മാഹി: മാഹി എംഎ‍ൽഎയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സ്ആപ്പിൽ തെറ്റിദ്ധരണ പരത്തുന്ന വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെ മുതലാണ് മാഹിയിലേയും പുതുച്ചേരിയിലേയും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് എംഎ‍ൽഎ അയക്കുന്ന തരത്തിൽ 75258 87258 എന്ന നമ്പറിൽനിന്ന് സന്ദേശം വരാൻ തുടങ്ങിയത്.

ആമസോൺ കമ്പനിയുടെ പേഗിഫ്റ്റ് കാർഡിന്റെ ലിങ്ക് കൂടി സന്ദേശത്തോടൊപ്പം ചേർത്തിട്ടുണ്ട്. ഓൺലൈൻ മുഖേന പണം അപഹരിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം. സന്ദേശത്തിൽ ദുരൂഹത തോന്നിയ ചിലർ മാഹി എംഎ‍ൽഎ രമേശ് പറമ്പത്തിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് മനസ്സിലായത്. ട്രൂ കോളറിൽ ഉത്തർപ്രദേശിൽ നിന്നുള്ള പ്രശാന്ത് ഗോണ്ട് എന്നയാളാണ് സിം കാർഡ് ഉടമയായി കാണിക്കുന്നത്.

പൊതുജനങ്ങളെ വഞ്ചിക്കാനും തെറ്റിദ്ധാരണ പരത്താനും വേണ്ടി തയാറായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎ‍ൽഎ മാഹി പൊലീസ് സുപ്രണ്ടിന് പരാതി നൽകി. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.