- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസന്റെ ആത്മമിത്രത്തെ മിത്രമാക്കാതെ മുഖ്യമന്ത്രി! മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഐ ജി ലക്ഷ്മണയെ തിരിച്ചയച്ചു; ഓൺലൈനിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു; പൊലീസുകാർ ഹണിട്രാപ്പിൽ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയ ഐ. ജി ലക്ഷ്മണയെ തിരിച്ചയച്ചു. പൊലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിനായി ഐ.ജി സ്ഥലത്തെത്തിയെങ്കിലും ഓൺലൈനായി പങ്കെടുത്താൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു എന്നാൽ ഡി.ജി.പിക്ക് ഒപ്പം എ.ഡി.ജി.പിമാർ മാത്രം പങ്കെടുത്താൽ മതിയെന്ന ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം ഐ.ജിയെ തിരിച്ചയക്കുകയാിയരുന്നു.
എന്നാൽ ഇന്റലിജൻസ് എ.ഡി.ജി.പി വിനോദ് കുമാർ യോഗത്തിലെത്താത്തതിനെ തുടർന്ന് ഒഴിഞ്ഞുകിടന്ന സീറ്റിൽ ഐ.ജി ലക്ഷ്മണയ്ക്ക് പകരം പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജിയായ ശ്യാം സുന്ദറിന് സീറ്റു നൽകുകയും ചെയ്തു .മോൻസനുമായുള്ള അടുപ്പത്തിന്റെ പേരിൽ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ.മോൺസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും മോൺസന്റെ വീട് സന്ദർശിച്ചതും വൻ വിവാദമായിരുന്നു. പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തിൽ നേരത്തെ ഐ. ജി ലക്ഷ്മണയ്ക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അതേസമയം പൊലീസുകാർ ഹണിട്രാപ്പിൽ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്, ഇനി പങ്കെടുത്താൽ തന്നെ യൂണിഫോമിലാവരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ലോക്ഡൗൺ സമയത്ത് പൊലീസിനെതിരെ ഉയർന്ന പരാതികൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ യുവതിയുമായുണ്ടായ വാക്കുതർക്കം, മീൻ വിൽപനക്കാരിയുടെ കൊട്ട തട്ടിത്തെറിപ്പിച്ച സംഭവം തുടങ്ങിയ സംഭവങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കർശന നടപടി സ്വീകരിക്കണം. ഇത്തരം കേസുകളിൽ ഡി.ഐ.ജിമാർ മേൽനോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ