ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിൽ ബിജെപി. പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയതിനു പിന്നാലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നിക്കെതിരെ കടുത്ത വിമർശനമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉന്നയിച്ചത്. ഫോൺ കോളുകൾക്കു മറുപടി നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും നഡ്ഡ ആരോപിച്ചു. ട്വിറ്ററിൽ കോൺഗ്രസ് സർക്കാരിനെതിരെ നഡ്ഡ വിമർശനം ഉന്നയിച്ചു.

സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെതിരേ പ്രയോഗിക്കാനുള്ള നല്ലൊരു ആയുധമായി സംഭവത്തെ ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

സംസ്ഥാന സർക്കാർ വേണ്ട സുരക്ഷയൊരുക്കിയില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സുരക്ഷാ വീഴ്ചയില്ലെന്നും പരിപാടി റദ്ദാക്കി മടങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നെന്നാണ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ പ്രതികരണം.

ഫിറോസ്പുരിലെ പൊതുപരിപാടി റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയതോടെയാണ് സംഭവം വലിയ വാർത്താപ്രാധാന്യം നേടിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകൾ അടക്കമുള്ള പരിപാടിക്കാണ് പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയത്. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെ പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങിയതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

സുരക്ഷാവീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ പഞ്ചാബിലെ പരിപാടികൾ റദ്ദുചെയ്തു. പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽവെച്ചുതന്നെ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരായ രോഷം പ്രകടിപ്പിച്ചു. 'ജീവനോടെ എനിക്ക് ബടിൻഡ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂ', എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോപിച്ചു. തുടർന്ന് ബിജെപിയും വിഷയം ഏറ്റെടുത്തു. പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ബിജെപി നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് സംസ്ഥാന സർക്കാർ കണ്ടതെന്നും ബിജെപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരായ കൊലപാതക ശ്രമമാണ് പഞ്ചാബിൽ പരാജയപ്പെട്ടതെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

കോൺഗ്രസുകാർക്ക് മോദിയെ ഇഷ്ടമല്ലെന്ന് ഞങ്ങൾക്ക് അറിയാം. പ്രധാനമന്ത്രിയെ ഇല്ലായ്മചെയ്യാനുള്ള നീക്കമാണ് പഞ്ചാബിൽ നടന്നത്. സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് അപകടകരമായ കാര്യങ്ങൾ സംഭവിച്ചതെന്നും സമൃതി ഇറാനി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി യാത്രചെയ്യുന്ന റൂട്ടിൽ എങ്ങനെയാണ് ഇത്രയും അധികം സമരക്കാർ എത്തുന്നത്. അതിന് അവർക്ക് എങ്ങനെ അനുവാദം ലഭിച്ചു. കൃത്യമായ ഗൂഢാലോചനയാണ് നടന്നതെന്നും കാര്യങ്ങൾ യാദൃശ്ചികമാണെന്ന് കരുതാൻ കഴിയില്ലെന്നും സമൃതി ഇറാനി പറഞ്ഞു. ആരാണ് ഇതിനെല്ലാം ഉത്തരവാദികളെന്ന് വ്യക്തമാക്കണം. പഞ്ചാബ് പൊലീസ് വെറും കാഴ്ചക്കാരായി അവിടെ നിൽക്കുകയായിരുന്നെന്നും ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് വെച്ച് സുരക്ഷാ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും രംഗത്തുവന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുച്ച് ചരൺജിത് സിങ് ഛന്നി രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് അമരീന്ദർ ആവശ്യപ്പെട്ടു. പാക് അതിർത്തിയിൽ നിന്ന് വെറും പത്ത് കിലോമീറ്റർ മാത്രം അകലെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല, അമരീന്ദർ ട്വീറ്റ് ചെയ്തു.

പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ജക്കാറും സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അദ്ദേത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നു എന്നത് അംഗീകരിക്കാൻ കഴിയില്ല. സുരക്ഷ ഒരുക്കേണ്ടത് ജനാധിപത്യത്തിന്റെ കൂടി ആവശ്യമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിൽ പഞ്ചാബ് കോൺഗ്രസിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനാണ് അദ്ദേഹം.

സുരക്ഷ വീഴ്ചയുണ്ടയതിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഖേദം പ്രകടിപ്പിച്ചു. എന്നാൽ സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും മടങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നുവെന്നും ചന്നി പ്രതികരിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് യാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം റോഡ് മാർഗം യാത്ര ചെയ്യുന്ന കാര്യവും റൂട്ട് മാറിയ കാര്യവും അറിയിച്ചിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

നഡ്ഡയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചതെന്ന് സുർജേവാല മറുപടി നൽകി. 'ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപി പ്രവർത്തകരുടെ ബസുകൾ പോകാൻ ഒരു റോഡ് നൽകി. ഹുസൈനിവാലയിലേക്കു റോഡ് മാർഗം പോകാൻ പ്രധാനമന്ത്രിയാണു തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ യഥാർഥ ഷെഡ്യൂളിൽ അതുണ്ടായിരുന്നില്ല' സുർജേവാല പ്രതികരിച്ചു.

ഇതിനിടെ, സുരക്ഷാ വീഴ്ചയുണ്ടായതിൽ സംസ്ഥാന സർക്കാർ നടപടിസ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫിറോസ്പുർ എസ്‌പി ഹർമൻഹാൻസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദർശിക്കാനാണ് പ്രധാനമന്ത്രി ഭട്ടിൻഡയിലെത്തിയത്. ഹെലികോപ്റ്ററിൽ സ്ഥലത്തേക്കു പോകാനായിരുന്നു പരിപാടി. എന്നാൽ മഴയെ തുടർന്ന് 20 മിനിറ്റോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതിരുന്നതോടെ റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഡിജിപി ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയെന്ന് അറിയിച്ചതിനു ശേഷമാണ് യാത്ര തിരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ പ്രതിഷേധക്കാർ റോഡ് തടഞ്ഞു. ഇവിടെയാണ് അദ്ദേഹത്തിനും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടിവന്നത്.

20 മിനിറ്റോളമാണ് ഹുസൈനിവാലെയിലേക്കുള്ള യാത്രയിൽ ഫ്ളൈ ഓവറിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വാഹനവ്യൂഹവും കുടുങ്ങിയത്. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.

യാത്ര റോഡ് മാർഗമാക്കുന്നതിന് മുൻപ് പഞ്ചാബ് പൊലീസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. അതിനിടെയാണ് പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് തടഞ്ഞത്. ഇതേത്തുടർന്ന് എൻ.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.