- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൻപുറത്തും മലയോരമേഖലയിലും കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം വൈറസ് ബാധ; വ്യാപനം അതിവേഗം; മനുഷ്യർക്ക് കുഴപ്പമില്ലെങ്കിലും വളർത്തു മൃഗങ്ങളിലേക്ക് പകരും: കോന്നി വനമേഖലയിൽ ഓർത്തോമിക്സോ വൈറസ് ബാധിച്ച് ചത്തത് നൂറുകണക്കിന് കാട്ടുപന്നികൾ
പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും നാട്ടിൻപുറങ്ങളിലും കാട്ടുപന്നി കൂട്ടത്തോടെ ചത്തു വീണതിന് കാരണം വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. കോന്നി വനം ഡിവിഷനിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെയാണ് കാരണം തേടി കൂടുതൽ അന്വേഷണത്തിനും പരിശോധനയ്ക്കും വനംവകുപ്പ് തയാറായത്.
പന്നിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മരണകാരണം വൈറസ് ബാധയാണന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഇത് ഏതു തരമാണെന്ന് മനസിലാക്കിയിരുന്നില്ല. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി വയനാട് വെറ്റിനറി യൂണിവേഴ്സിറ്റിയുടെ പൂക്കോട് ലാബിലേക്ക് ആന്തരികാവയവങ്ങൾ അയച്ചു. ഇതുകൊണ്ട് പൂർണഫലം ലഭിക്കില്ലെന്ന് ലാബ് അധികൃതർ ചൂണ്ടിക്കാട്ടി.
ചത്ത പന്നിയുടെ ജഡം പൂർണമായി അയയ്ക്കണമെന്ന ഡോക്ടർ നിർദേശിച്ചു. ഇതു പ്രകാരം ഡിഎഫ്ഒ ശ്യാം മോഹൻ ലാലിന്റെ നിർദ്ദേശാനുസരണം പന്നിയുടെ ജഡം പൂർണമായും ലാബിൽ എത്തിച്ചു. ഇതു സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിഎഫ്ഓയ്ക്ക് വെറ്റിനറി ഡോക്ടർ റിപ്പോർട്ട് കൈമാറിയത്.
തൃശൂർ, പാലക്കാട് ജില്ലകളിലും മുമ്പ് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചാൽ ഒരാഴ്ചയ്ക്കകം പന്നികൾ ചത്തുവീഴും. നാട്ടുപന്നികളിൽ നിന്നും കാട്ടുപന്നികളിലേക്ക് പടർന്നതാകാമെന്നാണ് നിഗമനം. വളരെ വേഗത്തിൽ രോഗം പടർന്നു പിടിക്കുമെങ്കിലും മനുഷ്യരിലേക്ക് പകരാൻ സാധ്യത ഇല്ലന്നാണ് പറയപ്പെടുന്നത്. പന്നികളുമായി സമ്പർക്കത്തിൽപ്പെട്ടാൽ വളർത്തു മൃഗങ്ങളിലേക്കും രോഗം പടരാൻ ഇടയുണ്ട്.
കോന്നി വനം ഡിവിഷന്റെ വിവിധ റേഞ്ചുകളിൽ മാസങ്ങളായി വനത്തിനുള്ളിലും ജനവാസ കേന്ദ്രങ്ങളിലും കാട്ടുപന്നികൾ ചത്തുവീഴുന്നത് വനപാലകരിൽ ആശങ്ക ഉളവാക്കിയിരുന്നു. ചത്ത പന്നികളെ ചാക്കിലാക്കി മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി സംസ്കരിക്കുന്ന ഫീൽഡ് ജീവനക്കാർ ഇത് ഏറെ ഭയപ്പെട്ടിരുന്നു. വെറ്റിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവു ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പന്നികൾ കോവിഡ് രോഗികൾ ഉപയോഗിച്ച ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങളും ഭക്ഷിക്കുന്നതു മൂലം കോവിഡ് ബാധിച്ചതാകാമെന്ന് ജീവനക്കാർ ഭയന്നിരുന്നു.
ഇതേ തുടർന്നാണ് മരണ കാരണത്തേക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ നടത്താൻ അധികൃതർ തയാറായത്. അടുത്ത കാലത്ത് കല്ലേലി, ഊട്ടുപാറ എന്നിവിടങ്ങളിൽ മാത്രം പത്തോളം കാട്ടുപന്നികളാണ് ചത്തത്. ഓർത്തോമിക്സോ വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മ അണുവിനാൽ ആതിഥേയ ജീവിയിൽ ഉണ്ടാകുന്ന രോഗബാധയെയാണ് പന്നിപ്പനി എന്ന് വിളിക്കുന്നത്. പന്നിയിലും മനുഷ്യനിലുമാണ് പന്നിപ്പനി കണ്ടെത്തിയിട്ടുള്ളത്.
1918ലാണ് ആദ്യമായി പന്നിപ്പനി എന്ന വൈറസ് കണ്ടെത്തുന്നത്. ഇത്തരം വൈറസുകൾക്ക് 2009 ൽ നിരവധി ഉപവിഭാഗങ്ങളും ഉണ്ടായി.ഇതിൽ ഇൻഫ്ളുവൻസ് സി എന്ന വ്യത്യസ്ത തരവും എച്ച് 1 എൻ 1, എച്ച് 1 എൻ 2, എച്ച് 3 എൻ1, എച്ച് 3 എൻ 2, എച്ച് 2 എൻ 3 എന്നീ ഉപവിഭാഗങ്ങളും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ ഈ രോഗബാധയുണ്ടായാൽ പനി,ചുമ, തൊണ്ടവേദന, ശരീരവേദന, വിറയൽ, ക്ഷീണം ഇവയെല്ലാം അനുഭവപ്പെടും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്