അടൂർ: കൊച്ചുവെളുപ്പാൻ കാലത്ത് കാമുകിയെ സന്ദർശിക്കാൻ ചെന്ന യുവാവിനെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് വേണ്ട രീതിയിൽ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുറേ നാളായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് മൊഴി. കാമുകനെ ബൈക്കിൽ കയറ്റി പെൺകുട്ടിയുടെ വീടിന് മുന്നിൽ കാത്തു നിന്ന കൂട്ടുകാരനെയും കൈയോടെ പൊക്കി. ഇരുവരും പക്കാ ക്രിമിനലുകളാണെന്ന് പൊലീസ്.

പറക്കോട് നിതിൻ ഭവനിൽ നിതിൻ രാജ് (21), സഹായി മണക്കാല തുവയൂർ വടക്ക് അജിൻ ഭവനിൽ അജിൻ(24) എന്നിവരാണ് അറസ്റ്റിലായത്. ആദ്യം ഭീഷണിപ്പെടുത്തിയും പിന്നീട് വിവാഹ വാഗ്ദാനം ചെയ്തും പതിനേഴുകാരിയെ പീഡിപ്പിച്ചു വരികയായിരുന്നു നിതിൻ. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ കടന്നത്. പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷമാണ് ഭീഷണിപ്പെടുത്തി ഇംഗിതത്തിന് വിധേയയാക്കിയത്.

അടൂരിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് പെൺകുട്ടിയുടെ വീട്. നിതിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തടഞ്ഞ് വച്ച് പൊലീസിൽ ഏല്പി ക്കുകയായിരുന്നു. നിതിനെ പെൺകുട്ടിയുടെ വീട്ടിൽ ബൈക്കിൽ കൊണ്ട് വിടുന്നതും തിരികെ വിളിച്ചു കൊണ്ടുവരുന്നതും സഹായി അജിനായിരുന്നെന്ന് പൊലിസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ യു. ബിജു, എസ്ഐ മാരായ ശ്രീജിത്ത്, അനൂപ്, ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.