- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; ഈമാസം 15 മുതൽ 29 വരെ മയോ ക്ലിനിക്കിൽ ചികിത്സ; എല്ലാ ചെലവും സർക്കാർ വഹിക്കാൻ ഉത്തരവിറക്കി; അമേരിക്കൻ യാത്രയിൽ ഒപ്പം ഭാര്യ കമലയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നു. ഈ മാസം 15 മുതൽ 29 വരെ അമേരിക്കയിലെ റോംചെസ്റ്ററിലെ മയോ ക്ലിനിക്കിൽ ആണ് പിണറായി ചികിൽസ തേടുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി എം.സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കും. ചികിൽസയും യാത്രയും ആയി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയാണ് ഉത്തരവ് പുറത്തിറക്കിയത്.
യാത്രക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറി അയച്ചിട്ടുണ്ട്. നേരത്തെ ഒരാഴ്ച്ച മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഖ്യമന്ത്രി. ഏതാനും ദിവസങ്ങളായി അദ്ദേഹം അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് തന്നെ രാഷ്ട്രപതി കേരളത്തിൽ എത്തിയപ്പോൾ ചില ചടങ്ങുകളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ നാളായി സ്ഥിരം ചികിൽസിക്കുന്നത് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ്. എല്ലാ വർഷവും ചികിൽസയുടെ ഭാഗമായുള്ള പതിവ് പരിശോധനകൾക്ക് മുഖ്യമന്ത്രി ചെന്നൈയിൽ എത്താറുണ്ട്. അത്തരത്തിലെ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം ചെന്നൈയിൽ പോയിരുന്നത്. അവിടെ നിന്നുള്ള തുടർ നിർദ്ദേശപ്രകാരമാമണ് വീണ്ടും അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സക്ക് പോകുന്നത് എന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ പകരം ഓഫീസ് ചുമതല ആർക്കു നൽകും എന്ന കാര്യത്തിൽ വ്യക്തതയില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ തുടങ്ങിയവരാണ് മന്ത്രിസഭയിലെ മുതിർന്നവർ. ഇവർക്ക് ചുമതല നൽകാൻ തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ