പിണറായി വിജയനെ പി ടി തോമസിന് മനസിലായിട്ടില്ല; പൂരപ്പാട്ടിനുള്ള വേദിയല്ല സഭ; ലാവലിൻ കേസിൽ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ, ഒടുവിൽ കോടതി അത് വലിച്ചെറിഞ്ഞു; മകളെ ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല; റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഇറങ്ങി ഓടിയത് ആരാണ്? പി ടി തോമസിന് അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വേളയിൽ തന്നെ കടന്നാക്രമിച്ച പി ടി തോമസ് എംഎൽക്ക് അതേ നാണയത്തിൽ അക്കമിട്ട മറുപടി നൽകി മുഖ്യമന്ത്രി പിണറായി. രൂക്ഷമായ ഭാഷയിൽ പൊട്ടിത്തെറിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിണറായി വിജയനെ പി.ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രിയുടെ ആരോപണം.
എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്‌ലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്റെ കൈകൾ ശുദ്ധമായതുകൊണ്ടാണ് അത് പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ് മിഷൻ സിഇഒ യു.വി ജോസ് ഏത് കേസിലാണ് പ്രതി. സി.എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കർ കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയുമായത് ആരുടെ ഭരണകാലത്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന് ഐ.എ.എസ് ലഭിക്കുന്നത് ആന്റണിയുടെ ഭരണകാലത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി. വ്യക്തിപരമായി പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. തന്റെ മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ ഒരു മുറിയിൽ വച്ചാണ്. അവിടെ സ്വപ്‌ന വന്നിരുന്നില്ല. മകളെ ഒരു അന്വേഷണ ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല.
എല്ലാവരുടെയും നേരെ വല വീശിയില്ലേ. ഒരു പരൽമീനവിനെ പോലും കിട്ടിയിട്ടില്ല. അതുകൊണ്ട് ഞങ്ങൾക്ക് ഞെളിഞ്ഞിരിക്കാൻ അവകാശമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പി ടി തോമസ് എംഎൽഎയും പിണറായി കടന്നാക്രമിച്ചു. റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടത് ആരാണ്? ഓടിയ ആൾ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ എംഎൽഎ പി ടി തോമസ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം ഉന്നയിച്ചാണ് പി ടി തോമസ് രംഗത്തെത്തിയത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിവാദപരമായ കേസ് വരുന്നതെന്ന് നോട്ടീസിൽ പ്രതിപക്ഷം പറയുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ ഗുരുതര സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കർ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്ലിൻ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിനിൽ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകൾ ചോർത്തി നൽകിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും പി.ടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്ന അവിടെ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാൽ മതി. മുഖ്യമന്ത്രി പറയുന്നത് തങ്ങൾ വിശ്വസിച്ചുകൊള്ളാം. ഇ.എം.എസാണ് ആദ്യ മുഖ്യമന്ത്രിയെങ്കിൽ ജയിലിൽ കിടന്ന ആദ്യ മുഖ്യമന്ത്രി എന്ന വിശേഷണമാകും പിണറായിക്ക് ഉണ്ടാകുക എന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയതാരെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരിൽ നിന്ന് കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടിയിട്ടുണ്ടോ എന്നും പി.ടി. തോമസ് ചോദിച്ചു. ധൃതരാഷ്ട്രരെപ്പോലെ പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നുകൂടി അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ