത വരുത്താറുണ്ട്. വി എസ് സർക്കാർ തുടർന്നുവന്ന ഈ രീതി പിണറായി അധികാരത്തിൽ എത്തിയപ്പോൾ കൂടുതൽ മെച്ചപ്പെടുത്തിയതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു സർക്കാറിന് നേട്ടമായി മാറിയത്. കോവിഡും പ്രളയവും അടക്കമുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന സർക്കാർ ജനങ്ങളെ പട്ടിണിയിൽ ആക്കാതെ കൊണ്ടുപോയി എന്നതു തന്നെയാണ് സാധാരണക്കാരുടെ വോട്ടുകൾ ഇടതു മുന്നണിയിൽ ക്രമീകരിക്കാൻ ഇടയാക്കിയത്. തമിഴ്നാട് മോഡൽ ക്ഷേമ രാഷ്ട്രീയം കേരളത്തിലും വേരുപിടിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണിത്. എറണാകുളത്ത് ട്വന്റി ട്വന്റി വിജയവും വ്യക്തമാക്കുന്നതും ഇതു തന്നെയാണ്.
റേഷൻ കട വഴി നൽകിയ കിറ്റും സമയബന്ധിതമായുള്ള ക്ഷേമപെൻഷൻ വിതരണവുമാണ് എൽഡിഎഫിനെ തദ്ദേശ തിരഞ്ഞെടുപ്പിൽ തുണച്ചതെങ്കിൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് പോകുക സർക്കാരിന് തന്നെയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും ഇവ മുടക്കംകൂടാതെ കൊണ്ടുപോകാൻ കഴിഞ്ഞതു നേട്ടമായി മാറി. ധനമന്ത്രി തോമസ് ഐസക്കിന്റെ മിടുക്കിൽ പെൻഷനുകൾ മുടക്കം കൂടാതെ നൽകാനും സർക്കാറിന് സാധിച്ചു. ഇതെല്ലാമാണ് നേട്ടമായി മാറിയത്.
അരക്കോടി ജനങ്ങൾക്കു നൽകുന്ന സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ പടിപടിയായി വർധിപ്പിച്ച് 1400 രൂപയാക്കിയതും നേട്ടമായി. ഇത് 1500 രൂപയാക്കുമെന്നു പ്രകടനപത്രികയിൽ വാക്കു നൽകിയതും നേട്ടമായി. മൂന്നും നാലും മാസം കൂടുമ്പോൾ നൽകിയിരുന്ന പെൻഷൻ പ്രതിമാസം നൽകിയതും ഗുണം ചെയ്തു. ഈ പെൻഷൻ വിതരണം നിയമസഭാ തെരഞ്ഞെടുപ്പു വരെ തുടരാൻ തന്നെയാണ ഇടതു മുന്നണിയുടെ ലക്ഷ്യം.
അതേസമയം സംസ്ഥാന ഖജനാവിനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യത ഉണ്ടാക്കുന്നതാണെങ്കിലും ജനങ്ങളിലേക്ക് പണം എത്തിക്കാനും വിപണിയെ ഉണർത്താനും ഇതിലൂടെ സർക്കാറിന് സാധിക്കുന്നുണ്ട്. 710 കോടി രൂപയാണു പ്രതിമാസം ക്ഷേമ പെൻഷനു വേണ്ടത്. ഈ പണം 48% പേർക്കും വീട്ടിൽ എത്തിച്ചു നൽകുകയാണ്. ബാക്കിയുള്ളവർക്കു ബാങ്ക് വഴിയും. റേഷൻ കട വഴി എല്ലാ കുടുംബങ്ങൾക്കും കിറ്റ് നൽകാൻ ലോക്ഡൗൺ കാലത്താണു തീരുമാനിച്ചത്. ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒൻപതിനം ഉൽപന്നങ്ങളടങ്ങിയ കിറ്റ് വലിയ ആശ്വാസമായി. 6 മാസമായി സർക്കാർ ഇതു നൽകുന്നു. 400 കോടിയാണു പ്രതിമാസച്ചെലവ്. പണം കണ്ടെത്തുന്നതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്.
സ്വർണ്ണക്കടത്തും സ്വപ്നവിവാദവും ബിനീഷ് കോടിയേരിയും ഇഡിയുമൊക്കെയായി കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുമ്പോൾ തദ്ദേശത്തിലെ മിന്നുന്ന വിജയം പിണറായി സർക്കാറിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. സർക്കാർ നടത്തിയ ക്ഷേമ പരിപാടികൾ തന്നെയാണ് വോട്ടായത് എന്നുതന്നെയാണ് സിപിഎം നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നത്. താഴെക്കിടയിൽ സ്വപ്നയും ശിവശങ്കറും ഒന്നുമല്ല ചർച്ചയായതെന്നും പാർട്ടി കരുതുന്നു.
മുന്നണിയും കക്ഷി ബന്ധങ്ങളും കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാവുകയാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ജോസ് കെ മാണിയും, വീരേന്ദ്രകുമാറിന്റെ എൽജെഡിയും വന്നതോടെ മുന്നണി ശക്തിപ്പെട്ടു. കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ കേരളാ കോൺഗ്രസും, മലബാറിൽ എൽജെഡിയും വന്നത് ഗുണം ചെയ്തു. മറ്റൊന്ന് ചെറുകിട പാർട്ടികളുടെയും മറ്റ് കൂട്ടായ്മകളും ഇത്തവണ വ്യാപകമായി രംഗത്ത് ഇറങ്ങിയതാണ്. അങ്ങനെ വോട്ട് ഭിന്നിക്കുമ്പോൾ അതിന്റെ ഗുണം കിട്ടുക സ്വാഭാവികമായും കേഡർ പാർട്ടിയായ സിപിഎമ്മിന് ആണ്. അതുപോലെ തന്നെ ബിജെപി നല്ല രീതിയിൽ കോൺഗ്രസ് വോട്ടുകൾ പിടിക്കുന്ന സാഹചര്യവും ഈ തെരഞ്ഞെടുപ്പിൽ കണ്ടു. തിരുവനന്തപുരം നഗരസഭയിൽ അടക്കം അത് പ്രകടമാണ്.
മറുനാടന് മലയാളി ബ്യൂറോ