- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബി എടുത്തത് 1930 കോടിയുടെ വായ്പ എങ്കിൽ പെൻഷൻ കമ്പനി എടുത്തു കൂട്ടിയത് 6843 കോടി; ഇതും ബജറ്റിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി സിഎജി; 60 ലക്ഷം പേരുടെ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കമെന്ന് പിണറായി സർക്കാരും; സർക്കാർ ഗാരന്റിയിലെ വായ്പകൾക്ക് എതിരെ വീണ്ടും റിപ്പോർട്ട്
തിരുവനന്തപുരം: സർക്കാർ ഗാരന്റിയിലെ വായ്പ എല്ലാം ബജറ്റിൽ ഉൾപ്പെടുത്തണമെന്ന വാദവുമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. കിഫ്ബിയ്ക്കൊപ്പം മറ്റ് കടമെടുക്കൽ സ്ഥാപനങ്ങളേയും നോട്ടമിടുകയാണ് സിഎജി. ഇതോടെ കേരളത്തിന്റെ വായ്പാ പരിധിയിൽ ഇനിയുള്ള ഇടപടെലുകളും നടപടികളും നിർണ്ണായകമാകും. കോടതികളിലേക്ക് തർക്കം എത്തിയാൽ അത് പുതിയ നിയമ ചർച്ചകൾക്കും വഴിവയ്ക്കും.
ബജറ്റിനു പുറത്ത് കടമെടുക്കാൻ സംസ്ഥാന സർക്കാർ ആശ്രയിക്കുന്ന സ്ഥാനമാണ് കിഫ്ബി. കിഫ്ബി കണക്കുകളെ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അടുത്ത് ലക്ഷ്യമിടുന്നത് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനെ (കെഎസ്എസ്പിഎൽ) ആണ്. 2019-20ൽ 6,843 കോടി രൂപ ഈ സ്ഥാപനം വായ്പയെടുത്തത് ബജറ്റിന്റെ ഭാഗമായല്ലെന്നും ഇതു തെറ്റായ പ്രവണതയാണെന്നും സിഎജി പറയുന്നു.
ഈ കണക്കുകൾ ബജറ്റിന്റെ ഭാഗമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. കിഫ്ബി 1,930 കോടി രൂപയാണ് ഈ കാലയളവിൽ കടമെടുത്തതെങ്കിൽ അതിന്റെ മൂന്നിരട്ടിയാണ് പെൻഷൻ കമ്പനി വായ്പയായി വാങ്ങിയത്. ഇത് ഞെട്ടിക്കുന്ന കണക്കുകളാണ്. ക്ഷേമ പെൻഷനും സാമൂഹിക സുരക്ഷാ പെൻഷനും വിതരണം ചെയ്യാൻ ഖജനാവിൽ പണമില്ലാതെ വരുമ്പോൾ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമൊക്കെ വായ്പയെടുക്കാനായി രൂപീകരിച്ച കമ്പനിയാണ് കെഎസ്എസ്പിഎൽ.
സർക്കാർ ഗാരന്റിക്കു പുറത്താണ് കമ്പനി വായ്പയെടുക്കുന്നത്. സർക്കാർ ആവശ്യത്തിന് വേണ്ടിയാണഅ വായ്പ എടുക്കലും. ഇതാണ് സിഎജിയെ ഈ നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നതും. ഈ കമ്പനിയുടെ വായ്പ വാങ്ങലിന് സർക്കാർ ഗാരന്റി നിൽക്കുന്നതിനാലും സർക്കാർ നടത്തേണ്ട പെൻഷൻ ചെലവുകൾ ഈ കമ്പനി ഏറ്റെടുക്കുന്നതിനാലും ബജറ്റിൽ ഈ വായ്പ വാങ്ങൽ ഉൾപ്പെടുത്തണമെന്നാണ് സിഎജിയുടെ ആവശ്യം.
60 ലക്ഷത്തോളം പേർക്കുള്ള പെൻഷൻ മുടങ്ങാതിരിക്കാൻ ഒരുക്കിയ സൗകര്യത്തെ സിഎജി എതിർക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിനു കീഴിലും ഇത്തരം ഫണ്ടുകളുണ്ടെന്നും കെഎസ്എസ്പിഎൽ നിർത്തലാക്കില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇത് പുതിയ തർക്കങ്ങൾക്കും വഴിവയ്ക്കും.
കിഫ്ബി എടുക്കുന്ന വായ്പകൾ ബജറ്റിന് പുറത്തുള്ള കടമാണെന്നും ഇത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നും സിഎജി വിശദീകരിക്കുന്നത് മുന്നറിപ്പ് രൂപത്തിലാണ്. വലിയ കടക്കണിയിലേക്ക് കേരളം പോകുന്നതിന്റെ സൂചനകളാണ് ഇതിലുള്ളത്. ഇതിന് പിന്നാലെയാണ് പുതിയ വിലയിരുത്തലും. 2018-19ലെ സി.എ.ജിയുടെ റിപ്പോർട്ടിലെ ഇത്തരം പരാമർശങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നില്ല. നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച് അവ നീക്കിയിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ഒരിക്കൽ നിയമസഭ വെട്ടിയ പരാമർശങ്ങൾ ഉൾപ്പെടുത്തി സി.എ.ജി തയ്യാറാക്കിയ 2019-2020ലെ സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് വീണ്ടും നിയമസഭയിൽ എത്തുകയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സി.എ.ജി. റിപ്പോർട്ട് നിയമസഭയിൽ എത്തുന്നതിനുമുമ്പേ വിവരങ്ങൾ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും സർക്കാരും ചർച്ചയാക്കിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. കിഫ്ബിയെക്കുറിച്ചുള്ള സി.എ.ജി. പരാമർശങ്ങൾ പ്രതിപക്ഷവും ആയുധമാക്കി. കേരളത്തിലെ എ.ജി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എഴുതിയ മൂന്നുപേജ് റിപ്പോർട്ട് നിയമവിരുദ്ധമായി കരട് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തെന്നാണ് അന്ന് സർക്കാർ ആരോപിച്ചത്.
കിഫ്ബിയുടെ വൻതോതിലുള്ള വായ്പകൾകൂടി ഇതിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കടക്കും. കടമെടുപ്പ് പരിധി ബാധിക്കാതെ വായ്പയെടുത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ കിഫ്ബി ഉണ്ടാക്കിയത്. ഇതു തന്നെ പ്രതിസന്ധിയിലായി മാറും. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമർശിക്കുന്നതെന്നും പ്രതിപക്ഷം നിലപാട് എടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ