- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽ
കണ്ണൂർ: പേരാവൂരിൽ പോരാട്ടത്തിന് പുതുമുഖത്തെ ഇറക്കി സിപിഎം അങ്കം കുറിച്ചു. മലയോര കർഷകരുടെ ചൂടും ചൂരും നിറഞ്ഞ പേരാ വൂർ ഇക്കുറി തിരിച്ചു പിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം ഇക്കുറി തങ്ങളുടെ ഇരിട്ടി ഏരിയാ സെക്രട്ടറിയെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്. എസ്.എഫ് ഐ നേതാവും പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സക്കീർ ഹുസൈനെന്ന യുവ നേതാവിനെയാണ് സിപിഎം ഇക്കുറി സിറ്റിങ് എം.എൽ എ യായ സണ്ണി ജോസഫിനെ തറപറ്റിക്കാനായി രംഗത്തിറക്കിയിട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ആറളം അയ്യൻ കുന്ന് കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്. പായം, പേരാവൂർ എട്ടു പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേർന്നതാണ് മണ്ഡലം ഇതിൽ അയ്യൻ കുന്നും കൊട്ടിയൂരും ഒഴികെയുള്ള ആറു പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണമാണ്. ആറളവും കണിച്ചാറും ഇക്കുറി യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തു. തുല്യ സീറ്റു നേടിയ കൊട്ടിയൂരിൽ ഇക്കുറി യു.ഡി.എഫിന് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം ലഭിച്ചുവെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനവും നാല് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും എൽ.ഡി.എഫിനാണ്.
ട
തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിന് ശേഷം നടന്ന ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനോയ് കുര്യൻ വൻ ദുരി പക്ഷത്തിനാണ് യു.ഡി.എഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തത്. എന്നാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടു വെന്ന് സമ്മതിക്കുമ്പോഴും നിയമസഭാ തെരഞ്ഞടുപ്പിൽ വോട്ടിങ് പാറ്റേൺ മാറ്റമാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ഇതു മൂന്നാം വട്ടവും ജനവിധി തേടുന്ന സിറ്റിങ് എംഎൽഎ സണ്ണി ജോസഫിന് മുൻ കൈനേടി കൊടുക്കുമെന്നാണ് അവകാശവാദം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ നിരവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയിട്ടുണ്ടെന്നും അതു വോട്ടായി മാറുമെന്നാണ് സണ്ണി ജോസഫിന്റെ പ്രതീക്ഷ വികസന പ്രവർത്തനങ്ങളല്ല വിവാദ പ്രവൃത്തികളാണ് പേരാവൂർ മണ്ഡലത്തിൽ നടന്നതെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. ബാരാപോൾ പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിൽ എം.എൽ എ യ്ക്കു പങ്കുണ്ടെന്നാണ് ആരോപണം. പേരാവൂർ മേഖലയിലെ ക്വാറികളും ക്രഷറും എം.എൽ എ യുടെ ബിനാമികളാണ് നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു. റബ്ബറിന് താങ്ങു വില, ഡൽഹിയിലെ കർഷക സമരം ആറളത്തെ കാട്ടാന ശല്യം തുടങ്ങി ഒട്ടേറ നീറുന്ന പ്രശ്നങ്ങളാണ് ഇക്കുറി മണ്ഡലത്തിൽ ചർച്ചയാവുക.
കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തായ പേരാവൂരിൽ തിരുവിതാംകൂർ ഭാഗത്തു നിന്നും കുടിയേറി പാർത്ത കർഷകരാണ് കൂടുതലുള്ളത്. ഇവരെ കൂടാതെ എസ്.എൻ.ഡി.പി യും എൻ.എസ് എസും ശക്തമാണ്. 1977 ൽ രൂപീകരിച്ച മണ്ഡലത്തിന് ഇരു മുന്നണികളെയും മാറി മാറി വരിച്ച ചരിത്രമാണ് പറയാനുള്ളത് ആദ്യ അഞ്ച് തവണ തുടർ വിജയം കരസ്ഥമാക്കിയ കോൺഗ്രസ് നേതാവ് കെ.പി നുറുദ്ദീൻ ഇതിൽ രണ്ടു തവണ ആന്റണി കോൺഗ്രസുകാരനായി ചുവടു മാറി ഇടതുചേരിയിൽ നിന്നാണ് ജയിച്ചു കയറിയത്. പിന്നീട് യു.ഡി.എഫിലായ നുറുദ്ദിനെതിരെ 1996 ൽ എൽ.ഡി.എഫി ലെ കെ.ടി കുഞ്ഞഹമ്മദ് (കോൺഗ്രസ് - എസ്) അട്ടിമറി വിജയം നേടി.
അടുത്ത തെരഞ്ഞെടുപ്പിൽ പ്രൊഫ. എ.ഡി. മുസ്തഫയിലൂടെ വീണ്ടും യു.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കുകയുണ്ടായി. എന്നാൽ 2006-ൽ കെ.കെ ശൈലജയിലൂടെ വീണ്ടും മണ്ഡലം എൽ.ഡി.എഫ് തന്നെ കരസ്ഥമായി. 2011 ലും 2016ലും അഡ്വ. സണ്ണി ജോസഫിലൂടെ യു ഡി.എഫ് പേരാവൂരിന്റെ ഹൃദയം കീഴടക്കി. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ.സുധാകരന് മലയോര മണ്ഡലം വൻ ഭൂരിപക്ഷമാണ് നൽകിയത്. എന്നാൽ ഹാടിക് വിജയത്തിനായി ഇറങ്ങുന്ന സണ്ണി ജോസഫിനെതിരെ പുതുമുഖമായ സക്കീർ ഹുസൈനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ വീണ്ടും മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ തവണ സണ്ണി ജോസഫിനോട് പരാജയപ്പെട്ട ബിനോയ് കുര്യൻ ഇരിട്ടി ഏറിയാ സെക്രട്ടറിസ്ഥാനത്തു നിന്നും മാറി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചതോടെയാണ് ഇരിട്ടി സ്വദേശിയായ സക്കീർ ഹുസൈൻ ഏരിയാ സെക്രട്ടറിയാവുന്നത്. മണ്ഡലത്തിൽ ഏറെ സുപരിചിതനായ സക്കീറിലൂടെ മിന്നും ജയത്തിനാണ് എൽ.ഡി.എഫ് വിയർപ്പൊഴുക്കുന്നത്. മണ്ഡലത്തിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുപോരും കേരളാ കോൺഗ്രസ് ജോസ് കെ.മാണിയുടെ കടന്നുവരവും പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.