- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ നേതാക്കളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; പൊതുയോഗങ്ങളിലെ പ്രതികരണങ്ങൾ വിമർശനങ്ങൾ എണ്ണിയെണ്ണപ്പറഞ്ഞ്; ഒടുവിൽ വിമർശനത്തിന്റെ ചൂടറിഞ്ഞത് പ്രിയങ്കഗാന്ധി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് പ്രിയങ്കാ ഗാന്ധിക്ക് പിണറായിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണത്തിന്റെയും പൊതുയോഗങ്ങളുടെയും അവസാനലാപ്പിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ.ഇതോടെ മുന്നണികൾ തമ്മിലുള്ള വാക്പ്പോരും തീപാറുകയാണ്.സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്സ്, ബിജെപി മുന്നണികൾ ദേശീയ നേതാക്കളെ ഇറക്കി ആഞ്ഞടിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ മറുപടി മുഖ്യമന്ത്രി പിണറായി വിജയിനിലൂടെയാണ്. കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കളെ ശക്തമായ ഭാഷയിൽ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.ബിജെപിയുടെ പ്രചരണങ്ങൾക്കായി എത്തിയ യോഗി ആദിത്യനാഥ് മുതൽ ഒടുവിൽ പ്രിയങ്ക ഗാന്ധിവരെയാണ് പിണറായി വിജയന്റെ വിമർശനത്തിന്റെ ചൂടറിഞ്ഞത്.
സംസ്ഥാന സർക്കാരനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന മുന്നണികൾക്കെതിരെ വിമർശനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മറുപടി.സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന സമുന്നത നേതാക്കൾ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ്. ബോഫേഴ്സ്, ടുജി സ്പെക്ട്രം അഴിമതികൾ നടത്തിയ നേതാക്കളാണ് കേരളത്തിൽ വന്ന് സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന്ത്. സിഖ് കലാപം നടത്തിയ കോൺഗ്രസും ഗുജറാത്തിൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയ സംഘ്പരിവാറും എൽഡിഎഫ് സർക്കാർ അക്രമം അഴിച്ചുവിടുകയാണെന്ന വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോൾ വികസനവും വിവാദ വ്യവസായവും തമ്മിലുള്ള മത്സരം ഉയർന്നുവരിയാണ്. എൽഡിഎഫിനെതിരെ വികസന വിരോധികൾ എല്ലാം കൂടി സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ പുരോഗതിയെയും വികസനത്തെയും കുറിച്ച് ചർച്ച ചെയ്യാൻ ഇവർ തയ്യാറാവാത്തത്. ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങളുണ്ടാക്കാനാണ് ഇവർ നോക്കുന്നത്. മാത്രമല്ല, ഒരുപാട് വ്യാജ കഥകൾ നാടിനെത്തന്നെ അപകീർത്തിപ്പെടുത്തുമാറ് രാജ്യത്തും ലോകത്തും പ്രചരിപ്പിക്കാൻ പറ്റുമോ എന്നും നോക്കുകയാണ്', പിണറായി വിജയൻ പറഞ്ഞു.
'രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇത് സർവ്വെയിലൂടെ കണ്ടെത്തിയത്. ട്രാൻസ്പരസി ഇന്റർനാഷണലാണ് ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം തന്നെ മറ്റൊരു കണ്ടെത്തൽക്കൂടി അവർ നടത്തിയിട്ടുണ്ട്. അത് രാജ്യത്ത് കൈക്കൂലിയും അഴിമതിയും ഏറ്റവും കൂടുതലുള്ള സംസ്ഥാനം രാജസ്ഥാനാണ് എന്നായിരുന്നു. രാജസ്ഥാൻ ഭരിക്കുന്നത് കോൺഗ്രസാണ്. കേരളത്തിൽ എൽഡിഎഫ് ഭരണവുമാണ്. ഇതാണ് വ്യത്യാസം. വികസനത്തിൽ ബഹുകാതം കേരളം മുന്നോട്ടുപോയി. അഴിമതി തടയുന്നതിൽ രാജ്യത്തുതന്നെ മുന്നിട്ടുനിൽക്കുന്നു'.
'അങ്ങനെയുള്ള കേരളത്തിൽ വന്ന് അഴിമതിയെക്കുറിച്ച് പറയാൻ ചില സമുന്നതർ വരെ തയ്യാറായത് കണ്ടു. ബോഫോഴ്സ് മുതൽ ടു ജി സ്പെക്ട്രം വരെ നടത്തിയവരാണ് കേരളത്തിൽ വന്ന് അഴിമതിയുണ്ടെന്ന് ആക്ഷേപിക്കുന്നത്. പാമോയിൽ മുതൽ ടൈറ്റാനിയം വരെയുള്ള അഴിമതി കേസുകളിൽപെട്ടവരുടെ നേതാവാണ് കേരളത്തിലെ അഴിമതിയുടെ പേരിൽ ആക്ഷേപിക്കാൻ തയ്യാറാവുന്നത്. അതിന് വേണ്ടി കിഫ്ബി പൂട്ടിക്കും എന്നുവരെ ഭീഷണി ഉയർത്തുകയാണ്.
ലൈഫ് പദ്ധതി അവസാനിപ്പിക്കും, ലൈഫ് മിഷൻ പിരിച്ചുവിടും എന്നൊക്കെ പരസ്യമായി പ്രഖ്യാപിച്ചത് യുഡിഎഫ് കൺവീനറായിരുന്നു. യുഡിഎഫിന്റെ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും ഇറക്കിവിടുകയാണ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് കേരളത്തിലെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഒന്നിനുപുറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. ഏറ്റവുമൊടുവിൽ ആദായ നികുതി വകുപ്പിനെയാണ് ഇറക്കിയത്', അദ്ദേഹം ചൂണ്ടിക്കാട്ടി.
'കിഫ്ബിയെ തകർത്തിട്ട് എന്താണ് ഇക്കൂട്ടർ നേടാൻ ഉദ്യേശിക്കുന്നത്? നമ്മുടെ നാട്ടിലെ സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനമൊന്നും വേണ്ട എന്നാണോ? അവർ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്ന പാലാരിവട്ടം പാലം പോലെ പൊളിഞ്ഞുപോയ കാര്യങ്ങൾ നാടിന്റെ ശ്രദ്ധയിലുണ്ട്. ഈ ജനവിധി വികസന വിരോധികൾക്കുള്ള മറുപടിയായിരിക്കും. എൽഡിഎഫിനെ നേരിടുന്നത് യുഡിഎഫും ബിജെപിയും ഒന്നിച്ചാണ്. അവർ തമ്മിലുള്ള ഐക്യം ഇപ്പോൾ തുടങ്ങിയതല്ല. പലകാര്യങ്ങളിലും വ്യത്യാസമില്ലാതെയാണ് അവർ നിൽക്കുന്നത്. ചരിത്രം നോക്കിയാൽ അത് കാണാൻ കഴിയും'. അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് രണ്ട് വംശഹത്യകളാണ് നടന്നത്. ഒന്ന് 1984ൽ സിഖുകാരെ കൂട്ടക്കൊല ചെയ്തത്. അത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. 2002ൽ ഗുജറാത്തിൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘ്പരിവാറിന്റെ നേതൃത്വത്തിലായിരുന്നു. രണ്ടും വംശഹത്യകളായിട്ടാണ് രാജ്യം കണക്കാക്കുന്നത്. ഇത്തരം പാരമ്പര്യത്തിൽനിന്ന് ഇപ്പോഴും ഇവർ മുക്തരായിട്ടില്ല. അങ്ങനെയുള്ളവർ കേരളത്തിൽ വന്ന് അക്രമത്തെക്കുറിച്ച് പറയുകയാണ്. അപ്പോൾ എന്താണ് ആളുകൾ മനസിലാക്കേണ്ടതെന്നും പിണറായി ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നുനാലു മാസം കൊണ്ട് ആറ് കമ്മ്യൂണിസ്റ്റുകാരെ കൊന്നുതള്ളി. ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പുറപ്പെടുന്നതിന് മുമ്പ്, സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ്.
കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണങ്ങളിലെ പ്രവണത വ്യക്തിപരമായ ആക്രമങ്ങളുടേതാണ്. എൽഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി ആക്രമിക്കുകയാണ്. അത് മറ്റൊരു തന്ത്രമാണ്. ഇതന് അഖിലേന്ത്യാ നേതാക്കളെപ്പോലും ഉപയോഗിക്കാനാണ് കോൺഗ്രസ് തയ്യാറാവുന്നത്. കേരളത്തെക്കുറിച്ചോ ഇവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചോ ഒന്നും അറിയാത്തവർ ഇവിടെ പറന്നിങ്ങി സംസ്ഥാന നേതാക്കൾ ചൊല്ലുന്നത് ഏറ്റുപാടുകയാണ്. അവർക്ക് ഇവിടെ നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയുന്നില്ല. യൂദാസിന്റെയും യേശുവിന്റെയും പേരുപറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകർഷിക്കാൻ പറ്റുമോ എന്ന് വ്യാമോഹിക്കുന്നുമുണ്ട്. ഇതേ ആളുകൾ തന്നെയാണ് ഇന്ത്യയിലെ മറ്റിടങ്ങളിൽ പ്രാർത്ഥിക്കാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യം നൽകാത്തവണ്ണം ക്രൈസ്തവരെ ഉപദ്രവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.