- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞൊടിയിടയിൽ ആക്രമണം നടത്താൻ ഇന്ത്യൻ സേനക്ക് മറ്റൊരു ആയുധം കൂടി; പിനാക്ക റോക്കറ്റ് ലോഞ്ചറിന്റെ ആക്രമണ പരിധി 75 കിലോമീറ്ററായി വർധിപ്പിച്ചു; പരീക്ഷണം വിജയകരമാകുമ്പോൾ അഭിമാനം കൊള്ളുന്നത് കഞ്ചിക്കോട്ടെ ബെമലും; അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് സേനക്ക് കരുത്താകാൻ പിനാക്ക
ന്യൂഡൽഹി: അതിർത്തിയിൽ ഭീഷണികൾ കൂടുതൽ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ കരുത്തു നേടാൻ ഇന്ത്യൻ സൈന്യം. തങ്ങളുടെ ആയുധ ശ്രേണിയിൽ മറ്റൊരു പുതുക്കിയ വീരനെ കൂടി ലഭ്യമായ സന്തോഷത്തിലാണ് സൈന്യം. ആക്രമണപരിധി 60 കിലോമീറ്ററിൽനിന്ന് 75 കിലോമീറ്ററായി വർധിപ്പിച്ച് പിനാക റോക്കറ്റ് വ്യൂഹത്തിന്റെ പരിഷ്കരിച്ച പതിപ്പ് (പിനാക എക്സ്റ്റൻഡഡ് റേഞ്ച് പിനാക ഇആർ) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം വിജയകമാരമായതോടെ പരിഷ്ക്കരിച്ച പതിപ്പും അധികം വൈകാതെ സൈന്യത്തിന് ലഭിക്കും.
രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ നടന്ന പരീക്ഷണത്തിൽ വിവിധ ദൂരങ്ങളിലേക്കായി 24 റോക്കറ്റുകൾ വിജയകരമായി തൊടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.കൂട്ടത്തോടെയുള്ള റോക്കറ്റ് ആക്രമണത്തിലൂടെ ശത്രുനിരയിൽ 44 സെക്കൻഡിനുള്ളിൽ 7 ടൺ സ്ഫോടകവസ്തു വർഷിക്കാൻ പിനാകയ്ക്കു കഴിയും.
അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് പിനാക സേനയ്ക്കു കരുത്തേകും. ഡിആർഡിഒ, പുണെയിലെ ആർമമെന്റ് റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എആർഡിഇ), ഹൈ എനർജി മെറ്റീരിയൽസ് റിസർച് ലബോറട്ടറി, സ്വകാര്യ കമ്പനികളായ ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റാ പവർ എന്നിവ ചേർന്നാണു പിനാക റോക്കറ്റ് വികസിപ്പിച്ചത്.
കഞ്ചിക്കോട് ബെമ്ലിനും അഭിമാനിക്കാം.
പിനാക ഇആർ പരീക്ഷണ വിജയത്തിൽ പാലക്കാട് കഞ്ചിക്കോട്ടെ ബെമ്ൽ യൂണിറ്റിനും അഭിമാനം. പരീക്ഷണത്തിനു വേണ്ട 6 ട്രക്കുകൾ ഇവിടെയാണു നിർമ്മിച്ചത്. ഇവ ടാറ്റാ പവർ, എൽ ആൻഡ് ടി എന്നിവയ്ക്കു കൈമാറി. റോക്കറ്റ് വിക്ഷേപിക്കാനാവശ്യമായ മാറ്റങ്ങൾ അവരാണു വരുത്തുന്നത്.
'പിനാക' ഇനി ഉൽപാദനഘട്ടത്തിലേക്കു കടക്കുന്നതിനാൽ 3 വർഷം കൊണ്ട് 330 ട്രക്കുകൾ നിർമ്മിക്കാൻ 842 കോടി രൂപയുടെ കരാറും കഞ്ചിക്കോട് യൂണിറ്റിനു ലഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ബെമ്ലിനു സമീപകാലത്തു ലഭിക്കുന്ന വൻകരാറുകളിൽ ഒന്നാണിത്.
പിനാക്ക റോക്കറ്റ് ലോഞ്ചേഴ്സിനായി പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ കമ്പനികളും ഒപ്പുവെച്ചു. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 2,580 കോടി രൂപയുടെ കരാറാണ് ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ), ടാറ്റാ പവർ കമ്പനി ലിമിറ്റഡ് (ടി.പി.സി.എൽ), ലാർസൻ ആൻഡ് ടർബോ (എൽ ആൻഡ് ടി) എന്നീ കമ്പനികളുമായി ഒപ്പുവെച്ചിരുന്നത്.
ആറ് പിനാക്ക മിസൈൽ റെജിമെന്റുകൾക്ക് വേണ്ടിയുള്ള ഓട്ടോമേറ്റഡ് ഗൺ എയിമിങ് പോസിഷനിങ് സിസ്റ്റമുള്ള 114 റോക്കറ്റ് ലോഞ്ചറുകൾ ടാറ്റാ പവർ കമ്പനി ലിമിറ്റഡും 45 കമാൻഡ് പോസ്റ്റുകൾ എൽ ആൻഡ് ടിയും നിർമ്മിച്ചു നൽകും. 330 പ്രതിരോധ വാഹനങ്ങൾ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് ആണ് ലഭ്യമാക്കുക.
വടക്കൻ, കിഴക്കൻ അതിർത്തികളിൽ 2024ഓടെ പ്രതിരോധ സാമഗ്രികൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. പ്രതിരോധ ഗവേഷണ വിഭാഗമായ ഡി.ആർ.ഡി.ഒ തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം (എം.എൽ.ആർ.എസ്).
മറുനാടന് ഡെസ്ക്