കണ്ണൂർ: വഖഫ് ബോർഡിൽ ഇപ്പോൾ പി.എസ്.സി നിയമനം സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഎം കണ്ണുർ ജില്ലാ സമ്മേളനം പഴയങ്ങാടി എരിപുരത്ത് മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ എല്ലാ സംഘടനകളുമായി ആലോചിച്ചു മാത്രമേ സർക്കാർ തീരുമാനമെടുക്കുകയുള്ളു. മത സംഘടനകളുമായി ചർച്ച നടത്തിയപ്പോഴും ഈക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്. മുസ്ലിം മത വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനാരും നൽകിയിട്ടില്ല.

സർക്കാരിനോട് വഖഫ് ബോർഡാണ് നിയമനം പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെട്ടത് അതിന് സർക്കാരെന്തിന് എതിരു നിൽക്കണം? ഈ കാര്യം നിയമസഭയിൽ ബില്ലായി അവതരിക്കപ്പെട്ടപ്പോൾ ചർച്ച നടന്നു നിലവിൽ അവിടെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കണമെന്നു മാത്രമാണ് മുസ്ലിം ലീഗ് എംഎ‍ൽഎമാർ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടത്. എല്ലാ ജനാധിപത്യ ചർച്ചകളും നടത്തിയതിനു ശേഷമാണ് വഖഫ് ബോർഡിലെ നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചത്. വികാരപരമായി ആളുകളെ ഇളക്കിവിടാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. നിങ്ങൾ ആരാണെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. മലപ്പുറം ജില്ലയിൽ ലീഗ് അടങ്ങുന്ന യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വോട്ടിന്റെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമേയുള്ളു.

മലപ്പുറം ജില്ലയിൽ നിങ്ങൾ താഴോട്ടാണോയെന്നു മുസ്ലിം ലീഗ് തന്നെ പരിശോധിക്കണം. കഴിഞ്ഞ സർക്കാരിനെ എതിർത്തതുപോലെ ഇപ്പോഴും യു.ഡി.എഫ്, ബിജെപി, ജമാത്തെ ഇസ്ലാമി എന്നിവരടങ്ങുന്ന വർഗീയ സംഖ്യം പല പദ്ധതികളെയും എതിർക്കുകയാണ്. വർഗീയ വികാരം ആളുകളുടെ മനസ്സിൽ പ്രത്യേക രീതിയിൽ കുത്തിവയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. സത്വരാഷ്ട്രീയത്തിന്റെ ചിന്തകൾ വരെ ആളുകളുടെ മനസിലുണ്ടാക്കുന്നു സർക്കാർ ഏന്തെങ്കിലും പദ്ധതി നടപ്പിലാക്കുമ്പോൾ ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത് ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെയെപ്പോഴാണ് നടപ്പിലാക്കാനാവുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബംഗാൾ, ത്രിപുര എന്നിവടങ്ങളിൽ ലഭിച്ച തുടർ ഭരണത്തിന്റെ അനുഭവങ്ങൾ കണക്കിലെടുത്തു ജാഗ്രതയോടെ വേണം നീങ്ങാൻ ജനങ്ങളുടെ വിശ്വാസം നേടികൊണ്ടു നീതിക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരായി എൽ.ഡി.എഫ് സർക്കാരിനെ മാറ്റും. കോർപറേറ്റു നയങ്ങൾക്കെതിരെയുള്ള ബദൽ നയങളാണ് കേരളത്തിൽ നടപ്പിലാക്കുന്നത് ബിജെപി രാജ്യത്തെ ഭരണഘടനാ മുല്യങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത ഭരണഘടനാ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

കോർപറേറ്റുകൾക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നത്. പെട്രോൾ, ഡീസൽ വില വർധനവ് നൂറിനു മുകളിൽ വർധി പിച്ചത് ഇതിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുകയാണ് കർഷക സമരം ഇത്തരം നിലപാടുകൾക്കെതിരെയുള്ള വിജയമാണ് കർഷക സമരത്തിന് മുൻപിൽ ബിജെപി സർക്കാരിന് മുട്ടുമടയ്‌കേണ്ടി വന്നു. രാജ്യത്തെ തൊഴിലാളികളും കർഷകർക്കു പിന്നാലെ സമരത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ പിൻതുണയ്ക്കുകയാണ് കോൺഗ്രസ്. ബിജെപിക്ക് ബദലായി കോൺഗ്രസിനെ ജനങ്ങൾ അംഗീകരിക്കുന്നില്ല അതുകൊണ്ടാണ് തമിഴ് നാട്ടിൽ ഡി.എം.കെ കൂടുതൽ സീറ്റ് കോൺഗ്രസിന് നൽകാതിരുന്നത്. കോൺഗ്രസിന് ബദലായി പ്രാദേശിക പാർട്ടികളെയും കൂട്ടിയിണക്കി ഇടതുപക്ഷം മുൻപോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.