- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വ്യാഖ്യാനിക്കപ്പെട്ടത് പിണറായിയുടെ കഴിവുകേടായി; മണ്ടൻ തീരുമാനമെന്ന് തുറന്നടിച്ച ഐസക്കിനെതിരെ സിപിഎമ്മിൽ പടയൊരുക്കം; റെയ്ഡിനെ ന്യായീകരിച്ചു മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ ഐസക്കിനെതിരെ പരസ്യ പ്രസ്താവനയുമായി മന്ത്രി ജി സുധാകരനും; കേന്ദ്ര നേതൃത്വവും പിണറായിക്കൊപ്പം; ഐസക്കിനെ ഒതുക്കാൻ പിണറായി
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ തുടർന്ന് സിപിഎമ്മിനുള്ളിൽ ചേരിപ്പോര് ശക്തമാകുന്നു. ധനമന്ത്രി തോമസ് ഐസക്ക് റെയ്ഡിനെ പരസ്യമായി എതിർത്തു കൊണ്ട് രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പിണറായിക്കെതിരെ ഐസക്ക് കരുനീക്കം നടത്തുന്നു എന്ന ചിന്ത പിണറായിയുടെ അടുപ്പക്കാരിൽ ശക്തമായിട്ടുണ്ട്. ഇതോടെ ഐസക്കിനെ ഒതുക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മിനുള്ളിൽ നടക്കുന്നത്.
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ മണ്ടൻ തീരുമാനം എന്നായിരുന്നു ഐസക്ക് വിമർശിച്ചത്. ഈ വിമർശനമാകട്ടെ പിണറായിക്ക് വലിയ ക്ഷീണമാകുകയും ചെയ്തു. രമൺ ശ്രീവാസ്തവയാണ് ഇതിന് പിന്നിലെന്ന പൊതുവികാരം ഉയരുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലുമായി. ഈ ഘട്ടത്തിലാണ് പിണറായി തന്റെ അടുപ്പക്കാരായ നേതാക്കളെ കളത്തിൽ ഇറക്കി ഐസക്കിനെ ഒതുക്കുന്നത്.
ആലപ്പുഴയിൽ ഐസക്കിന്റെ ശത്രുപക്ഷത്തുള്ള ജി സുധാകരനെ തന്നെയാണ് പിണറായി ഇതിനായി കളത്തിൽ ഇറക്കിയത്. വിജിലൻസിന് ദുഷ്ലാക്കില്ല. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പലതും മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും ജി സുധാകരൻ തുറന്നടിച്ചു. വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാൽ മതി. തന്റെ വകുപ്പിൽ പരിശോധന നടന്നപ്പോൾ താൻ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലൻസ് നന്നായി പ്രവർത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലൻസ് അന്വേഷണം താൻ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലൻസ് അന്വേഷിച്ചാലേ ശരിയാകൂവെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്ര ഏജൻസി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വച്ച് വിജിലൻസിനെ പിരിച്ചു വിടണോ. വിജിലൻസ് നന്നായി പ്രവർത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവർ അന്വേഷിച്ചോട്ടെ എന്തു വേണമെങ്കിലും പക്ഷെ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.കെ എസ് എഫ് ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോൾ എന്തു കൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലൻസും എല്ലാം വേണം. എങ്കിൽ മാത്രമേ കാര്യങ്ങൾ നന്നായി നടക്കൂ. തന്റെ വകുപ്പിൽ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കുന്നത്. അവർ തെറ്റായി പ്രവർത്തിക്കാതെ നോക്കിയാൽ മതി. അല്ലാതെ അവരുടെ പ്രവർത്തനം തടയാൻ പറ്റുമോ.
വിജിലൻസ് റെയ്ഡ് കൊണ്ട് കെ എസ് എഫ് ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.ഊരാളുങ്കൽ സൊസൈറ്റിയിൽ നടന്ന പരിശോധനയിൽ ഒരു കാര്യവുമില്ല. അത് തനിക്ക് പറയാൻ പറ്റും. എൻഫോഴ്സ്മെന്റ് പോയി നോക്കിയെന്നേ ഉള്ളൂ,അവിടെയൊന്നുമില്ല. ഊരാളുങ്കലിന് ഏറ്റവും കൂടുതൽ നിർമ്മാണം കൊടുത്തത് യു ഡി എഫ് സർക്കാരാണ്. മലപ്പുറത്തെ ആറ് മണ്ഡലങ്ങൾക്കായി എഴുന്നൂറ് കോടി രൂപയാണ് കൊടുത്തത്.ആറാട്ടുപുഴ തെക്കേക്കര മുതൽ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് തന്റെ കാലത്താണ്.
ഫെബ്രുവരിയിൽ ആ പദ്ധതി ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് കമ്പനികൾക്ക് ഇത്തരം രാഷ്ട്രീയമൊന്നുമില്ല. അവർക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവർ ആർക്കും കൊടുക്കില്ല. മണ്ഡലത്തിലെ പദ്ധതികളെല്ലാം അവർ ഏറ്റെടുത്താൽ മതിയെന്നാണ് എല്ലാ എം എൽ എമാരും പറയുന്നത്. കേരളത്തിൽ ഇത്തരം നിർമ്മാണ കമ്പനികൾ കുറവാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം കെ എസ് എഫ് ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ തള്ളി സി പി എം കേന്ദ്ര നേതൃത്വവും രംഗത്തെത്തി. പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.തിരഞ്ഞെടുപ്പ് അടുത്തതിനാൽ നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. വിജിലൻസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്ത് ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.
സി പി എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള നേതാക്കൾ വിജിലൻസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.വട്ടാണെന്നുള്ള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നുള്ള ആനത്തലവട്ടത്തിന്റെ വാക്കുകളുമാണ് വിഷയം കൂടുതൽ വിവാദത്തിലാക്കിയതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. കെ എസ് എഫ് ഇ റെയ്ഡിൽ ഇനിയൊരു പരസ്യ ചർച്ച വേണ്ടെന്നാണ് പാർട്ടിയിലും മുന്നണിയിലുമുള്ള ധാരണ.
അതിനിടെ ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങുകയാണ് കെ.എസ്.എഫ്.ഇ. കഴിഞ്ഞ രണ്ട് വർഷത്തെ വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കും. വിജിലൻസ് പരിശോധന നടത്തിയ 36 യൂണിറ്റുകളിൽ കഴിഞ്ഞദിവസം കെ.എസ്.എഫ്.ഇ ആഭ്യന്തര ഓഡിറ്റ് നടത്തിയിരുന്നു. യൂണിറ്റുകളിലെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. തുടർന്നാണ് ശേഷിക്കുന്ന 577 ശാഖകകളിലും ഇന്നുമുതൽ ആഭ്യന്തര ഓഡിറ്റിങ് ആരംഭിക്കാൻ കെ.എസ്.എഫ്.ഇ തീരുമാനിച്ചിരിക്കുന്നത്.
വിജിലൻസ് വിഭാഗം ചൂണ്ടിക്കാട്ടിയ പൊള്ളച്ചിട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനും നിർദ്ദേശമുണ്ട്. ചിട്ടി സെക്യൂരിറ്റി ട്രഷറിയിൽ നിക്ഷേപിക്കുന്നില്ലെന്ന ആക്ഷേപവും വിജിലൻസ് ഉയർത്തിയിരുന്നു. സെക്യൂരിറ്റിയുടെ മൂല്യനിർണയം സംബന്ധിച്ചുള്ള അപാകതകൾ പരിഹരിക്കുന്നതിന് മാനോജർമാരുടെ ഒരു സമിതി രൂപീകരിക്കാനും കെ.എസ്.എഫ്.ഇ തീരുമാനിച്ചിച്ചിട്ടുണ്ട്.
ക്രമക്കേടെന്ന് പേരിൽ അനൗദ്യോഗികമായി വിജിലൻസ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്തുത ഉറപ്പിക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താൻ ഒരുങ്ങുന്നത്. കെ.എസ്.എഫ്.ഇ മാനേജ്മെന്റിനെ അറിയിക്കാതെ നടത്തിയ റെയ്ഡിൽ ഒറിജിനൽ രേഖകൾ ഒന്നും വിജിലൻസ് പിടിച്ചെടുത്തിട്ടില്ല. എന്നാൽ വിവിധ ശാഖകളിൽ നിനായി ചിട്ടി രജിസ്റ്റർ, തലവരിയോല, മിനിട്ട്സ് എന്നിവയുടെ പകർപ്പ് ശേഖരിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒരു വിശദീകരണവും വിജിലൻസ് കെ.എസ്.എഫ്.ഇ മാനേജ്മെന്റിനോട് ചോദിച്ചിട്ടില്ല. ക്രമക്കേടുണ്ടെന്ന് പറയുന്നവയെ വസ്തുത നിരത്തി നേരിടുകയാണ് ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ